ഫിലിം സ്റ്റുഡിയോ ആരംഭിച്ച് ഹോളിവുഡിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രശസ്ത സംവിധായകൻ മാത്യു വോണുമായി ചേർന്നാണ് ക്രിസ്റ്റ്യാനോ യുആർ മർവ് (UR•Marv) എന്ന ഫിലിം സ്റ്റുഡിയോ ആരംഭിച്ചിരിക്കുന്നത്. ഹോളിവുഡ് നിർമാണ രംഗത്തേക്ക് കടന്നതോടെ താരത്തിന്റെ ആസ്തി സംബന്ധിച്ച കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്.

സോണൽ സ്പോർട്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോയുടെ ആസ്തി 800 മില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം മാത്രം താരത്തിന്റെ ഫുട്ബോൾ വരുമാനം 260 മില്യൺ ഡോളറാണ്. നിലവിൽ സൗദി ക്ലബ്ബായ അൽ നസ്ർ എഫ്സിക്കു വേണ്ടി കളിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ബിസിനസ് കാൽവെയ്പ്പാണ് യുആർ മർവ്. നൈക്കി, ടാഗ് ഹ്യൂവർ, ലൂയി വിട്ടൺ തുടങ്ങിയവയുടെ ബ്രാൻഡ് അംബാസഡറായ ക്രിസ്റ്റ്യാനോ ഇവയിൽ നിന്ന് 2 മില്യൺ ഡോളറിലധികം വരുമാനമുണ്ടാക്കുന്നു.
പ്രൊഫഷനൽ ഫുട്ബോൾ കരിയറിനും ബ്രാൻഡ് എൻഡോർസ്മെന്റുകൾക്കും പുറമേ നിരവധി ബിസിനസ്സുകളും താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. URSU വാട്ടർ ബ്രാൻഡ്, ഇറാകുലിസ് ആപ്പ്, സിആർ7 ഫ്രാഗ്രൻസസ് തുടങ്ങിയവയാണ് താരത്തിന്റെ പ്രാധാന ബിസിനസ് സംരംഭങ്ങൾ.