അംബാസിഡറായി ചെകുത്താനെ വെച്ചപ്പോൾ അവർ വിചാരിച്ചില്ല, ഇത്രമാത്രം ഭാഗ്യം കൊണ്ടുവരുമെന്ന്. ആ ചെകുത്താൻ സ്റ്റാറായി. ചെകുത്താനെ പണിക്ക് വെച്ച ഉടമ കോടീശ്വരനും. കുറേ വർഷങ്ങൾ കഴിഞ്ഞു, ചെകുത്താന് മടുത്തു, ഉടമ അതേ പണി ദൈവത്തെ ഏൽപ്പിച്ചു. നിരാശയായിരുന്നു ഫലം! ചെകുത്താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഇമേജും ധനവുമെല്ലാം ദൈവം കളഞ്ഞ് കുളിച്ചു! അപ്പോൾ ഉടമ ദൈവത്തോട് പറഞ്ഞു, പണി മതിയാക്കിക്കോ, നിന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന്!

ഏതെങ്കിലും വേദപുസ്തകത്തിലെ കഥയല്ല, ഒരു ബ്രാൻഡിന്റെ കഥയാണ്. 1980-കളിൽ മഹാഭാരതവും, രാമായണവും, ആലിഫ് ലൈലയും, ചന്ദ്രകാന്തയും, ശക്തിമാനും, ചിത്രഗീതവും, ചിത്രമാലയും, ശനിയാഴ്ചത്തെ ചലച്ചിത്രവും എല്ലാം ദൂരദർശനിൽ അരങ്ങ് വാണിരുന്ന കാലത്ത് ഒരുപെട്ടി പോലത്തെ, മുന്നോട്ട് തള്ളിയ സ്ക്രീനോട് കൂടിയ ടെലിവിഷനുമുന്നിൽ ഇരുന്നത് ഓർമ്മയില്ലേ? അന്ന് വാപൊളിച്ച് മുന്നിലിരുന്നപ്പോ, ആ സ്ക്രീനിന് താഴെ എഴുതിയ പേരുകൾ ഇതിലേതെങ്കിലും ഒന്നായിരിക്കും, ബിപിഎൽ, വീഡിയോകോൺ, കെൽട്രോൺ, ഡയനോര പിന്നെ ഒനിഡ!
കൊമ്പും വാലും, നീണ്ട കൂർത്ത നഖവും പച്ച ഗൗണും പരുപരുത്ത ശബ്ദവുമായി വന്ന ചെകുത്താന്റെ ഒനിഡ!

Neighbour's Envy, Owner's Pride- അയൽക്കാരന്റെ അസൂയ, ഉടമയുടെ അഭിമാനം! അതായിരുന്നു ടാഗ് ലൈൻ!

1970-കളുടെ അവസാനമാണ്. ഇറാനിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു വിജയ് മൻസുഖാനി (Vijay Mansukhani.). മികച്ച ശമ്പളവും മറ്റ് സുഖ സൗകര്യങ്ങളും.. ആരും കൊതിക്കുന്ന ജോലി. പക്ഷെ വിജയ് സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു, അതും അക്കാലത്ത് എമർജിംഗായ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ.

അങ്ങനെയിരിക്കെ മുംബൈയിൽ വെച്ച് ബന്ധുവായ  (Gulu Mirchandani ) ഗുലു മിർച്ചന്താനി-യെ കണ്ടു. ഇരുവർക്കും ഒരേ ലക്ഷ്യം. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ദേശീയ ടെലിവിഷൻ എന്ന നിലയിലേക്ക് ദൂരദർശനെ ഉയർത്തുന്ന സമയം, ബ്ലാക്ക് ആന്റ് വൈറ്റിൽ നിന്ന് കളറിലേക്ക് ടെലിവിഷൻ ടെക്നോളജി മാറിയ കാലം. രാജ്യത്ത് ഇനി ഡിമാന്റ് വരുന്ന ടെലിവിഷൻ സെറ്റുകളുടെ നിർമ്മാണവും വിൽപ്പനയും. ഇതാണ് ഇപ്പോഴത്തെ ഗോൾഡൺ ബിസിനസ്സ്! വളരെ കുറച്ച് കമ്പനികൾ മാത്രമുള്ള ആ സംരംഭത്തിലേക്ക് അവർ കടന്നു, ടിവിക്ക് പേരിട്ടു, ഒനിഡ!

