കേരളത്തിന് ഇനി വൈദ്യുതി സുഗമമായി ലഭിക്കാൻ കേരളത്തിലെ ആദ്യ ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം പദ്ധതി യാഥാർഥ്യത്തിലേക്ക്.
4 മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത് . പകൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് BESS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം. ബെസ്സ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ സംസ്ഥാനത്തിന്റെ പീക്ക് വൈദ്യുതി ആവശ്യകതയുടെ ഒരു പങ്ക് ആഭ്യന്തര സ്റ്റോറേജിലൂടെ കണ്ടെത്താൻ കഴിയും. അതുവഴി പീക്ക് സമയത്തെ ഉയര്‍ന്ന വൈദ്യുതി വാങ്ങൽച്ചെലവ് വലിയ തോതിൽ ലാഭിക്കാനും കഴിയും.

ആദ്യഘട്ടമായി കാസർഗോഡ് മൈലാട്ടി 220 kV സബ്സ്റ്റേഷനിൽ അധിക സൗരോർജ വൈദ്യുതി ശേഖരിക്കുന്ന 125 മെഗാവാട്ട് ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം PPP മാതൃകയിൽ സ്ഥാപിക്കാൻ കേന്ദ്ര ഏജൻസിയായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി KSEB കരാറായി.
ഇതിനു പിന്നാലെ ശ്രീകണ്ഠാപുരം 40MW, പോത്തൻകോട് 40MW, അരീക്കോട് 30MW, മുള്ളേരിയ 15MW എന്നിങ്ങനെ നാല് സബ്സ്റ്റേഷനുകളിലായി നാലു മണിക്കൂർ സ്റ്റോറേജ് ശേഷിയുള്ള BESS സ്ഥാപിക്കാൻ എൻഎച്ച്പിസി ടെൻഡർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ രണ്ടു പദ്ധതികളിലൂടെ 270 കോടി രൂപയുടെ കേന്ദ്ര സഹായം സംസ്ഥാനത്തെ വൈദ്യുതി മേഖലയ്ക്ക് ലഭിക്കും.
ഇവ കൂടാതെ 1000 മെഗാവാട്ട് ശേഷിയുള്ള BESS കൂടി അനുവദിക്കണമെന്ന കെ എസ് ഇ ബിയുടെ അഭ്യർത്ഥന കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുമുണ്ട്. BESS നു പുറമേ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും കാറ്റാടി പദ്ധതികളും എത്രയും വേഗം യാഥാർത്ഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെ എസ് ഇ ബി.
അനുദിനം ഉയരുന്ന വൈദ്യുതി ആവശ്യകത നേരിടാൻ 2030 ഓടെ 10,000 മെഗാവാട്ട് വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം ഉറപ്പാക്കുകയാണ് കെ എസ് ഇ ബി യുടെ ലക്ഷ്യം. സംസ്ഥാനത്തെ ജനസാന്ദ്രതയും ഭൂപ്രകൃതിയും പരിഗണിക്കുമ്പോൾ വൻകിട വൈദ്യുത പദ്ധതികൾ നടപ്പാക്കാൻ പ്രയാസമാണ്. അതിനാൽ സൗരോർജ്ജമടക്കമുള്ള പുനരുപയോഗ ഊർജ്ജസ്രോതസ്സുകളെ പരമാവധി ആശ്രയിച്ചു മാത്രമേ ഊർജ സ്വയം പര്യാപ്തത കൈവരിക്കാനാകുകയുള്ളൂ എന്ന നിഗമനത്തിൽ നിന്നുമാണ് BESS പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത് .
വൈദ്യുതോല്പാദന രംഗത്ത് നടപ്പിലാക്കുന്ന പദ്ധതികളിൽ പ്രമുഖ സ്ഥാനമാണ് കേരളം ഇപ്പോൾ പുനരുപയോഗ ഊർജ ഉൽപാദനത്തിന് നൽകുന്നത്. 2016 – ൽ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് പുനരുപയോഗ ഊർജ്ജമേഖലയിൽ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമായി സംസ്ഥാനത്തിന് 2263 മെഗാവാട്ട് റിന്യൂവബിൾ എനര്‍ജി എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും അതായത് 1576 മെഗാവാട്ട് സൗരോർജ മേഖലയിലാണ്. മാത്രമല്ല പുരപ്പുറ സോളാർ നിലയങ്ങളിലൂടെയുള്ള ഉത്പാദനം പ്രതിമാസം കുറഞ്ഞത് 30 മെഗാവാട്ട് എന്ന നിരക്കിൽ വർദ്ധിച്ചുവരികയാണ്. ഇത്തരത്തിൽ പുനരുപയോഗ ഊർജ്ജസ്രോതസ്സുകളിൽ നിന്നുള്ള വർദ്ധിത ഉത്പാദനവും എയർ കണ്ടീഷണറുകൾ, വൈദ്യുതവാഹനങ്ങൾ എന്നിവയുടെ അനിയന്ത്രിതമായ കടന്നുവരവും നിമിത്തം നിലവിൽ പകൽസമയത്തെയും വൈകുന്നേരത്തെ പീക്ക് സമയത്തെയും ഡിമാൻഡ് തമ്മിലുള്ള അന്തരം വർദ്ധിക്കുകയാണ്. പീക്ക് – ഓഫ് പീക്ക് സമയങ്ങളിലെ ഡിമാൻഡ് അന്തരവും നിരക്ക് വ്യത്യാസവും നിയന്ത്രിച്ച് ഗ്രിഡ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് എനർജി സ്റ്റോറേജ് സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്. പമ്പ്ഡ് സ്റ്റോറേജ് സ്റ്റേഷനുകൾ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) എന്നിവ സ്ഥാപിച്ച് ഈ പ്രതിസന്ധി ലഘൂകരിക്കുവാൻ കഴിയും. പമ്പ്ഡ് സ്റ്റോറേജ് നിലയങ്ങൾ സ്ഥാപിക്കുവാൻ കൂടുതൽ സമയവും നിക്ഷേപവും വേണ്ടിവരും എന്നതിനാൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുകയും 3000 മെഗാവാട്ട് അവർ ബെസ്സ് സ്ഥാപിക്കുന്നതിന് തത്വത്തിൽ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്.
