കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ബെംഗളൂരു. ചൂട് കനക്കുന്നതിനിടെ നഗരത്തിൽ ജലക്ഷാമം ഉണ്ടാകാതിരിക്കാനാണ് നടപടി. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ 5000 രൂപ പിഴ ചുമത്തുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) മുന്നറിയിപ്പ് നൽകി. വേനൽ അടുത്തതിനാൽ മുൻകരുതലായാണ് ജലവിതരണ വകുപ്പിന്റെ കടുത്ത നടപടി. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ബെംഗളൂരു നഗരത്തിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടാറുണ്ട്. ഇതിനു മുന്നോടിയായാണ് ഉത്തരവ്.
വാഹനം കഴുകൽ, ചെടി നനയ്ക്കൽ, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിച്ചാൽ പിഴയൊടുക്കണം. നിയമം ലംഘിക്കുന്നവർ 5000 രൂപ പിഴയും ആവർത്തിച്ചാൽ ഓരോ ദിവസവും 500 രൂപ വെച്ച് അധികപിഴയും അടയ്ക്കണം.
ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ആക്റ്റ് 1964 പ്രകാരമാണ് ഉത്തരവ്. ഉത്തരവ് സംബന്ധിച്ച നിയമാവലി ഹൗസിങ് സൊസൈറ്റികൾക്കും റെസിഡൻഷ്യൽ അസോസിയേഷനുകൾക്കും കൈമാറി. വെള്ളം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 1916 എന്ന ഹെൽപ്ലൈൻ നമ്പറിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Bengaluru Bans Potable Water Use for Non-Essential Activities Ahead of Summer to Conserve Resources Amid Water Shortage Concerns, Urges Citizens to Adopt Sustainable Practices