പുതിയ ബ്രാൻഡ് വരുന്നു
 1981-ൽ ഒനിഡയുടെ പ്രൊഡക്ഷൻ തുടങ്ങുന്നു. മിർക് ഇലക്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് (Mirc Electronics Pvt Ltd) എന്നായിരുന്നു കമ്പനിയുടെ പേര്. മുംബൈയിൽ അന്ധേരിയിലായിരുന്നു ടിവി അസംബ്ളിംഗ് ഫാക്ടറി. കാത്തോട് റേ ട്യൂബുകളിൽ ടിവി സ്ക്രീൻ ഉണ്ടായിരുന്ന സമയമാണ്. വീഡിയോകോണും, ബിപിഎല്ലും പിന്നെ കുറെ മറ്റ് ബ്രാൻഡുകളും ഇന്ത്യൻ ടെലിവിഷൻ വിപണിയിലുണ്ട്.

പലരും വിദേശ രാജ്യങ്ങളിൽ മാർക്കറ്റ് ഔട്ടായ ടിവികൾ ബൾക്കായി എടുത്ത് കൊണ്ടു വരികയും മികച്ച ടെക്നോളജി എന്ന ക്യാപ്ഷനോടെ ഇന്ത്യയിൽ വിൽക്കുക ഒക്കെ ചെയ്യുന്ന സമയമാണ്. ടിവി-യെക്കുറിച്ചോ ടെക്നോളജിയെക്കുറിച്ചോ യാതൊരു ധാരണയും സാമാന്യ ഉപഭോക്താവിന് ഇല്ല എന്ന് ഓർക്കണം. ബ്രാൻഡുകളും വ്യാജന്മാരും കൂടിക്കലർന്ന് വല്ലാത്ത പരുവം. ഒനിഡ-ക്ക് എന്താണ് പ്രത്യേകത? ബ്രാൻ‍ഡിംഗ് വേണം.

അക്കാലത്ത് മുംബൈയിൽ ഒരു അഡ്വർട്ടൈസിംഗ് ഏജൻസി ഉണ്ടായിരുന്നു, Advertising Avenues! അതിന്റെ ഉടമയായ ഗൗതം രക്ഷിതിന്റെ (Goutam Rakshit) ബെഡ് റൂമായിരുന്നു ഏജൻസിയുടെ ഓഫീസും.

ടിവി എന്ന ആന!
സോനു മിർച്ചന്ദാനിയും ഗുലു മിർച്ചെന്ദാനിയും വിജയ് മൻസുഖാനിയും ഈ ഏജൻസിയിലെത്തി. അഡ്വർട്ടൈസിംഗ് അവന്യൂസിന്റെ ബുദ്ധികേന്ദ്രം ആർട്ട് ഡയറക്ടർ Gopi Kukde ആയിരുന്നു. മൂന്ന് ലക്ഷം രൂപയുടെ പരസ്യ ബജറ്റുമായാണ് ഒനിഡയുടെ മുതലാളിമാർ വന്നിരിക്കുന്നത്. സാധാരണ ബ്രാൻഡിംഗ് പോര! മാർക്കറ്റിൽ ഓളമുണ്ടാക്കണം,

