കേരളം കാത്തിരുന്ന ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫാണ് ഈ വർഷത്തെ 25 കോടിയുടെ തിരുവോണം ബമ്പർ നേടിയ ഭാഗ്യശാലി. കർണാടകയിൽ മെക്കാനിക്കാണ് അൽത്താഫ്. വയനാട്ടിലുള്ള ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ടിക്കറ്റ് എടുത്തത്. പതിനഞ്ച് വർഷമായി ലോട്ടറി ടിക്കറ്റെടുക്കുന്ന അൽത്താഫിന് ആദ്യമായാണ് ഇത്രയും വലിയ സമ്മാനം അടിക്കുന്നത്. വാടക വീട്ടിലാണ് താമസം. പുതിയ വീട് വെയ്ക്കുന്നതും മകളുടെ കല്ല്യാണം നടത്തുന്നതുമാണ് ഏറ്റവും വലിയ ആഗ്രഹങ്ങളെന്ന് അൽത്താഫ് പറഞ്ഞു.

ബംപർ ജേതാവിനെ കുറിച്ച് ഇന്നലെയും ഇന്ന് രാവിലെയും വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഇതിനാൽ തന്നെ ഏറെ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അതിനിടയിലാണ് ഭാഗ്യം തുണച്ചത് അൽത്താഫിനെയാണ് എന്ന വിവരം പുറത്തു വരുന്നത്. ഇന്നലെ വിവരം ടിവിയിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ അൽത്താഫ് ഭാഗ്യം തേടി വന്നത് അറിഞ്ഞു. ഉടൻ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ച് വിവരം പറഞ്ഞു. വിശ്വാസം വരാത്തവക്ക് അൽത്താഫ് ടിക്കറ്റിന്റെ പടവും അയച്ചുകൊടുത്തു. ടിക്കറ്റെടുത്ത് പണം കളയുന്നതിൽ ഭാര്യയും ബന്ധുക്കളും വഴക്ക് പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബംപർ അടിച്ചതോടെ അവരുടെ പരിഭവം മാറി.
TG434222 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയത്. വയനാട് പനമരത്തെ എസ്ജെ ഏജൻസിയിലൂടെ ബത്തേരിയിലുള്ള നാഗരാജിന്റെ സബ് ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്. രണ്ട് മാസം മുൻപ് ഇതേ കടയിൽ നിന്നും വിറ്റ വിൻ വിൻ ലോട്ടറിക്ക് 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. രണ്ടര കോടി രൂപ ഏജൻസിക്ക് കമ്മീഷൻ ലഭിക്കും. മൈസൂരു സ്വദേശിയായ നാഗരാജ് കൂലിപ്പണിക്കായി വയനാട്ടിലെത്തി പിന്നീട് ലോട്ടറി ഏജൻസി ആരംഭിക്കുകയായിരുന്നു.
അതിർത്തി പ്രദേശമായ ഇവിടെ നിന്നും ഗൂഡല്ലൂർ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് നിരവധി പേർ ടിക്കറ്റ് എടുക്കാറുണ്ട്. ഉരുൾപ്പൊട്ടലിന്റെ
ദുരന്തത്തിൽ നിന്നും കരകയറുന്ന വയനാട്ടിലേക്ക് ഭാഗ്യ ദേവത കടാക്ഷിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.
കഴിഞ്ഞ ചില വർഷങ്ങളായി ബംപർ സമ്മാനം നേടിയവർ പേര് വെളിപ്പെടുത്താറില്ല. മുൻപ് ഓണം ബംപറിന്റെ ആദ്യ 25 കോടി സമ്മാനർഹനായ തിരുവനന്തപുരം സ്വദേശിക്ക് ധാരാളം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നു.
ഒരു കോടി രൂപ വീതം ഇരുപത് പേർക്കാണ് രണ്ടാം സമ്മാനം. 50 ലക്ഷമാണ് മൂന്നാം സമ്മാനം. അഞ്ച്, രണ്ട് ലക്ഷം രൂപയാണ് നാലും അഞ്ചും സമ്മാനങ്ങൾ.
350 കോടി രൂപയുടെ 71 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇത്തവണ വിറ്റു പോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്.
തിരുവനന്തപുരം ഗോർഖി ഭവനിലാണ് ബംപർ നറുക്കെടുപ്പ് നടന്നത്.
Meet Altaf from Karnataka, the lucky winner of Kerala’s Thiruvonam bumper lottery worth 25 crores. Discover his journey and dreams after winning the jackpot!
