ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ 45 ദിവസം നീണ്ടുനിന്ന മഹാ കുംഭമേളയ്ക്ക് സമാപനമായി. മകരസംക്രാന്തിയോടനുബന്ധിച്ച് ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26 വരെ നീണ്ടു. കുംഭമേളയിൽ ആകെ 65 കോടി ജനങ്ങൾ പങ്കെടുത്തതായി യുപി സർക്കാർ അറിയിച്ചു. അതേസമയം യുപി സർക്കാറിന്റെ കണക്കനുസരിച്ച് മഹാ കുംഭമേള സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഏകദേശം 3 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നേട്ടം നൽകി.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം എന്ന് അവകാശപ്പെടുന്ന കുംഭമേള സന്ദർശിക്കാൻ 40 കോടി പേർ എത്തും എന്നായിരുന്നു ആദ്യഘട്ടത്തിൽ കണക്കാക്കപ്പെട്ടത്. എന്നാൽ ഈ കണക്കുകളെ കടത്തിവെട്ടിയ പങ്കാളിത്തമാണ് കുംഭമേളയിൽ ഉണ്ടായത്. സമാപന ദിവസമായ ബുധനാഴ്ച ത്രിവേണി സംഗമത്തിൽ ഏകദേശം 1.4 കോടി ആളുകൾ പുണ്യസ്നാനം നടത്തിയതായി യുപി സർക്കാർ അവകാശപ്പെടുന്നു. പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക്, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ വിധവ ലോറ പവൽ, ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്പ്ലേയിലെ ക്രിസ് മാർട്ടിൻ, കേന്ദ്ര മന്ത്രിമാർ, സിനിമാ താരങ്ങൾ എന്നിങ്ങനെ നിരവധി പ്രമുഖർ മഹാ കുംഭമേളയിൽ പങ്കെടുത്തു.

വിവാദങ്ങളും അനിഷ്ട സംഭവങ്ങളും കൊണ്ടും കുംഭമേള വാർത്തയിൽ ഇടംപിടിച്ചു. ജനുവരി 29ന് ഉണ്ടായ കനത്ത തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 30 പേർ മരിച്ചതായും 60 പേർക്ക് പരുക്കേറ്റതായും യുപി സർക്കാർ അറിയിച്ചു. ഫെബ്രുവരി 16ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ച് യുപി മലിനീകരണ നിയന്ത്രണ ബോർഡിനെ മാലിന്യപ്രശ്നത്തിന്റെ പേരിൽ ശാസിച്ചിരുന്നു. ഉപയോഗ്യ യോഗ്യമല്ലാത്ത വെള്ളത്തിൽ ആളുകളെ കുളിക്കാനും ആ വെള്ളം കുടിക്കാനും നിർബന്ധിതരാക്കിയതിന്റെ പേരിലാണ് ഹരിത ട്രൈബ്യൂണൽ വിമർശനം ഉന്നയിച്ചത്. മഹാ കുംഭമേളയ്ക്കിടെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പങ്കിട്ടതിന് 140 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കുറഞ്ഞത് ഒരു ഡസൻ എഫ്ഐആറുകളെങ്കിലും റജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
Maha Kumbh 2025 in Prayagraj saw 650M devotees, ₹2T economic boost, 30 deaths, 14.4M holy dips at Triveni Sangam, a tragic stampede, pollution concerns, legal actions, and visits from global leaders, industrialists, and celebrities