യാത്ര സമയം രണ്ടു മണിക്കൂർ കുറയ്ക്കും, മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയെടുക്കുന്ന ഇവ രാജധാനി എക്സ്പ്രെസ്സുകളെ മറികടക്കും. ഇത് രാജ്യം കാത്തിരിക്കുന്ന സാധാരണക്കാരുടെ വന്ദേ ഭാരത് അൾട്രാ മോഡേൺ സ്ലീപ്പർ. ഏപ്രിലിൽ രാത്രി സർവീസ് തുടങ്ങാൻ ലക്ഷ്യമിട്ടു കോച്ച് നിർമാണം വേഗത്തിലാക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
അതേസമയം ഇന്ത്യൻ റെയിൽവേ ഈ വർഷം 70 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി ട്രാക്കിലിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്,
അതിനിടെ കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത് ഉടനെത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ സ്ഥിരീകരണം വന്നിട്ടുണ്ട്. കേരളത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരതായിരിക്കും ഇത്.
നഷ്ടത്തിലോടുന്ന ഗോവ – മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് മന്ത്രി കോഴിക്കോട് എംപി എംകെ രാഘവനെ അറിയിച്ചു.
മംഗലാപുരം – മഡ്ഗാവ് റൂട്ടിൽ വന്ദേ ഭാരത് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇത് കേരളത്തിലേക്ക് നീട്ടണമെന്ന അഭിപ്രായം ഉയർന്നിരുന്നു. വടക്കൻ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കൂടി സഹായകരമാകുന്ന സർവീസായി സെമി ഹൈസ്പീഡ് ട്രെയിൻ മാറുമെന്നായിരുന്നു ഉയർന്ന വാദമെങ്കിലും റെയിൽവേ ആദ്യം ഇത് പരിഗണിച്ചില്ല. മംഗാലപുരം – ഗോവ റൂട്ടിൽ സർവീസ് നഷ്ടത്തിലായതോടെയാണ് കോഴിക്കോടേക്ക് നീട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.
സാധാരണക്കാരുടെ വന്ദേ ഭാരത് സ്ലീപ്പർ
പ്രധാന നഗരങ്ങളെ ഏറ്റവും കുറഞ്ഞ സമയത്തിൽ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഹിറ്റ് ആയതിനു പിന്നാലെ അമൃത് ഭാരത് എക്സ്പ്രസ് വന്നു. തൊട്ടു പിന്നാലെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യൻ റെയിൽവേ ഈ മാർച്ച് മാസത്തിൽ വന്ദേ ഭാരത് സ്ലീപ്പര് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ പത്ത് ട്രെയിനുകൾ സർവീസിനെത്തിക്കുവാനാണ് റെയിൽവെയുടെ പദ്ധതി. പുറത്തുവന്ന വിവരങ്ങളനുസരിച്ച് രാജധാനി ട്രെയിനുകളേക്കാൾ വേഗത്തിലാവും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് നടത്തുക. ഡൽഹി-മുംബൈ, ഡൽഹി-പാട്ന, ഡൽഹി-ഹൗറ തുടങ്ങിയ തിരഞ്ഞെടുത്ത ട്രങ്ക് റൂട്ടുകളിൽ വന്ദേ ഭാരത് സ്ലീപ്പർ രാത്രികാലങ്ങളിൽ സർവീസ് നടത്തുമെന്നാണ് ആദ്യ വിവരം. ഈ റൂട്ടുകളിൽ പരീക്ഷണ ഓട്ടം ഏപ്രിലിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ രണ്ടാം വാരത്തോടെ ആദ്യ സെറ്റ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജ്യത്ത് സമ്പൂർണ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദീർഘദൂര രാത്രികാല യാത്രകൾക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നവയണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. മെച്ചപ്പെട്ട കാര്യക്ഷമതയും കുറഞ്ഞ യാത്രാ സമയവും ഉറപ്പു തരുന്ന ഈ സ്ലീപ്പർ ട്രെയിനുകൾ വേഗതയിൽ രാജധാനി എക്സ്പ്രസ് ട്രെയിനുകളെ മറികടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ സ്ലീപ്പർ യാത്രാ സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കുവാൻ ഈ ട്രെയിനിന് സാധിക്കും.
നോൺ എസി, എസി കോച്ചുകളിലായി 850 സ്ലീപ്പിങ് ബെർത്ത് ആണ് വന്ദേ ഭാരത് സ്ലീപ്പറിൽ ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ രൂപകൽപന ചെയ്യുന്ന വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ ഐസിഎഫും ബെംഗളൂരു ആസ്ഥാനമായുള്ള ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎൽ) ഉം ചേർന്നാണ് നിർമ്മിക്കുന്നത്.
വരുന്നു കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ
അതേസമയം ഇന്ത്യൻ റെയിൽവേ ഈ വർഷം 70 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി ട്രാക്കിലിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. 2023 ൽ മാത്രം 34 വന്ദേ ഭാരത് ട്രെയിനുകളാണ് വിവിധ റൂട്ടുകളിലായി റെയിൽവേ പുറത്തിറക്കിയത്.
രാജ്യത്തെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആയിരിക്കും ഈ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുക. അതേസമയം, തമിഴ്നാടും കർണ്ണാടകയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വന്ദേ ഭാരത് സർവീസ് ആരംഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചെന്നൈ – കോട്ടയം റൂട്ടിലും ബാംഗ്ലൂർ- എറണാകുളം റൂട്ടിലും വന്ദേ ഭാരത് ട്രെയിന് സർവീസ് ആരംഭിക്കുവാനുള്ള സാധ്യതകളാണുള്ളത്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കാൻ കഴിയുന്ന 30 റൂട്ടുകള് റെയിൽവേ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 50 ജോഡി നഗരങ്ങളിൽ കേസ് സ്റ്റഡീസ് നടക്കുന്നുമുണ്ട്.
നിലവിൽ ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം 41 വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുന്നു. വടക്കൻ റെയിൽവേയും ദക്ഷിണ റെയിൽവേയും എട്ട് വന്ദേ ഭാരത് ട്രെയിനുകൾ വീതം സർവീസ് നടത്തുന്നു. കൂടാതെ, ഈസ്റ്റേൺ റെയിൽവേ, നോർത്ത് ഈസ്റ്റേൺ റെയിൽവേ, നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവ ഓരോ വന്ദേ ഭാരത് ട്രെയിൻ ഓടിക്കുന്നു.
The Vande Bharat ultra-modern sleeper is being introduced for the common man. They will reduce the journey time by two hours and will overtake the Rajdhani Express with a speed of up to 200 kmph. Aiming to start night service in April, Indian Railways has put the construction of coaches on fast track. Meanwhile, the Indian Railways is also planning to induct 70 more new Vande Bharat trains this year.