കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അതിവേഗം യാഥാർഥ്യമാകുന്നതിനിടെ കേരളത്തിനുള്ള അംഗീകാരമായി ലോജിസ്റ്റിക്സ് മേഖലയിൽ കേരളം അതിവേഗം മുന്നേറുന്നു എന്ന കേന്ദ്ര റിപ്പോർട്ട്. ചരക്കുനീക്കത്തിലെ മികവ് പരിഗണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ലോജിസ്റ്റിക്‌സ് ഈസ് എക്രോസ് ഡിഫറന്റ് സ്റ്റേറ്റ്‌സ് LEADS-2023 റിപ്പോർട്ടിൽ അതിവേഗം മുന്നേറുന്ന തീരദേശ സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടിരിക്കുന്നു.

കയറ്റുമതി സുഗമമാക്കുന്നതിലും, ആഭ്യന്തര ചരക്കുനീക്കം തടസങ്ങളില്ലാതെ നടത്തുന്നതിലും, ലോജിസ്റ്റിക്സിനായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും കേരളം മുന്നേറിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം വിലയിരുത്തിയാണ് കേരളം റിപ്പോർട്ടിൽ മികച്ച റാങ്കിങ് നേടിയത്.

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (DPIIT) തയ്യാറാക്കിയ റിപ്പോർട്ടിൽ തീരദേശ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ‘അതിവേഗം മുന്നേറുന്നവയുടെ’ Fast Movers ശ്രേണിയിലാണ് കേരളം ഇടംപിടിച്ചത്. കഴിഞ്ഞവര്‍ഷവും കേരളം ഇതേ വിഭാഗത്തിലായിരുന്നു.

കയറ്റുമതി, ആഭ്യന്തര ചരക്കുനീക്കം എന്നിവ സുഗമമാക്കുക, ഉത്പാദന പ്രക്രിയ മുതല്‍ ഉത്പന്നം ഉപയോക്താവിന്റെ കൈയിലെത്തുംവരെയുള്ള നടപടിക്രമങ്ങള്‍ കുറ്റമറ്റതാക്കുക, മികച്ച അടിസ്ഥാന സൗകര്യങ്ങളും നയങ്ങളും ഒരുക്കുക തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് DPIITപട്ടിക തയ്യാറാക്കിയത്.
ലോകബാങ്കിന്റെ ലോജിസ്റ്റിക്‌സ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് (LPI) അടിസ്ഥാനമാക്കി നടത്തിയ സര്‍വേയിലൂടെയാണ് സംസ്ഥാനങ്ങളെ ഓരോ ശ്രേണികളായി തിരിച്ചത്.

ലീഡ്‌സ്-2023 പട്ടികയില്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഏറ്റവും മികവ് പുലര്‍ത്തുന്നവരുടെ അച്ചീവേഴ്‌സ്, അതിവേഗം മികവിലേക്ക് മുന്നേറുന്നവരുടെ ഫാസ്റ്റ് മൂവേഴ്‌സ്, വൈകാതെ മികവിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ആസ്പയറേഴ്‌സ് എന്നിവയാണവ.

90 ശതമാനത്തിന് മേല്‍ മികവ് പുലര്‍ത്തുന്നവരെ അച്ചീവേഴ്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 80-90 ശതമാനം മികവ് പുലര്‍ത്തിയവരാണ് ഫാസ്റ്റ് മൂവേഴ്‌സ് വിഭാഗത്തില്‍ ഇടംനേടിയത്. 80 ശതമാനത്തിന് താഴെ മികവ് പുലര്‍ത്തിയവരാണ് ആസ്പയറേഴ്‌സ് വിഭാഗത്തിലുള്ളത്.

