ബെംഗളൂരുവിൽ കൂറ്റൻ ഓഫീസ് സമുച്ചയം ആരംഭിച്ച് ആഗോള ടെക് ഭീമൻമാരായ ഗൂഗിൾ. അനന്ത എന്ന് പേരിട്ടിരിക്കുന്ന പുതിയ ക്യാംപസ് ഗൂഗിളിന്റെ ബെംഗളൂരുവിലെ നാലാമത്തെ ഓഫീസ് സമുച്ചയമാണ്.

മഹാദേവപുരയിൽ ആരംഭിച്ച ഗൂഗിൾ അനന്ത 16 ലക്ഷം സ്ക്വയർ ഫീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാംപസ്സുകളിൽ ഒന്നാണ് അനന്ത എന്ന് കമ്പനി പ്രതിനിധി പറഞ്ഞു. സംസ്കൃതത്തിൽ പരിധിയില്ലാത്തത് എന്ന അർത്ഥം വരുന്ന അനന്ത എന്ന വാക്കിൽ നിന്നാണ് ഗൂഗിൾ തങ്ങളുടെ ഓഫീസിന് പേരിട്ടിരിക്കുന്നത് എന്ന സവിശേഷതയും ഉണ്ട്.

5000ത്തിലധികം ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഗൂഗിൾ അനന്തയ്ക്കുണ്ട്. ഇന്ത്യയിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ പ്രധാന നാഴികക്കല്ലാണ് അനന്ത എന്നും രാജ്യത്തിന്റെ സാങ്കേതിക പരിവർത്തനത്തിന്റെ പ്രധാന കേന്ദ്രം എന്ന നിലയിലാണ് ബെംഗളൂരുവിൽ പുതിയ ക്യാംപസ് എത്തുന്നതെന്നും ഗൂഗിൾ പ്രതിനിധി പറഞ്ഞു.

ആൻഡ്രോയ്ഡ്, സേർച്ച്, പേ, ക്ലൗഡ്, മാപ്പ്സ്, പ്ലേ, ഡീപ്മൈൻഡ് എന്നിങ്ങനെ വിവിധ ഗൂഗിൾ യൂണിറ്റ് അംഗങ്ങളാണ് അനന്തയിൽ പ്രവർത്തിക്കുക.

പ്രകൃതിയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച ഡിസൈനാണ് ഗൂഗിൾ അനന്തയുടെ സവിശേഷത. വെളിച്ചം, സ്വകാര്യത എന്നിവ നിയന്ത്രിക്കുന്നതിനായി സജ്ജീകരിച്ച ഇലക്ടോ ക്രോമിക് ഗ്ലാസ്സുകൾ അനന്തയുടെ ഡിസൈനിൽ വൈവിധ്യം കൊണ്ടുവരുന്നു.

അനന്തയിലെ സുതാര്യത ക്രമീകരിക്കാനാകുന്ന ഇലക്ട്രോ-ക്രോമിക് ഗ്ലാസ് ഇന്ത്യയിലെതന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംവിധാനമാണെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ബെംഗളൂരുവിൽ അതിനോട് നീതി പുലർത്തുന്ന തരത്തിൽ ലാൻഡ് സകേപ്പുകൾ, നടപ്പാതകൾ, ഗാർഡനുകൾ എന്നിവയും പുതിയ ക്യാംപസ്സിൽ ഒരുക്കിയിട്ടുണ്ട്. മഴവെള്ള സംഭരണം, മലിനജല പുനരുപയോഗം എന്നിവയും അനന്തയുടെ മറ്റ് സവിശേഷതകളാണ്.
Google unveils Ananta, a 1.6 million sq. ft. campus in Bengaluru, reinforcing its commitment to India with sustainability, accessibility, and innovation.