ആകാശത്തു നിന്ന് നോക്കിയാൽ തെളിഞ്ഞു കാണുക ഓം ചിഹ്നം. രാജസ്ഥാനിലെ പാലി ജില്ലയിലെ ജദാൻ ഗ്രാമത്തിലാണ് 250 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ലോകത്തെ ഏക ഓം ആകൃതിയിലുള്ള ക്ഷേത്രം തുറന്നു നൽകിയത് .
ലോകത്തിലെ തന്നെ ഒരത്ഭുത നിർമ്മിതിയാകാനുള്ള ഒരുക്കത്തിലാണ് ഓം ക്ഷേത്രം. രാജസ്ഥാൻ വിനോദസഞ്ചാരത്തെ മൊത്തത്തിൽ മാറ്റിമറിക്കാൻ പോകുന്ന ഈ ക്ഷേത്രം ഏകദേശം മുപ്പത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തുറന്നു നൽകിയത്. മൂന്നു പതിറ്റാണ്ടു മുൻപ് 1990 ലാണ് യോഗാചാര്യൻ സ്വാമി മാധവാനന്ദയുടെ മഹാസമാധി കൂടിയായ ക്ഷേത്രത്തിൻറെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. സ്വാമി മഹേശ്വരാനന്ദ എജ്യുക്കേഷൻ & റിസർച്ച് സെൻ്റർ ‘ഓം വിശ്വ ദീപ് ഗുരുകുൽ’ എന്ന പേരിലാണ് ക്ഷേത്രവും അനുബന്ധ നിർമ്മിതികളും പൂർത്തിയാക്കുന്നത്.
തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ഉറപ്പായും ആകർഷിക്കുന്ന ഈ ക്ഷേത്രം ഓം ചിഹ്നത്തിൻറെ ആകൃതിയിൽആകാശത്ത് നിന്നുപോലും കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാലി ജില്ലയിലെ ജേഡൻ ഗ്രാമത്തിലാണ് സവിശേഷമായ നാഗര വാസ്തുവിദ്യയോടെ ഈ അപൂർവ്വ ക്ഷേത്രം സഞ്ചാരികളെ കാത്തിരിക്കുന്നത് .
ക്ഷേത്രത്തിന്റെ മേൽനോട്ടം നടത്തുന്ന ഇൻ്റർനാഷണൽ ശ്രീ ദീപ് മാധവാനന്ദ ആശ്രമം ഫെല്ലോഷിപ്പ് ഓസ്ട്രിയയിലെ വിയന്നയിൽ ഷികനേർഗാസ്സെ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു നോൺ-പ്രോഫിറ്റ് നോൺ ഡിനോമിനേഷൻ ഓർഗനൈസേഷനാണ്.
ജഡാനിലെ 250 ഏക്കർ സ്ഥലത്തായാണ് ഈ ക്ഷേത്രം വ്യാപിച്ചു കിടക്കുന്നത്. ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠകൾക്കും ഒരുപാട് പ്രത്യേകതകളുണ്ട്. മഹാദേവൻറെ 1,008 രൂപങ്ങൾ ഈ ക്ഷേത്രത്തിനുള്ളിലുണ്ടാകും. ഇത് കൂടാതെ ജ്യോതിർലിംഗങ്ങൾക്കായി പ്രത്യേക സ്ഥാനങ്ങളും ക്ഷേത്രത്തിനുള്ളിലുണ്ട്. 135 അടി ഉയരത്തിലാണ് ക്ഷേത്രഗോപുരം. വാസ്തുശില്പങ്ങൾ കൊണ്ടലങ്കരിച്ച 2000 തൂണുകളും ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിൻറെ പ്രധാന ആകർഷണം ഗുരു മാധവാനന്ദ് ജിയുടെ ശവകുടീരമാണ്. സമുച്ചയത്തിന് താഴെ 2 ലക്ഷം ടൺ ശേഷിയുള്ള ഒരു വലിയ ക്ഷേത്രക്കുളവും ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രത്തിൻറെ ഏറ്റവും മുകൾ ഭാഗത്ത് ധോൽപൂരിലെ ബൻസി കുന്നിൽ നിന്നുള്ള ഒരു ശിവലിംഗം കൊണ്ട് അലങ്കരിച്ച ഒരു ശ്രീകോവിലുണ്ട്. ജോധ്പൂർ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 71 കിലോമീറ്റർ അകലെയുള്ള ദേശീയ പാത 62 ന് സമീപത്തായാണ് ജദാൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ മാർവാർ ജംഗ്ഷനാണ്.