ഓൺലൈൻ ഹോട്ടൽ ബുക്കിങ് ശൃംഖല ഒയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാളിന്റെ ആസ്തി 16000 കോടി. ഒഡീഷയിലെ ചെറിയ പട്ടണത്തിൽ സാധാരണ കുടുംബത്തിൽ ജനിച്ച റിതേഷ് കോടികളുടെ സാമ്രാജ്യത്തിൽ എത്തിയത് വ്യത്യസ്തത നിറഞ്ഞ സംരംഭ രീതികൾ കൊണ്ടാണ്. ചെറുപ്പം മുതൽ വലിയ സ്വപ്നങ്ങൾ കണ്ട ഈ മുപ്പതുകാരൻ കോടീശ്വരൻ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണെന്ന് നിസംശയം പറയാം.
ഐഐടി എൻട്രൻസ് പരീക്ഷയ്ക്കായി രാജസ്ഥാനിലെ കോട്ടയിൽ എത്തിയതോടെയാണ് റിതേഷിന്റെ വിജയഗാഥ ആരംഭിക്കുന്നത്. എഞ്ചിനീയറിങ് അല്ല തന്റെ വഴി എന്ന് മനസ്സിലാക്കിയ അദ്ദേഹം പതിയെ സംരംഭകത്വത്തിന്റെ ലോകത്തേക്ക് വന്നു. അതിനായി അദ്ദേഹം ഡൽഹി തിരഞ്ഞെടുത്തു. ഡൽഹിയിലെ റിതേഷിന്റെ ജീവിതം എളുപ്പമായിരുന്നില്ല. ജീവിക്കാനായി സിം കാർഡ് വിൽപന പോലുള്ളവയിൽ അദ്ദേഹം ഏർപ്പെട്ടു. തന്റെ ജീവിത വിജയത്തിന്റെ ആദ്യ പടി ആ ഉണ്ണാനില്ലാത്ത കാലമായിരുന്നു എന്ന് അദ്ദേഹം പിന്നീടൊരിക്കൽ പറഞ്ഞു.
സംരംഭം ആരംഭിക്കാനുള്ള അതിയായ അഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അതിനുള്ള പണമില്ല. ഈ ഘട്ടത്തിൽ സ്വന്തമായി സോഫ്റ്റവെയർ ഡെവലപ്മെന്റ് പഠിച്ച് അദ്ദേഹം ചെറിയ വരുമാനമുണ്ടാക്കിത്തുടങ്ങി. ഈ സോഫ്റ്റ്വെയർ മികവ് പിന്നീടുള്ള സംരംഭകത്വ യാത്രയിൽ റിതേഷിന് തുണയായി.
2012ൽ റിതേഷ് തന്റെ ആദ്യ സംരംഭമായ ഒറാവെൽ സ്റ്റേയ്സ് ആരംഭിച്ചു. കുറഞ്ഞ ചിലവിൽ ആളുകൾക്ക് താമസസൗകര്യം ഒരുക്കാൻ ലക്ഷ്യം വെച്ചുള്ള സംരംഭം വഴിത്തിരിവായി. പിന്നീട് റിതേഷിന്റെ നിക്ഷേപകരായി മാറിയ വെഞ്ച്വർ നഴ്സറിയുടെ ശ്രദ്ധയിൽ ഒറാവെൽ സ്റ്റേ വരുന്നത് അക്കാലത്താണ്. തുടർന്ന് അദ്ദേഹത്തിന് യുവസംരംഭകർക്കുള്ള ഒരു ലക്ഷം ഡോളറിന്റെ തിയൽ ഫെല്ലോഷിപ് ലഭിച്ചു. ഈ ഫെല്ലോഷിപ് തുക ഉപയോഗിച്ചാണ് 2013ൽ റിതേഷ് ഒയോ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്.
ഒറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല ഒയോയുടെ വിജയം. തന്റെ ആശയത്തിലും അവസരങ്ങൾ മുൻകൂട്ടി കാണാനുമുള്ള റിതേഷിന്റെ വലിയ കഴിവിന്റെ ഫലമാണത്. സിം കാർഡ് വിൽപനക്കാരനിൽ നിന്നും പ്രായം കുറഞ്ഞ സെൽഫ് മെയ്ഡ് ബില്ല്യണയർ എന്ന നിലയിലേക്ക് റിതേഷ് എത്തിയത് വലിയ സ്വപ്നങ്ങളുടേയും അതിലും വലിയ അധ്വാനത്തിന്റേയും ഫലമായാണ്.
വെറും മുപ്പത് വയസ്സിൽ എത്തി നിൽക്കുമ്പോൾ റിതേഷിന്റെ ആസ്തി16000 കോടിയാണ്. റിതേഷിന്റെ സ്വപ്നം ഒയോയുടെ ആസ്തിയാകട്ടെ 74000 കോടിയും.
Discover Ritesh Agarwal’s inspiring journey from a small-town dreamer to the billionaire founder of OYO Rooms, India’s hospitality giant. Learn about his early life, challenges, and achievements as one of India’s youngest billionaires.