സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (MSME) പേമെന്റ് വൈകുന്നതിനെ കുറിച്ച് 2017 മുതൽ കേന്ദ്രസർക്കാരിന്റെ സമധാൻ പോർട്ടലിൽ (Samadhaan portal) ലഭിച്ചത് 1.68 ലക്ഷം പരാതികൾ. 40,000 കോടി രൂപയുടെ പേമെന്റ് ആണ് സംരംഭകരുടെ കൈകളിലെത്താതെ വൈകിയത്. ഇതിൽ അർഹതപ്പെട്ടവർക്ക് ഇതുവരെ 5,812 കോടി രൂപ കൊടുക്കാൻ സാധിച്ചിട്ടുണ്ട്.
ബിസിനസ് വർക്കിംഗ് കാപ്പിറ്റൽ സമാഹരിക്കാൻ ശ്രമിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പേമെന്റ് വൈകുന്നത്. എന്നാൽ എങ്ങനെയാണ് കമ്പനികളുടെ കുടിശ്ശിക ട്രാക്ക് ചെയ്യാനും എംഎസ്എംഇകളുടെ പേമെന്റ് വൈകുന്നതും പരിഹരിക്കുന്നത്?
ഇതിനായാണ് 2019ൽ സർക്കാർ എംഎസ്എംഇ റിട്ടേൺ ഫോം അഥവാ എംഎസ്എംഇ-1 ഫോം കൊണ്ടുവരുന്നത്.
എംഎസ്എംഇകളിൽ സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്ന കമ്പനികൾക്ക് 45 ദിവസത്തിന് ശേഷവും പ്രതിഫലം വൈകിയാൽ അർധവാർഷിക എംഎസ്എംഇ-1 റിട്ടേൺ ഫോമിൽ ഫയൽ ചെയ്യാം.
അനുമതി ലഭിച്ച തീയതിയോ ഡീംഡ് അക്സപ്റ്റൻസ് തീയതിയോ ചേർത്ത് വൈകുന്നതിന്റെ കാരണവും തുകയും ചേർത്ത് വേണം എംഎസ്എംഇ-1 റിട്ടേൺ ഫയൽ ചെയ്യാൻ. ഇത്തരം കമ്പനികളെ 2013 ലെ കമ്പനീസ് ആക്ടിലെ സെക്ഷൻ 405 അനുസരിച്ച് സ്പെസിഫിക് കമ്പനികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടും.
എല്ലാ വർഷവും ഏപ്രിൽ-സെപ്റ്റംബർ പാദത്തിലേക്ക് ഒക്ടോബർ 31 വരെയും ഒക്ടോബർ-മാർച്ചുവരെയുള്ള സമയത്തേക്ക് ഏപ്രിൽ 30 വരെയുമാണ് ഫയൽ ചെയ്യേണ്ടത്. ഫോം ഫയൽ ചെയ്യാത്ത പക്ഷം 20,000 രൂപയുടെ പിഴയീടാക്കും. ഫയൽ ചെയ്യാതെ നീണ്ടുപോയാൽ ദിവസവും 1,000 രൂപ പിഴ വരും.
കോർപ്പറേറ്റ് ഐഡന്റിറ്റി നമ്പർ (CIN), പാൻ, പേര്, തുക എന്നുമുതലാണ് വൈകിയത്, പാൻ തുടങ്ങി എംഎസ്എംഇ വിൽപ്പനക്കാരുടെ വിവരങ്ങളും ഉൾപ്പെടുത്തണം.
കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിൽ ഓൺലൈൻ ഫോം ലഭിക്കും. കമ്പനിയുടെ ഡയറക്ടർ, മാനേജർ, സെക്രട്ടറി, സിഇഒ, സിഎഫ്ഒ എന്നിവരാരുടെയെങ്കിലും ഡിജിറ്റൽ ഒപ്പു വാങ്ങി വേണം ഫോം സമർപ്പിക്കാൻ.