ദുബായിൽ ഓൺലൈൻ ഡെലിവറിക്ക് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ദുബായ് റോഡ് ഗതാഗത അതോറിറ്റി. ഓൺലൈൻ ഡെലിവറി പ്രകൃതി സൗഹാർദ്ദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ബൈക്കിന്റെ പ്രൊട്ടോടൈപ്പ് ദുബായ് റോഡ് ഗതാഗത അതോറിറ്റി അവതരിപ്പിച്ചത്. കറുപ്പ്, വെളുപ്പ് നിറങ്ങളിൽ 50cc, 125cc മോട്ടോർ ശേഷിയുള്ള ഇ-ബൈക്കുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയിരിക്കുന്നത്.
നിലവിലെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും സീറോ എമിഷൻ ഗതാഗത സംവിധാനങ്ങൾ വ്യാപിപ്പിക്കുകയുമാണ് ഇതുവഴി ലക്ഷ്യംവെക്കുന്നത് എന്ന് കൊമേർഷ്യൽ ട്രാൻസ്പോർട്ട് ഡയറക്ടർ പറഞ്ഞു. ഇതിന് വേണ്ടി റോഡ് ഗതാഗത അതോറിറ്റി വ്യവസായ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചന നടത്തി. ഹരിത ഊർജമോ പ്രകൃതി സൗഹാർദ ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഇലക്ട്രിക് ബൈക്കുകളെ കുറിച്ച് ഗവേഷണം നടത്താനും രൂപകല്പന ചെയ്യാനും വ്യവസായ മേഖലയിലെ വിദഗ്ധരുമായി അതോറിറ്റി സംസാരിച്ചു കഴിഞ്ഞു. ഇ-ബൈക്കുകൾക്ക് വേണ്ടി ദുബായിലെല്ലായിടത്തും ചാർജിംഗ് സ്റ്റേഷനുകൾ പണിയാനും ആലോചിക്കുന്നുണ്ട്. ഇ-ബൈക്കുകൾ വരുന്നതോടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മോട്ടോർ ബൈക്കുകളെക്കാൾ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ഇ-ബൈക്കുകളിൽ പ്രതീക്ഷിക്കാം. അതേസമയം പുറത്തിറക്കിയ പ്രൊട്ടോടൈപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ റോഡ് ഗതാഗത അതോറിറ്റി പുറത്തുവിട്ടിട്ടില്ല.