തീരദേശ സംസ്ഥാനങ്ങള്‍ (Coastal Group), ലാന്‍ഡ്‌ലോക്ക്ഡ് സംസ്ഥാനങ്ങള്‍ (Landlocked Group), വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ (North-East Group), കേന്ദ്രഭരണ പ്രദേശങ്ങള്‍ (UTs) എന്നീ വിഭാഗങ്ങളായി തരംതിരിച്ചാണ് സംസ്ഥാനങ്ങളെ മികവുകളുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

അച്ചീവേഴ്‌സ് വിഭാഗം

കോസ്റ്റര്‍ ഗ്രൂപ്പില്‍ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് എന്നിവയും ലാന്‍ഡ്‌ലോക്ക്ഡ് ഗ്രൂപ്പില്‍ ഹരിയാന, പഞ്ചാബ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവയും അച്ചീവേഴ്‌സ് വിഭാഗത്തില്‍ ഇടംപിടിച്ചു.
നോര്‍ത്ത്-ഈസ്റ്റ് ഗ്രൂപ്പില്‍ നിന്ന് അസം, സിക്കിം, ത്രിപുര എന്നിവയും കേന്ദ്രഭരണ പ്രദേശങ്ങളുടെ ഗ്രൂപ്പില്‍ നിന്ന് ചണ്ഡീഗഡ്, ഡല്‍ഹി എന്നിവയും അച്ചീവേഴ്‌സാണ്. ആകെ 13 സംസ്ഥാനങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.

ഫാസ്റ്റ് മൂവിങ് വിഭാഗത്തിൽ കേരളം

കോസ്റ്റല്‍ ഗ്രൂപ്പില്‍ നിന്ന് കേരളത്തിന് പുറമേ മഹാരാഷ്ട്രയും ഫാസ്റ്റ് മൂവിംഗ് വിഭാഗത്തില്‍ ഇടംപിടിച്ചു. ലാന്‍ഡ്‌ലോക്ക്ഡ് ഗ്രൂപ്പില്‍ നിന്ന് മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവയും നോര്‍ത്ത്-ഈസ്റ്റ് ഗ്രൂപ്പില്‍ നിന്ന് അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നിവയും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവയും ഫാസ്റ്റ് മൂവേഴ്‌സാണ്.

ആസ്പയറേഴ്‌സ് വിഭാഗം

കോസ്റ്റല്‍ ഗ്രൂപ്പില്‍ ഗോവ, ഒഡീഷ, ബംഗാള്‍ എന്നിവയും ലാന്‍ഡ്‌ലോക്ക്ഡ് ഗ്രൂപ്പില്‍ ബിഹാര്‍, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവയും ആസ്പയറേഴ്‌സാണ്.

നോര്‍ത്ത്-ഈസ്റ്റ് ഗ്രൂപ്പില്‍ നിന്ന് മണിപ്പൂര്‍, മേഘാലയ, മിസോറം എന്നിവയും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് ദമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുമാണ് ഈ വിഭാഗത്തിലുള്ളത്

ലോജിസ്റ്റിക്സ് കമ്പനികൾ കേരളം വിടുന്നുവെന്ന രീതിയിലുള്ള കേരളവിരുദ്ധ വ്യാജപ്രചരണങ്ങൾക്കുള്ള മറുപടി കൂടിയാണീ നേട്ടം എന്ന് വ്യവസായ മന്ത്രി പി രാജീവ് പറയുന്നു.
“കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള 90 ശതമാനത്തോളം കാര്യങ്ങളും കേരളം കൈവരിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ് മേഖലയിലെ പിന്നോക്കാവസ്ഥ നമ്മുടെ നാട്ടിലേക്ക് വ്യവസായങ്ങൾ വരുന്നതിന് വലിയ തടസമായിരുന്നുവെങ്കിൽ ഇന്ന് കഥ മാറുകയാണ്. ചരക്കുനീക്കത്തിലെ മികവ് പരിഗണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ലോജിസ്റ്റിക്‌സ് ഈസ് എക്രോസ് ഡിഫറന്റ് സ്റ്റേറ്റ്‌സ് റിപ്പോർട്ടിൽ അതിവേഗം മുന്നേറുന്ന സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടിരിക്കുന്നു.

കയറ്റുമതി സുഗമമാക്കുന്നതിലും ആഭ്യന്തര ചരക്കുനീക്കം തടസങ്ങളില്ലാതെ നടത്തുന്നതിനും കേരളം വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ഇതിന് പുറമെ ലോജിസ്റ്റിക്സിനായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും നാം മുന്നേറിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം വിലയിരുത്തിയാണ് കേരളം റാങ്കിങ്ങിൽ മികച്ച സ്ഥാനം നേടിയത്.”

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version