കേരളവും കടന്ന് വിജയക്കുതിപ്പ് നടത്തുകയാണ് മഞ്ഞുമ്മൽ ബോയ്സ്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ സിനിമ നേടിയ വിജയം മലയാള സിനിമയെ തന്നെ അമ്പരപ്പിക്കുന്നതാണ്. മഞ്ഞുമ്മൽ ബോയ്സ് കാരണം തിയേറ്ററിൽ മാത്രമല്ല ആൾതിരക്ക് ഉള്ളത്.
ഇപ്പോൾ തമിഴ്നാടിന്റെ വിനോദ സഞ്ചാര ഭൂപടത്തിലും മഞ്ഞുമ്മൽ ബോയ്സ് സ്ഥാനം പിടിച്ചിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സ് കണ്ട്, കൊടൈക്കനാലും ഗുണാ കേവ്സും കാണാൻ എത്തുന്നവരുടെ തിരക്കാണ് ഇപ്പോൾ തമിഴ്നാട്ടിൽ. ഒരാഴ്ച കൊണ്ട് 40,000 പേരാണ് കൊടൈക്കനാലും ഗുണാ കേവ്സും കാണാൻ എത്തിയതെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. ഓഫ് സീസൺ ആയിട്ടും കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ കാണാൻ വലിയ ജനത്തിരക്ക് ആണ് അനുഭവപ്പെടുന്നത്.
മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ടതിന് ശേഷമാണ് ഗുണാ കേവ്സ് കാണാൻ എത്തിയതെന്നാണ് ഭൂരിഭാഗം സഞ്ചാരികളും പറയുന്നത്. ഫെബ്രുവരിയിൽ മാത്രം 1 ലക്ഷത്തോളം സഞ്ചാരികളാണ് കൊടൈക്കനാലും ഗുണാ കേവ്സും കാണാൻ ഒഴുകിയെത്തിയതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. തമിഴ്നാട് ടൂറിസത്തിന് തന്നെ പുത്തനുണർവ് നൽകുകയാണ് സിനിമ.
അതേസമയം സിനിമ കണ്ട് ഗുണാ കേവ്സിനകം കാണാനും ആളുകൾ ശ്രമിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
നടൻ കമലഹാസൻ, ഉദയനിധി സ്റ്റാലിൻ എന്നിവർ സിനിമ കണ്ട് മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. യഥാർഥ മഞ്ഞുമ്മൽ ടീം 18 വർഷത്തിന് ശേഷം കൊടൈക്കനാൽ വീണ്ടും സന്ദർശിച്ചതും വാർത്തയായിരുന്നു. ഇതെല്ലാമാകാം നിലവിലെ തിരക്കിന് കാരണമെന്ന് കരുതുന്നു. 2006ൽ നടന്ന യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്തതാണ് സിനിമ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ചന്തു സലീം കുമാർ, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാന്ഡ, വിഷ്ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
The success of the film “Manjummal Boys” has not only surprised Malayalam cinema but also boosted tourism in Tamil Nadu, particularly in destinations like Kodaikanal and Guna Caves. Explore the influx of tourists and the impact of the movie on local attractions.