ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പുതുയുഗപ്പിറവിയായി കൊട്ടിഘോഷിക്കപ്പെട്ട ആം ആദ്മി പാർട്ടി ഡൽഹിയിൽ ഇക്കുറി തോറ്റുപോയത് എന്തുകൊണ്ടാണ്? അരവിന്ദ് കെജ്രിവാളിനെതിരെ ഉൾപ്പെടെ ഉയർന്ന അഴിമതി ആരോപണങ്ങളും, പ്രതിശ്ചായ തകർന്നതും എഎപി-യെ പിന്നിലാക്കി എന്നുപൊതുവെ പറയുന്നു. പക്ഷെ സാധാരണക്കാർക്ക് സൗജന്യങ്ങളുടെ പെരുമഴ പ്രഖ്യാപിച്ച് അവ നടപ്പാക്കി, മധ്യവർഗ്ഗത്തിന്റെ വോട്ടും വിശ്വാസവും ആർജ്ജിച്ച്, കഴിഞ്ഞ ഒന്നരദശകമായി തലസ്ഥാന ഭരണം കൈവശപ്പെടുത്തിവെച്ചിരുന്ന ആപ്പ് ഇനി മാറ്റി നിർത്തപ്പെടുകയാണ്.
ആം ആദ്മി പാർട്ടിയുടെ 2025 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പല പ്രധാന കാരണങ്ങളുണ്ട്. ആന്റി-ഇൻകംബൻസി (ഭരണത്തിനെതിരായ വികാരം) പ്രധാന ഘടകമായി മാറി. വലിയ വിഭാഗം മാറ്റം ആഗ്രഹിക്കുമെന്നത് സ്വാഭാവികമാണ്. ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ വികസന പ്രവർത്തനങ്ങൾ എടുത്തുകാണിക്കാൻ ഉണ്ടെങ്കിലും, ദീർഘകാല വികസന ലക്ഷ്യങ്ങളില്ലാത്തതും, വിശ്വാസ്യതയുള്ള മികച്ച നേതൃത്വത്തെ ഉയർത്തിക്കൊണ്ട് വരാൻ ആപ്പിന് കഴിയാതിരുന്നതും തിരിച്ചടിയായി. ഇതിന്റെ പ്രയോജനം ബിജെപി ശരിക്കും മുതലാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ‘ആപ്-ദാ’ (ദുരന്തം) എന്ന വിശേഷണം ഉപയോഗിച്ചാണ് AAP ഭരണത്തിനെതിരായി കാമ്പെയ്ൻ നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
കൂടാതെ, കള്ളപ്പണ ഇടപാടുകളും അഴിമതിക്കേസുകളും AAP പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് വലിയ തിരിച്ചടിയായി. ദില്ലി മദ്യനയം അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം പാർട്ടി നേതാക്കൾ അറസ്റ്റിലായത്, അഴിമതിയ്ക്കെതിരെ പോരാടുന്ന പാർട്ടി എന്ന പ്രതിച്ഛായ തകർക്കുകയും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ ഇടവരുകയും ചെയ്തു. ‘ശീഷ് മഹൽ’ വിവാദം (കെജ്രിവാൾ പൊതുപണം സ്വകാര്യ വീടിനായി ഉപയോഗിച്ചെന്ന ആരോപണം) പോലുള്ളവയും വലിയ തോതിൽ AAP-യുടെ പ്രചാരണത്തിന് തിരിച്ചടിയായി. ഈ സംഭവങ്ങൾ, മാന്ത്രിക ഭരണം വാഗ്ദാനം ചെയ്ത AAP-യുടെ ജനപിന്തുണയിൽ കാര്യമായ വിള്ളലുണ്ടാക്കി എന്നതാണ് ദില്ലി തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
A look at why the Aam Aadmi Party (AAP) faced defeat in the 2025 Delhi Assembly elections, from corruption allegations to loss of public trust and anti-incumbency sentiment.