എല്ലാവരും ശ്രദ്ധിക്കണം! അതായിരുന്നു ഒനിഡ ഓണർമാരുടെ നിലപാട്. അതുകേട്ടതോടെ, ഞങ്ങളുടെ പ്രൊ‍ഡക്റ്റ് നമ്പർ വണ്ണാണ്, സുപ്പീരിയർ ക്വാളിറ്റിയാണ് എന്നൊന്നും പറഞ്ഞാൽ മാർക്കറ്റിൽ ടിവി ഏശില്ലന്ന് പരസ്യ ഏജൻസിക്ക്  അറിയാമായിരുന്നു. പരസ്യഏജൻസിയുടെ ഓഫീസായ, ഗൗതം രക്ഷിതിന്റെ ബെഡ്റൂം രാത്രിയും പകലും ചർച്ചകളായി. അവരുടെ ആലോചനയിൽ ആ കോർ ഐഡിയ രൂപപ്പെട്ടു. വാസ്തവത്തിൽ 1980-കളിൽ ടിവി ഒരു അത്യാഡംബരമായിരുന്നു. നാട്ടിൽ ഒന്നോ രണ്ടോ വീടുകളിൽ മാത്രം ടിവി. അത് അവർ ആനയെ പോലെ അഭിമാന വസ്തുവായി കണ്ടു. ടിവിയുള്ള വീട് എന്നത് ഭയങ്കര സംഭവമായിരുന്നു. ഞാൻ ഓർക്കുന്നുണ്ട്, ചിത്രഗീതവും ആഴ്ചയിൽ ഒരിക്കലുള്ള മലയാള സിനിമയും മറ്റും കാണാൻ, ഒരു നാട് മുഴുവൻ, ടിവിയുള്ള വീട്ടിലേക്ക് ഒഴുകും.സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രായമായവരും എല്ലാം. വീട്ട് ഉടമ അഭിമാനത്തോടെയും അഹങ്കാരത്തോടെയും ടിവി വെച്ചിരിക്കുന്ന പെട്ടിയുടെ ഷട്ടർ മാറ്റി ഓൺ ചെയ്യും. മുന്നിലിരിക്കുന്നവർ അസൂയയോടെ അവരെ നോക്കും. ഉടമ സോഫയിലോ കസേരയിലോ ഇരിക്കുമ്പോ, നാട്ടുകാർ തറയിലിരുന്ന് ടിവി കാണും. നഗരത്തിൽ പക്ഷെ മറ്റൊരു അവസ്ഥയായിരുന്നു, ടിവി ഇല്ലാത്ത വീട്ടുകാർ അസൂയയോടെ ടിവി-യുള്ള വീട്ടുകാരെ നോക്കും.

ചെകുത്താൻ പിറക്കുന്നു
അതാണ്, അതാണ് പോയിന്റ്. അയൽക്കാരുടെ അസൂയ, ഉടമയ്ക്ക് അഭിമാനം! അവിടെ നിന്ന് ഒനിഡയുടെ ചരിത്രപരമായ പരസ്യക്യാംപയിൻ തുടങ്ങുകയായി. ആർട്ട് ‍ഡയറക്ടർ ഗോപി കുക്ക്ഡേയുടെ ആശയമായിരുന്നു ചെകുത്താനെ കൊണ്ടുവരിക എന്നത്.  ഒനിഡയുടെ ചിഹ്നമായ സുന്ദരനായ ചെകുത്താൻ!

മുംബൈയിലെ പരസ്യഏജൻസികൾക്കുള്ള മോഡൽ കോ-ഓർഡിനേറ്ററായി വർക്ക് ചെയ്യുന്ന ഒരു ബാംഗ്ലൂര്കാരനുണ്ടായിരുന്നു. ‍ഡേവിഡ് വിറ്റ്ബ്രെഡ്. തന്റെ സുന്ദരനായ ഡെവിളിനെ, ഡേവിഡിന്റെ മുഖത്ത് ഗോപി കുക്ക്ഡേ കണ്ടു. ആറായിരം രൂപയ്ക്ക് ചെകുത്താന്റെ റോൾ ചെയ്യാമെന്ന് ഡേവിഡ് ഏറ്റു. ഡേവിഡിന് അക്കാലത്ത് അയാൾ ഇഷ്ടത്തോടെ പരിപാലിച്ചിരുന്ന കട്ടിയുള്ള താടിയുണ്ടായിരുന്നു. താടി വടിച്ചാലേ ചെകുത്താന്റെ റോൾ ചെയ്യാൻ പറ്റൂ. ഗോപി കുക്ക്ഡേ വലിയ പണിപെട്ടാണ് ഡേവിഡിനെക്കൊണ്ട് താടി ഷേവ് ചെയ്ത് ചെകുത്താനായി വേഷം ഇടാമെന്ന് സമ്മതിപ്പിച്ചത്.

