ലോകമെമ്പാടുമായി 13,000 ഔട്ട്ലെറ്റുകളുള്ള യുഎസ് ആസ്ഥാനമായ ഭക്ഷണ ബ്രാൻഡ് ആണ് ബർഗർ കിംഗ്. ബർഗർ കിംഗ് കോർപ്പറേഷനെതിരെ 13 വർഷം നീണ്ട നിയമയുദ്ധത്തില്‍ വിജയം നേടിയിരിക്കുകയാണ് പൂനെയിലെ ‘ബർഗർ കിംഗ്’ ഉടമകളായ അനാഹിതയും ഷാപൂർ ഇറാനിയും. പൂനെയിലെ പ്രാദേശിക റെസ്റ്റോറെന്റിനെതിരെ ബർഗർ കിംഗ് 2011 ലാണ് കേസ് ഫയൽ ചെയ്യുന്നത്. പിന്നീട് നടന്നത് 13 വർഷം നീണ്ട നിയമയുദ്ധം.
പൂനെയിലെ ഒരു പ്രാദേശിക റെസ്റ്റോറന്റ് തങ്ങളുടെ ബ്രാന്റ് നെയിം ആയ ബർഗർ കിംഗ് എന്ന പേര് ഉപയോഗിക്കുന്നു എന്നും തങ്ങളുടെ ബ്രാൻഡിന് പരിഹരിക്കാനാകാത്ത ദോഷമുണ്ടാക്കുന്നുവെന്നും അതിനാല്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിത്. എന്നാൽ, 1992 മുതൽ തങ്ങളുടെ റസ്റ്റോറൻറ്റിന്റെ പേര് ‘ബർഗർ കിംഗ്’ എന്നാണെന്നും ഇത് യുഎസ് ആസ്ഥാനമായുള്ള കമ്പനി 2014-ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിനും 12 വര്‍ഷം മുമ്പേയുള്ളതാണെന്നും പൂനയിലെ റെസ്റ്റോറന്റിന്റെ ഉടമകളായ ഇറാനി ദമ്പതികള്‍ കോടതിയില്‍ വാദിച്ചു.
ഇതോടെ ജില്ലാ ജഡ്ജി സുനിൽ വേദ്പഥക് വാദം തള്ളുകയായിരുന്നു. പൂനെയിലെ ഒരു പ്രാദേശിക റെസ്റ്റോറന്റ് അതേ പേര് ഉപയോഗിച്ചത് കൊണ്ട് ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പം ഉണ്ടായതായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. പൂനെയിലെ ഒരു കട ‘ബർഗർ കിംഗ്’ എന്ന പേര് ഉപയോഗിച്ചത് കൊണ്ട് ബർഗർ കിംഗ് കോർപ്പറേഷന്റെ ആഗോള ബ്രാൻഡിന് എന്തെങ്കിലും ദോഷം വരുത്തിയെന്ന് കാണിക്കാൻ ശക്തമായ തെളിവുകളൊന്നും നൽകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ബർഗർ കിംഗ് കോർപ്പറേഷന്റെ പരാതി കോടതി തള്ളുകയായിരുന്നു.
ഒരു പ്രാദേശിക ഭക്ഷണ സ്ഥാപനം തങ്ങളുടെ ബ്രാന്റ് നെയിം ഉപയോഗിക്കുന്നത് തങ്ങളുടെ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അതിന്റെ ആഗോള പ്രശസ്തിക്ക് കോട്ടം വരുത്തുന്നു എന്നുമായിരുന്നു ബർഗർ കിംഗ് കോർപ്പറേഷന്റെ വാദം. എന്നാല്‍, തങ്ങളെപ്പോലുള്ള ചെറുകിട ബിസിനസ്സ് ഉടമകളെ തകർക്കാന്‍ ലക്ഷ്യമിട്ട് മോശം ഉദ്ദേശ്യത്തോടെയാണ് കേസ് ഫയൽ ചെയ്തതെന്നും തങ്ങളുടെ റെസ്റ്റോറന്റും ആഗോള ഫാസ്റ്റ് ഫുഡ് ശൃംഖലയും തമ്മിൽ പേരിലല്ലാതെ മറ്റൊരു സമ്യതയും ഇല്ലെന്നും ദമ്പതികള്‍ ചൂണ്ടിക്കാട്ടി. കേസ് കാരണം പീഡനവും ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ടെന്നും നീണ്ട നിയമയുദ്ധം മൂലമുണ്ടായ മാനസിക വിഷമത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാല്‍, ഈ വാദങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ശക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി അവർക്ക് നഷ്ടപരിഹാരം അനുവദിച്ചില്ല.
Burger King Corporation lost a 13-year-long trademark infringement lawsuit against a Pune-based restaurant also named Burger King. The court ruled in favor of the Indian restaurant, owned by Anahita and Shapoor Irani, allowing them to continue using the name.