സ്വർണം വാങ്ങികൂട്ടുന്നതിൽ മാത്രമല്ല, സ്വര്ണക്കടത്തിലും കേരളം തന്നെ ഒന്നാമത്. രാജ്യത്തേക്ക് നികുതി വെട്ടിച്ച് സ്വർണം കടത്തുന്നതിൽ 2023 ലും കേരളം നമ്പർ വൺ എന്ന് കേന്ദ്ര ധനമന്ത്രാലയ റിപ്പോർട്ട്.

വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി രാജ്യത്തേക്ക് അനധികൃതമായി സ്വർണം കൊണ്ടുവരാനായി കള്ളക്കടത്തുകാർ ഏറ്റവുമധികം ഉപയോഗിക്കുന്നത് കേരളമാണെന്ന് റവന്യൂ ഇന്റലിജൻസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

2023 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം സ്വർണക്കടത്തിൽ കേരളത്തിനു തൊട്ടു പിന്നിൽ തമിഴ്‌നാടും മഹാരാഷ്ട്രയുമാണ്.ഇത് കസ്റ്റംസ്, ഡി ആർ ഐ അടക്കം ഏജൻസികൾ പിടിച്ചെടുത്ത സ്വർണത്തിന്റെ കണക്കാണ്. കേരളത്തിലേക്ക് കടത്തുന്ന ഇതിന്റെ എത്രയോ മടങ്ങു സ്വർണം പിടിക്കപെടാതെ പോകുന്നുണ്ട് എന്നതാണ് വസ്തുത.

2022 ൽ കേരളം സ്വർണക്കടത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു എന്ന് കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. ഭൂമിശാസ്ത്രപരമായ ഒരു ചെറിയ പ്രദേശത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും വലിയ വിദേശ പ്രവാസികളും ഉള്ള കേരളത്തിന് പതിറ്റാണ്ടുകളായി ‘സ്വർണ കടത്തുകാരുടെ പറുദീസ’ എന്ന വിളിപ്പേരുമുണ്ട്. 2022 ലെ കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷമായി രാജ്യത്തു രജിസ്റ്റർ ചെയ്ത സ്വർണ്ണക്കടത്ത് കേസുകളിൽ കേരളം മൂന്നാം സ്ഥാനത്തായിരുന്നു.

അന്ന് ഈ പട്ടികയിൽ തമിഴ്നാട് ഒന്നാം സ്ഥാനത്തും, മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുമായിരുന്നു. അവിടെ നിന്നുമാണ് ഒരൊറ്റ വര്ഷം കൊണ്ട് കേരളം ഒന്നാം സ്ഥലത്തേക്കെത്തിയത്. പ്രത്യേകിച്ച് കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഗൾഫ് നാടുകളിൽ നിന്നും വിമാന സർവീസുകൾ നിർത്തി വച്ചതോടെ കേരളത്തിൽ സ്വർണ കടത്തു കേസുകളിൽ നന്നേ കുറവുണ്ടായിരുന്നെങ്കിലും, പിനീട് വിമാന സർവീസുകൾ പുനരാരംഭിച്ചു യാത്രകൾ സാധാരണ ഗതിയിലായതോടെ സ്വർണ കടത്തും വര്ധിക്കുകയായിരുന്നു.

2012 മുതൽ 2022 ജൂൺ വരെ കസ്റ്റംസും, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) നടത്തിയ സ്വർണം പിടിച്ചെടുക്കലിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയത്തിൽ ലഭ്യമായ കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിൽ ഏറ്റവും ഉയർന്ന വാർഷിക ശരാശരിയായ 772 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മഹാരാഷ്ട്രയിൽ 705 കേസുകളുണ്ട്. ഈ കാലയളവിൽ കേരളത്തിന്റെ വാർഷിക ശരാശരി 295 കേസുകൾ മാത്രമായിരുന്നു.

എന്നാൽ ഈ വർഷം നവംബറിലെ കണക്കുകൾ പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ രാജ്യത്തെ സ്വർണം പിടിച്ചെടുക്കൽ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 3,083 കിലോഗ്രാമിലെത്തി. ഈ പട്ടികയിൽ ഒന്നാമതെത്തിയ കേരളത്തിൽ നാലുവർഷത്തിനിടെ 3173 കേസാണ് റിപ്പോർട്ട് ചെയ്തത്. 2291.51 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വർണക്കടത്തിൽ കേരളത്തിനു തൊട്ടു പിന്നിൽ തമിഴ്‌നാടും (2979 കേസ്‌) മഹാരാഷ്ട്രയുമാണെന്നും (2528 കേസ്‌) ധനമന്ത്രാലയം അറിയിച്ചു. സ്വർണം കൂടുതലെത്തുന്നത് ഗൾഫ് രാജ്യങ്ങളിൽനിന്നാണെന്നും അധികൃതർ പറയുന്നു.