വിൽപ്പന കൂട്ടിയ ചെകുത്താൻ!
ആ പരസ്യം വലിയ ഭൂകമ്പമുണ്ടാക്കി. നെഗറ്റീവ് ക്യാപയിനാണെന്നും, പ്രോഡക്റ്റ് ഉപഭോക്താക്കൾ തള്ളിക്കളയുമെന്നൊക്കെ പരസ്യ ഇൻഡസ്ട്രിയിലുള്ളവർ തന്നെ പറഞ്ഞു.  താളമൊത്ത ജിംഗിളുകളിൽ ഹാപ്പി മൂഡുള്ള അഡ്വർട്ടൈസ്മെന്റ്സ് ആണ് അക്കാലത്തെ ട്രെൻഡ്. ഗോൾഡ് സ്പോട്ടിന്റെ ഒക്കെ ആ‍‍ഡ്പോലെ, പാർട്ടി മൂഡുള്ള പരസ്യങ്ങൾ. അതിനിടയിലാണ് ഡാർക്ക് ബിജിഎമ്മിന്റെ അകമ്പടിയിൽ ചെകുത്താന്റെ ആഡ് വന്നത്. പക്ഷെ ആരും പരീക്ഷിക്കാൻ മടിക്കുന്ന ആ ചെകുത്താന്റെ രൂപവും പരുപരുത്ത ശബ്ദവും, ടെലിവിഷൻ, വിൽപ്പനയ്ക്ക് വെച്ച കടകളിൽ ഓളമുണ്ടാക്കി.

പത്രപ്പരസ്യത്തിലും ഹോഡിംഗിലും , ടിവിയിലുമൊക്കെയായി മൊട്ടത്തലയൻ ചെകുത്താൻ ചാടിത്തിമർത്തു. വിൽപ്പനയിൽ 5%-ത്തിൽ താഴെമാത്രമായിരുന്ന ഒനിഡ, ചെകുത്താന്റെ വരവോടെ 20% വിൽപ്പനയിലേക്ക് കടന്നു. വീഡിയോകോൺ, ബിപിഎൽ ബ്രാൻുകളെ വിറപ്പിച്ച് ഒനിഡ രാജ്യത്തെ ടെലിവിഷൻ വിൽപ്പന തരംഗത്തിൽ മുന്നിൽഎത്തി. 15 വർഷം ചെകുത്താന്റെ പരസ്യത്തിൽ, മാർക്കറ്റിൽ ഏറ്റവും ബ്രാൻഡ് റെക്കഗ്നിഷനുള്ള ടിവി സെറ്റായി ഒനിഡ. ആദ്യം നെറ്റിചുളിച്ചവർ ഡെവിൾ ആഡ് ലോകത്തെ പരസ്യആശയങ്ങളിലെ റാഡിക്കൽ പരസ്യങ്ങളിൽ ഒന്നായി ആഘോഷിച്ചു. ഒരു പുതിയ പ്രൊ‍ഡക്റ്റിനെ എങ്ങനെ ഒരു മാസ്ക്കോട്ട് അല്ലെങ്കിൽ ചിഹ്നം കൊണ്ട് മാർക്കറ്റിലേക്ക് ഇടിച്ചുകയറ്റാമെന്ന് ഡെവിൾ ആഡിനെ മുന്നിൽ വെച്ച് പ്രസംഗങ്ങളും പ്രബന്ധങ്ങളും പിറന്നു. ഈ വേലിയേറ്റത്തിൽ വാഷിംഗ് മെഷീൻ, എ.സി, ഡിവിഡി പ്ലേയർ തുടങ്ങി മറ്റ് ഹോം അപ്ലയൻസ് പ്രൊ‍ഡക്റ്റുകളും ഒനി‍ഡ മാർക്കറ്റിലേക്കിറക്കി.

ദൈവവും വരുന്നു!
 2005 ആകുമ്പോഴേക്ക് അയൽക്കാരനും ടിവി-യായി. അതോടെ  ടിവി വീട്ടിലുണ്ടെന്ന പേരിൽ അസൂയയ്ക്കും അഭിമാനത്തിനുമൊന്നും വലിയ സ്കോപ്പില്ലാതായി. ചെകുത്താനെ ഇനി പിൻവലിക്കാൻ ഒനിഡ തീരുമാനിച്ചു. അവിടെ നിന്ന് അങ്ങോട്ട് ഒനിഡയുടെ പ്രതാപം അസ്തമിക്കുന്നു. കാത്തോട് റേ ട്യൂബുകളിൽ നിന്ന് ഫ്ലാറ്റ് സ്ക്രീനുകളിലേക്കും, എൽ.സി.ഡിയിലേക്കും ടെക്നോളജി വളരെ വേഗം മാറിയ സമയം. സോണി, എൽജി, സാംസംങ്, പാനസോണിക്, ഫിലിപ്സ്, തോഷിബ തുടങ്ങിയ വിദേശ ബ്രാൻഡുകൾ ഇന്ത്യൻ മാർക്കറ്റിലേക്ക് കയറി കളം പിടിച്ചു.

