ബിസിനസിൽ ഉൾപ്പെടെ ഏത് മേഖലയിൽ ആണെങ്കിലും പ്രായം വെറും നമ്പർ മാത്രമാണ് എന്ന് തെളിയിച്ച നിരവധി ആളുകൾ ഉണ്ട്. അവരിൽ ഒരാൾ ആണ് ഒരു മെഡിക്കൽ സാമ്രാജ്യത്തിന്റെ മേൽനോട്ടം വഹിക്കുന്ന 90 വയസ്സുള്ള വ്യവസായി ആയ ഡോ. പ്രതാപ് സി. റെഡ്ഡി. 26858 കോടി ആസ്തിയുള്ള ഇദ്ദേഹം ഈ പ്രായത്തിലും ദിവസവും രാവിലെ 10 മണിക്ക് ജോലി ആരംഭിക്കുകയും വൈകുന്നേരം 5 മണി വരെ അദ്ദേഹം ജോലി ചെയ്യുകയും ചെയ്യാറുണ്ട്.
അപ്പോളോ ഹോസ്പിറ്റൽസിൻ്റെ സ്ഥാപകനായ പ്രതാപ് സി റെഡ്ഡി, ഇന്ത്യയിലെ ഏറ്റവും പ്രചോദിപ്പിക്കുന്ന വ്യവസായ പ്രമുഖരിൽ ഒരാളാണ്. അദ്ദേഹത്തിൻ്റെ മഹത്തായ വിജയം കരിയറിൽ ഉണ്ടാക്കി കഴിഞ്ഞിട്ടും ഈ പ്രായത്തിലും വിരമിക്കൽ എന്ന പരമ്പരാഗത സങ്കൽപ്പത്തിന് വഴങ്ങാൻ വിസമ്മതിച്ചുകൊണ്ട് അദ്ദേഹം തൻ്റെ ജോലിയിൽ അർപ്പണബോധത്തോടെ തുടരുകയാണ്. റെഡ്ഡിയുടെ യാത്ര ആരംഭിക്കുന്നത് ചെന്നൈയിൽ നിന്നാണ്, അവിടെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്നാണ് അദ്ദേഹം എംബിബിഎസ് ബിരുദം നേടിയത്.
പിന്നീട് ഹൃദ്രോഗ വിദഗ്ധനായി യുഎസിൽ പരിശീലനം നേടി. 1970-കളുടെ തുടക്കത്തിൽ അദ്ദേഹത്തിന് ലഭിച്ച അച്ഛൻ്റെ ഒരു കത്ത് ആണ് ജീവിതത്തിൽ വഴിത്തിരിവായത്. 1979-ൽ നടന്ന ഒരു ദാരുണമായ സംഭവം ആണ് അദ്ദേഹത്തിന്റെ ഹോസ്പിറ്റൽ ആശയങ്ങൾക്ക് പിന്നിൽ. ഒരു രോഗിക്ക് ആവശ്യമായ ശസ്ത്രക്രിയകൾക്കായി വിദേശത്തേക്ക് പോകാൻ കഴിയാതെ വന്ന സാഹചര്യം നേരിട്ടതോടെ, ഇന്ത്യയിൽ ഒരു കാർഡിയാക് കെയർ ഹോസ്പിറ്റൽ സ്ഥാപിക്കാനുള്ള തീരുമാനം അദ്ദേഹം എടുത്തു.
അങ്ങിനെ സർക്കാരിൻ്റെയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും പിന്തുണയോടെ അദ്ദേഹം ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലുകൾ സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംരക്ഷണ സംവിധാനം ഇന്ത്യയിൽ സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇന്ന്, 71 ആശുപത്രികൾ, 5,000 ഫാർമസി സ്റ്റോറുകൾ, 291 പ്രൈമറി കെയർ ക്ലിനിക്കുകൾ, ഒരു ഡിജിറ്റൽ ഹെൽത്ത് പോർട്ടൽ, ഡയഗ്നോസ്റ്റിക്സ് ചെയിൻ എന്നിവയുമായി അപ്പോളോ ഹോസ്പിറ്റൽസ് അദ്ദേഹത്തിൻ്റെ ആ കാഴ്ചപ്പാട് തെളിയിച്ചുകൊണ്ട് നിലകൊള്ളുന്നു. റെഡ്ഡിയുടെ നാല് പെൺമക്കളായ പ്രീത, സുനീത, ശോഭന, സംഗീത എന്നിവർ നയിക്കുന്ന ഈ സ്ഥാപനത്തിന് 70,000 കോടിയിലധികം വിപണി മൂല്യമുണ്ട്. ഈ സ്ഥാപനത്തിൻ്റെ 29.3% ഓഹരി കുടുംബത്തിൻ്റെ ഉടമസ്ഥതയിലാണ്.
അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്നാം തലമുറയിൽ ഉൾപ്പെടുന്ന പത്ത് പേരക്കുട്ടികളിൽ ഒമ്പത് പേരും ഇതിനകം തന്നെ ഈ ബിസിനസ്സിൽ ഇറങ്ങി കഴിഞ്ഞു. “വിജയം നമ്മെ വിനയാന്വിതരാക്കുകയും രാജ്യത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കുകയും വേണം” എന്നാണ് അദ്ദേഹം തന്റെ വിജയത്തെ കുറിച്ച് പറയാറുള്ളത്. അദ്ദേഹത്തിൻ്റെ കഥ വ്യക്തിഗത നേട്ടങ്ങളുടേത് മാത്രമല്ല, ദശലക്ഷക്കണക്കിന് ആളുകൾക്ക് ലോകോത്തര മെഡിക്കൽ സേവനങ്ങൾ പ്രാപ്യമാക്കുകയും ഇന്ത്യയിലെ ആരോഗ്യപരിരക്ഷയെ പരിവർത്തനം ചെയ്യുകയും ചെയ്യുന്നത് കൂടിയാണ്.
At 90, Dr. Prathap C. Reddy, founder of Apollo Hospitals, remains a vital force in healthcare. Despite a net worth of ₹26,858 crores, his six-day workweek reflects his unwavering commitment to advancing India’s medical infrastructure.