കെഎസ്ഇബിഎൽ സമർപ്പിച്ച പദ്ധതി രൂപരേഖ വിലയിരുത്തി കേന്ദ്ര ഊർജ്ജമന്ത്രാലയം 2024 നവംബർ 28-ആം തീയതി പദ്ധതിക്ക് 135 കോടി രൂപ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ചു. ഇത്തരത്തിലുള്ള, സംസ്ഥാനത്തെ ആദ്യ ബൃഹത് പദ്ധതി ആണെന്നുള്ളത് വിലയിരുത്തി ഇത്തരം പദ്ധതികൾ രാജ്യത്ത് വിജയകരമായി നടപ്പാക്കിവരുന്ന സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI) എന്ന കേന്ദ്ര ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കരാർ പ്രകാരം യൂണിറ്റിന് 4.61 രൂപ ആണ് സ്റ്റോറേജ് നിരക്ക്. ഇതുവഴി പകൽ ലഭ്യമാകുന്ന അധിക സൗരോർജ്ജവൈദ്യുതി സംഭരിച്ചു രാത്രി സമയത്ത് വിതരണം ചെയ്യാൻ സാധിക്കും. 4 മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
കാസർകോട് ജില്ലയിലെ മൈലാട്ടിയിൽ കേരളത്തിന്റെ ആദ്യ ബാറ്ററി എനെർജി സ്റ്റോറേജ് പദ്ധതി PPP മാതൃകയിൽ നടപ്പാക്കുന്നതിന്റെ കരാർ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ എസ് ഇ ബി കൊമേർഷ്യൽ ആൻഡ് താരിഫ് ചീഫ് എൻജിനീയർ രാജൻ എം പി, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അതുല്യ കുമാർ നായിക് എന്നിവർ ചേർന്ന് കൈമാറി .
നിലവിൽ കർണാടകയിലെ കൊനാജെ സബ്സ്റ്റേഷനിൽ നിന്നും 30 മെഗാവാട്ട് മാത്രമാണ് കാസർകോട് ജില്ലയിലേക്കുള്ള വൈദ്യുതി ഇറക്കുമതി ശേഷി. 125 മെഗാവാട്ട് ബെസ്സ് ഗ്രിഡിലേക്ക് കൂട്ടിച്ചേർക്കുന്നത് ജില്ലയിലെ വൈദ്യുതി വിതരണം സംവിധാനത്തിനും വലിയ മുതൽക്കൂട്ടാകും.
പദ്ധതിയിലൂടെ പുനരുപയോഗ ഊർജ്ജരംഗത്ത് വലിയൊരു ചുവടുവയ്പാണ് സംസ്ഥാനം നടത്തുന്നത്. കെഎസ്ഇബി-യ്ക്കോ സംസ്ഥാനത്തിനോ മുതൽമുടക്കില്ലാതെ പദ്ധതി പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കിയതിനുശേഷം പ്രതിമാസം കപ്പാസിറ്റി സ്റ്റോറേജ് ചാർജ് 12 വര്‍ഷംകൊണ്ട് ഡെവലപ്പർക്ക് നൽകുന്ന രീതിയാണ് അവലംബിക്കുന്നത്. നിലവിലെ കണക്കിൽ ഏകദേശം 750 കോടി രൂപയുടെ പ്രാരംഭ മുതൽമുടക്കാണ് ഇത്തരത്തിൽ ഒഴിവായിരിക്കുന്നത്. 18 മാസമാണ് പൂർത്തീകരണ കാലാവധിയെങ്കിലും 9 മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കുന്നതിനായി 8 കോടി 40 ലക്ഷം രൂപ ഏർളി കമ്മീഷണിങ് ഇന്‍സെന്റീവും കെ എസ് ഇ ബി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ, അടുത്തവർഷം, വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്ന വേനൽക്കാലത്തിനു മുൻപായി പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അടുത്തഘട്ടമായി പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഹൈഡ്രോ പവർ കോപ്പറേഷന് കേന്ദ്ര ഗവൺമെൻറ് ലഭ്യമാക്കിയ വയബിലിറ്റി ഗ്യാപ് ഫണ്ട് ഉപയോഗിച്ച് 125 മെഗാവാട്ട്/ 500 മെഗാവാട്ട് അവര്‍ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം കേരളത്തിൽ സ്ഥാപിക്കുവാൻ നടപടി സ്വീകരിച്ചു വരുന്നു.
2040- ഓടെ 100% പുനരുപയോഗ ഊര്‍ജ്ജം, 2050 – ഓടെ ‘ നെറ്റ് സീറോ’ എന്നിങ്ങനെ ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇപ്പോൾ നടപ്പിലാക്കുന്ന 1000 മെഗാ വാട്ട് അവർ ബെസ്സ് പദ്ധതി വൻ കുതിപ്പേകും
Kerala is launching the country’s first Battery Energy Storage System (BESS) capable of supplying power for 4 hours. With 125 MW capacity at Kasaragod and more projects underway, this marks a major leap toward energy self-sufficiency and grid stability.