ബി.ജെ.പി.യുടെ ‘അബ്കി ബാർ 400 പാർ’ ഒരു അതിമോഹമായിരുന്നോ? ഇന്ത്യയെ അതിവേഗം നരേന്ദ്ര മോദി മുന്നോട്ട് നയിച്ചു, പക്ഷേ അതിലും വേഗതയിൽ ബിജെപി ഉയർത്തിയ വെല്ലുവിളികളെ മറികടക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു എന്നാണ് വോട്ടെണ്ണലിലെ തുടക്കം മുതൽ ഉള്ള ട്രെൻഡ് ചൂണ്ടിക്കാട്ടുന്നത്.
‘അബ്കി ബാർ 400 പാർ’ എന്ന ബിജെപിയുടെ മുദ്രാവാക്യം യാഥാർഥ്യമാക്കാനാകാതെ എൻഡിഎ 300 സീറ്റുകൾ കടക്കാൻ പാടുപെടുന്നതായി ആദ്യസമയത്തെ ട്രെൻഡുകൾ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു . ഭൂരിപക്ഷം കുറഞ്ഞെങ്കിലും കേന്ദ്രത്തിൽ മോഡി 3.0 ഭരണം തന്നെ തിരിച്ചു വരുമെന്നും വ്യക്തമായിക്കഴിഞ്ഞു. പക്ഷെ ആത്മവിശ്വാസത്തിനു കോട്ടം തെറ്റിക്കുന്ന ഫലങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബിജെപിയുടെ തങ്ങൾക്ക് ഒറ്റക്ക് 370 സീറ്റുകളും, എൻഡിഎ മുന്നണിക്ക് 400 ൽ അധികം സീറ്റുകളും എന്ന ലക്ഷ്യമാണ് വഴുതിപോയത്.
പല പ്രതിപക്ഷ നേതാക്കളും വിശകലന വിദഗ്ധരും ബിജെപിയുടെ ‘400 പാർ’ പ്രചാരണത്തെ ‘ഇന്ത്യ തിളങ്ങുന്നു ‘ എന്ന മുൻ മുദ്രാവാക്യത്തിന്റെ ആവർത്തനമാണെന്ന് വിശേഷിപ്പിച്ചിരുന്നു. 2004-ൽ അടൽ ബിഹാരി വാജ്പേയി സർക്കാരിൻ്റെ കാലത്ത് മെച്ചപ്പെട്ട സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ആത്മവിശ്വാസത്തോടെ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണം നടത്തിയെങ്കിലും അധികാരത്തിൽ തിരിച്ചെത്താനായില്ല.
മോദി 2.0 കാലത്ത് കൊവിഡ് തടസ്സങ്ങൾക്കിടയിലും സമ്പദ്വ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിച്ചപ്പോഴും പ്രതിപക്ഷ നേതാക്കൾ സമ്പദ്വ്യവസ്ഥയുടെ മോശം ചിത്രം എടുത്തു കാട്ടികൊണ്ടേയിരുന്നു . മൊത്തത്തിൽ തിളങ്ങുന്ന സമ്പദ്വ്യവസ്ഥയുടെ വൃത്തികെട്ട മുഖമായി അവർ തൊഴിലില്ലായ്മയും അസമത്വവും ചൂണ്ടിക്കാട്ടി. ആ പ്രതിസന്ധി പരിഹരിക്കുന്നതിൽ മോഡി സർക്കാർ ഇന്നും ഏറെ പിന്നിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഈ തിരെഞ്ഞെടുപ്പ് ഫലം.
ഇന്ത്യയുടെ താഴ്ന്ന പണപ്പെരുപ്പവും ഉയർന്ന വളർച്ചാ സാഹചര്യവും തീർച്ചയായും ആഗോള തലത്തിൽ പേരെടുത്തിരുന്നു . എന്നാൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വോട്ടർമാർ താമസിക്കുന്ന ഗ്രാമീണ ഉൾപ്രദേശങ്ങളിൽ ഇന്നും ജീവിത സാഹചര്യങ്ങൾ ഏറെ പിന്നോട്ടടിക്കുകയാണ്.
