ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഒരു വിപ്ലവത്തിന് തുടക്കം കുറിച്ച കാര്യമായിരുന്നു യുപിഐ അഥവാ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് സംവിധാനം. ഡിജിറ്റൽ ഇടപാടുകൾ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുൻപ് ഇത് അവതരിപ്പിക്കുമ്പോൾ ഇത്രത്തോളം ജനകീയമായി യുപിഐ മാറുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. അതുപോലെ തന്നെ പുതിയ സംവിധാനവുമായി ആർബിഐ എത്തുകയാണ്.
യൂണിഫൈഡ് ലെൻഡിങ് ഇന്റർഫേസ് എന്ന തത്സമയ വായ്പാ പരിപാടി ആണ് ആർബിഐ അവതരിപ്പിക്കുന്നത്. ഈ സംവിധാനം അധികം വൈകാതെ തന്നെ പ്രവര്‍ത്തന സജ്ജമാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏറെ പ്രത്യേകതകളുമായി എത്തുന്ന ഇതിനെ യുഎല്‍ഐ എന്നാണ് ചുരുക്കി വിളിക്കുന്നത്.
നിലവിൽ ഒരാൾക്ക് വായ്പ അനുവദിക്കുന്നതിന് നിരവധി നൂലാമാലകളിലൂടെ കടന്നുപോവേണ്ടി വരുന്നു. കേന്ദ്ര-സംസ്ഥാന ഏജൻസികൾ, ബാങ്കുകൾ തുടങ്ങിയവയിൽ നിന്നുള്ള വിവരം ശേഖരണം ഉൾപ്പെടെ വിവിധ കടമ്പകൾ ഇതിനായി കടക്കേണ്ടതുണ്ട്. കൂടാതെ ഇവ ലഭിക്കുന്നതിന് വലിയ കാലതാമസവും നേരിടാറുണ്ട്.
ഇതിനെയൊക്കെ മറികടക്കുന്നതാവും പുതിയ യുഎൽഐ സംവിധാനം. ഒന്നിലധികം ഡാറ്റാ സേവന ദാതാക്കൾ മുതൽ വായ്പ നൽകുന്നവർ വരെ വിവിധ സംസ്ഥാനങ്ങളിലെ ഭൂരേഖകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ വിവരങ്ങളുടെയും ലഭ്യത യുഎൽഐ മുഖേന ഉറപ്പാക്കും. അതുകൊണ്ട് തന്നെയാണ് ഈ സംവിധാനത്തിന്റെ പ്രസക്തി ഏറുന്നത്.
നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർബിഐ രാജ്യവ്യാപകമായി യുഎൽഐ പുറത്തിറക്കാൻ തീരുമാനം എടുത്തത്. ഇതിലൂടെ വലിയ മാറ്റം ഉണ്ടാകുമെന്നാണ് ആർബിഐ വിശ്വസിക്കുന്നത്.
ചെറുകിട വായ്പക്കാർക്ക് വായ്പ ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള മൂല്യനിർണയവും വിവരശേഖരണവും അതിവേഗത്തിൽ തയ്യാറാക്കുന്നു. സ്വകാര്യ വിവരങ്ങളുടെ പരിരക്ഷ ഉറപ്പാക്കി കൊണ്ടാണ് എല്ലാ നടപടികളും നടക്കുക. വ്യത്യസ്തമായ രേഖകളും വിവരങ്ങളും വായ്പാ ദാതാക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നു.
യുഎൽഐയുടെ പ്രധാന പ്രത്യേകതകൾ
* ചെറുകിട വായ്പക്കാർക്കുള്ള വായ്പ ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള മൂല്യനിർണ്ണയം അതിവേഗത്തിൽ തയ്യാറാക്കുന്നു
* സ്വകാര്യ വിവരങ്ങളുടെ പരിരക്ഷ ഉറപ്പാക്കിയിരിക്കുന്നു
* വ്യത്യസ്തമായ രേഖകളും വിവരങ്ങളും വായ്പാ ദാതാക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നു
* ഒന്നിലധികം സംവിധാനങ്ങളുടെ സംയോജനം വഴിയുണ്ടാകുന്ന സങ്കീർണത ലഘൂകരിക്കുന്നു.
The Reserve Bank of India (RBI) has launched the Unified Lending Interface (ULI) to streamline loan processes for rural and small-scale borrowers, enhancing access to credit for agriculture and MSMEs. Discover how ULI is set to transform India’s lending sector.