പിടിച്ച് നിൽക്കാനാകാതെ വീണ്ടും ചെകുത്താനെ പരസ്യത്തിലേക്ക് ഒനിഡ കൊണ്ടുവന്നു. ഇത്തവണ എസിയുടെ പരസ്യത്തിനായി ചെകുത്താനേയും ചെകുത്താന്റെ ഭാര്യയേയും നിയോഗിച്ചു. ഇതിനിടയിൽ ബ്രാൻഡിംഗ് ഏജൻസിയും, ചെയകുത്താനായി അഭിനയിച്ചവരും ഒക്കെ മാറി മാറി വന്നിരുന്നു.  വലിയ മാറ്റമുണ്ടായില്ല. ഇനി ചെകുത്താനാണോ പ്രശ്നം? എന്നാ പിന്നെ ദൈവത്തെ പരസ്യ ചിഹ്നമാക്കിയാലോ? ദൈവം ഒനിഡയുടെ പരസ്യത്തിലെത്തി. പക്ഷെ പച്ചതൊട്ടില്ല! മാർക്കറ്റിലെ മേധാവിത്വവും മാലോകരുടെ ശ്രദ്ധയും ഒനിഡയെ വിട്ടകന്നു. ഇന്ന് ടിവി, എസി, വാഷിംഗ്മെഷീൻ സെഗ്മെന്റുകളിൽ അഞ്ച് ശതമാനത്തിൽ താഴെ ഷെയറുമായി ഒനിഡ മാർക്കറ്റിന്റെ ഓരത്ത് നിൽക്കുന്നു.

വാസ്തവത്തിൽ ബ്രാൻഡിനെ ഹിറ്റാക്കിയ ചെകുത്താനെ പിൻവലിച്ചതോ, ബ്രാൻഡിങ്ങിലെ കൺഫ്യൂഷനോ ആണോ ഒനിഡയെ പിന്നോട്ടടിച്ചത്? അല്ല, മിക്കവാരും ഫാമിലി ബിസിനസ്സിലുണ്ടാകുന്ന അതേ പ്രശ്നം. കുടുംബവഴക്ക്! ഒനിഡയുടെ ഓണർഷിപ്പിനെചൊല്ലി ഗുലു മിർച്ചന്ദാനിക്കും സോനു മിർച്ചെന്ദാനിക്കും ബന്ധുവായ വിജയ് മൻസുഖാനിക്കും ഇടയിൽ തർക്കവും ഈഗോയും ഉണ്ടായി. അതിനിടയിൽ ടെക്നോളജി ചെയ്ഞ്ചാകുന്നത് അഡ്രസ് ചെയ്യാനായില്ല.  അസാധ്യ പിക്ചർ-സൗണ്ട് ക്വാളിറ്റിയോടെ, 4K റെസല്യൂഷനും എൽഇഡി ടെക്നോളജിയുമൊക്കെ കാഴ്ചയുടെ കമ്പിത്തിരി കത്തിച്ചപ്പോൾ കാഴ്ചക്കാരനായി കൈയ്യും കെട്ടി നോക്കി നിൽക്കേണ്ടി വന്നു, ഒനിഡയ്ക്ക്. ഒരു ഭാഗ്യചിഹ്നത്തിന് മാർക്കറ്റ് ഉണ്ടാക്കി എടുക്കാൻ ആവില്ലല്ലോ. ദീർഘകാല ബിസിനസ്സിൽ കാലത്തിനനുസരിച്ച് സ്വയം അപ്‍ഡേറ്റ് ചെയ്യാനും, സീസണനുസരിച്ച് പരസ്യം ഒരുക്കാനും ആഫ്റ്റർ സർവ്വീസ് കുറ്റമറ്റതാക്കാനും കഴിയണം. ഒനിഡ-യ്ക്ക് അതിനായില്ല! ആത്യന്തികമായി ബ്രാൻഡിന്റെ ഓണർഷിപ് ഓറണിനാണ്. പരസ്യ ഏജൻസിക്കല്ല! ടെക്നോളജിയിൽ ഇൻവെസ്റ്റ് ചെയ്യാനും പ്രൊഡക്റ്റ് നവീകരിക്കാനും ശ്രദ്ധവെക്കേണ്ട സമയത്ത് പരസ്യ ഏജൻസികളെ മാറ്റി മാറ്റി പരീക്ഷിച്ചു. മികച്ച സെലിബ്രിറ്റികളെ ഉപയോഗിച്ച് മറ്റ് ബ്രാൻഡുകൾ ക്രിക്കറ്റ് മാച്ച് സീസണുകളിലടക്കം വിൽപ്പന ഉയർത്തിയപ്പോൾ ഒനി‍ഡ ഒറ്റപ്പെട്ടുപോയി. ടിവി വിൽപ്പനയിൽ 20% വരെയെത്തിയ മാർക്കറ്റ് ഷെയർ 5%-ത്തിലും താഴേക്ക് കൂപ്പ് കുത്തി. ഒരു ബ്രാൻഡും ഉണ്ടാകാൻ ആഗ്രഹിക്കാത്ത വീഴ്ച!