ഏതാനും വർഷങ്ങളായി മുസ്ലീം, ക്രിസ്ത്യൻ വോട്ടർ അടിത്തറകളിലേക്ക് ചുവടുമാറ്റാൻ ബിജെപി ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ അതിനു
ബിജെപിക്ക് ഇനിയും സാധിച്ചിട്ടില്ല. ന്യൂനപക്ഷ വോട്ടുകൾ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ തന്നെ അടിയുറച്ചു നിന്നതു ബിജെപിക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കിയ ഒന്നായിരുന്നു.
ഛിന്നഭിന്നമായ പ്രതിപക്ഷ വോട്ടുകൾ വൻതോതിൽ INDIA മുന്നണി ബാനറിൽ ഏകോപിപ്പിക്കാനായി എന്നതാണ് പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ നേട്ടം.കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഓരോ പാവപ്പെട്ട സ്ത്രീക്കും ഒരു ലക്ഷം രൂപ രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്ത മെഗാ ഓഫർ ആയിരുന്നു . മൂന്നിലൊന്ന് സ്ത്രീകളെ ലക്ഷ്യം വച്ചാൽ പോലും, ഈ ഓഫറിന് ഇന്ത്യയുടെ മൊത്തം വാർഷിക ബജറ്റിൻ്റെ പകുതിയിലധികം ചിലവാക്കേണ്ടി വരും. പക്ഷെ ഇത്തരം പ്രഖ്യാപനങ്ങൾ ഗ്രാമീണ ഇന്ത്യൻ ജനതയെ പ്രതിപക്ഷ കക്ഷികളിലേക്കു കൂടുതൽ അടുപ്പിച്ചു. അത് നിരവധി പാവപ്പെട്ട വോട്ടർമാരെ ബി.ജെ.പിയുടെവലയത്തിൽ നിന്നും കൂടുതൽ അകറ്റി എന്നാണ് വിലയിരുത്തൽ.
തൊഴിൽ ക്വാട്ടയിലെ 60% പരിധി നീക്കം ചെയ്യുക, സൈനിക റിക്രൂട്ട്മെൻ്റിലെ അഗ്നിവീർ സ്കീം നിർത്തലാക്കുക തുടങ്ങിയ പ്രലോഭനകരമായ മറ്റ് ചില ഓഫറുകളും ഇന്ത്യാ മുന്നണി മുന്നോട്ടു വച്ചിരുന്നു . എല്ലാറ്റിനും ഉപരിയായി, രാഹുൽ ഗാന്ധി രാജ്യത്തെ സമ്പത്തിൻ്റെ പുനർവിതരണത്തിൻ്റെ സമൂലമായ അജണ്ട നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു,
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ആകർഷണമായി കണ്ടത് രാം മന്ദിർ ആയിരുന്നു, എന്നാൽ തിരഞ്ഞെടുപ്പിൽ അത് കാര്യമായ ഗുണം ചെയ്തിട്ടില്ലെന്ന് ഉത്തർപ്രദേശിലെ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. സമ്പദ്വ്യവസ്ഥയെ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമാക്കുമെന്ന മോദിയുടെ വാഗ്ദാനവും ഒരു തരത്തിൽ പരാജയപ്പെട്ടു. ഇനി വരിക മോദി 3.0 ഭരണമാകും. അതിൽ എന്തുണ്ടാകും എന്നതിനേക്കാൾ അതിനെ ഓരോ പദ്ധതിയിലും പ്രഖ്യാപനത്തിലും പ്രതിരോധിക്കാൻ ഇന്ത്യ മുന്നണി ഉണ്ടാകും എന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തെ വീണ്ടും സവിശേഷമാക്കുന്നത്.
An in-depth analysis of the BJP’s ambitious ‘Abki Baar 400 Par’ campaign and its implications on the Indian political landscape. The article explores the factors that led to the BJP’s underperformance and the strategies employed by the opposition.