ആഭ്യന്തര വിപണിയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനുമായി സ്വർണത്തിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയത് കേരളത്തിലാണ്.

ഇതോടെ ഗൾഫിൽ നിന്നുള്ള കടത്തു സ്വർണത്തിനു കേരളത്തിൽ ഡിമാൻഡ് ഏറിയതായാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. കേരളം പണ്ടും സ്വർണക്കടത്തിന്റെ ഇഷ്ടമേഖലകളിലൊന്നാണെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളാണ് ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ. കസ്റ്റംസ്, ഡി ആർ ഐ ഉദ്യോഗസ്ഥർ തങ്ങളുടെ ഇന്റലിജൻസും, പരിശോധനയും കര്ശനമാക്കിയതോടെയാണ് ഈയിടെ കൂടുതൽ കള്ളക്കടത്തുകാർ പിടിയിലാകുന്നത്.

സ്വർണ്ണാഭരണങ്ങൾക്ക് കേരളത്തെപ്പോലെ തന്നെ ശക്തമായ ആഭ്യന്തര വിപണി തമിഴ്‌നാടിനും മഹാരാഷ്ട്രയ്ക്കും ഉള്ളതിനാൽ ഈ കണക്കുകളിൽ കുറവ് വരാൻ സാധ്യതയില്ല.  

വിവിധ സംസ്ഥാനങ്ങൾ വഴി രാജ്യത്തേക്ക് കടത്തുന്ന സ്വർണവും തമിഴ്നാട് അതിർത്തി വഴി കേരളത്തിൽ എത്തുന്നതായും അധികൃതർക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എങ്കിലും മറ്റ് സംസ്ഥാനങ്ങളിലേക്ക് വൻതോതിൽ സ്വർണം കടത്തി റോഡ്, റെയിൽ മാർഗം കേരളത്തിലെത്തിക്കുന്നത് കൂടുതൽ റിസ്കുള്ള കാര്യമായതിനാൽ ഗൾഫിൽ നിന്നും വിമാനയാത്രക്കാർ വഴിയും, കപ്പൽ മുഖേനെയുള്ള കാർഗോ വഴിയും നേരിട്ട് കേരളത്തിൽ എത്തിക്കുന്നതാണ് കടത്തുകാരുടെ സുരക്ഷിത മാർഗം. കൂടാതെ, നിലവിലെ മാർക്കറ്റ് നിരക്ക് അനുസരിച്ച്, കള്ളക്കടത്ത് സംഘങ്ങൾക്ക് ഓരോ കിലോ സ്വർണത്തിനും ഏകദേശം 3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ ലാഭം ലഭിക്കും എന്നാണ് വിലയിരുത്തൽ.

ഗൾഫിൽ നിന്നും കേരളത്തിലേക്ക് സ്വർണം വാങ്ങി അയക്കുന്ന ഇടപാടുകാർ, ഇവർക്കൊപ്പം പ്രവർത്തിക്കുന്ന ഹവാല ഏജന്റുമാർ, കാരിയർമാർ, പിന്നെ നാട്ടിലെത്തുമ്പോൾ ആ സ്വർണം ഏറ്റുവാങ്ങി വൻകിട ജൂവല്ലറികൾക്കു വിൽക്കുന്ന ഇടനിലക്കാർ എന്നിങ്ങനെ വലിയൊരു ശ്രിംഖല തന്നെയുണ്ട് ഈ സ്വർണക്കടത്തിന് പിന്നിൽ.

രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസുകളും കള്ളക്കടത്ത് നടത്തിയ യഥാർത്ഥ അളവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് അധികൃതർക്കറിയാം   മൊത്തം സ്വർണ്ണ വിപണിയുടെ 5% ൽ താഴെ മാത്രമാണ് ഇങ്ങനെ പിടിച്ചെടുക്കുന്ന സ്വർണത്തിന്റെ അളവ്.  സ്വർണ്ണത്തിന്റെ നിയമപരമായ ഇറക്കുമതിയുടെയും യഥാർത്ഥ ആഭ്യന്തര വിൽപ്പനയുടെയും താരതമ്യ വിശകലനത്തിലൂടെ മാത്രമേ അനധികൃത കള്ളക്കടത്തിന്റെ വ്യാപ്തി അളക്കാൻ കഴിയൂ.

ദുബായിൽ സ്വർണം വാങ്ങുന്നത് തികച്ചും നിയമാനുസൃതമായ പ്രവർത്തനമാണ്. അങ്ങനെ വാങ്ങുന്ന സ്വർണം ഇന്ത്യയിലെത്തുമ്പോൾ, പ്രേത്യേകിച്ചു കേരളത്തിൽ നൽകേണ്ട ഉയർന്ന കസ്റ്റംസ് നികുതി ഒഴിവാക്കുവാൻ വേണ്ടിയാണു അനധികൃതമായി കൊണ്ട് വരുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version