‌ഇനി മറ്റൊരു വശം!
1976- ഒനിഡ ഉണ്ടാകുന്നതിന് മുമ്പുള്ള കാലം. ഫൗണ്ടർമാരിൽ ഒരാളായ ഗുല്ലു മിർച്ചന്ദാനി ഇലക്ട്രോണിക് പ്രൊഡക്റ്റിന് പേര് അന്വേഷിക്കുകയാണ്. അദ്ദേഹത്തിന് ഒരു കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു, പേര് ജാപ്പനീസ് ആയിരിക്കണം. അങ്ങനെ സ്പൂണും കത്തിയുമൊക്കെ ഉണ്ടാക്കുന്ന ഒരു ബ്രാൻഡിന്റെ പേര് ഒരു യൂറോപ്യൻ മാഗസിനിൽ കണ്ടു.  Oneida! O-N-E-I-D-A. അതിൽ നിന്ന് e എടുത്തുമാറ്റിയരപ്പോൾ ONIDA ആയി. ജപ്പാനിൽ അർത്ഥം ഡെവിൾ എന്നും! പക്ഷെ അപ്പോഴൊന്നും ടിവിയുടെ ഭാവി നിശ്ചയിക്കാൻ പോകുന്നവിധം ചെകുത്താന്റെ രൂപമാകും ബ്രാൻഡിന്റെ ചിഹ്നം എന്ന് ആ മനുഷ്യൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. പരസ്യ ഏജൻസി ചെകുത്താനന്റെ ആശയം പറയുന്നത് വരെ!

മറ്റൊരു ഉപകഥ, 1985 മുതൽ വർഷങ്ങളോളം ഒനിഡയുടെ മുഖമായിരുന്ന ചെകുത്താനെ അവതരിപ്പിച്ച ഡേവിഡ് വിറ്റ്ബ്രെഡി-നെ വീണ്ടും വാർത്തകളിൽ കാണുന്നു. ചെകുത്താനായി അഭിനയിച്ചതിന് ഇനിയും മുഴുവൻ പ്രതിഫലവും കിട്ടിയില്ലന്ന് 2016-ൽ ഒരു ഇന്റർവ്യൂവിൽ ഡേവിഡ് പറഞ്ഞു.മാത്രമല്ല, ഒനിഡയുടെ ചെകുത്താനായി അഭിനിയച്ചതോടെ മറ്റ് അവസരങ്ങൾ തന്നെ തേടി വരാതായതായും ഡേവിഡിന് പരാതിയുണ്ടായിരുന്നു. ചെകുത്താനെ പരസ്യ മുഖമാക്കിയ ഒനിഡയും, ചെകുത്താനായി മുഖം കൊടുത്ത ഡേവിഡും, പിന്നീട് മുഖമില്ലാതായിപ്പോയോ? ഒരു സംശയമാണ്!

Discover the intriguing story of Onida’s rise and fall, from its iconic devil-themed ads that boosted sales to the challenges faced with branding and technology changes. Explore how Onida’s advertising strategy and family disputes impacted its market share.

മുന്നറിയിപ്പ്

എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Comments are closed.

Exit mobile version