പൂർണ്ണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത ആദ്യ എഐ സെർവറിലൂടെ ആഭ്യന്തര സാങ്കേതിക ശേഷിയിൽ സുപ്രധാന ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ് രാജ്യം. വിവിഡിഎൻ ടെക്നോളജീസ് (VVDN Technologies) വികസിപ്പിച്ച സെർവർ 8 ഗ്രാഫിക്സ് പ്രൊസസിങ് യൂനിറ്റുകൾ (GPU) ഉൾക്കൊള്ളുന്നതാണ്. വിവിധ മേഖലകളിലെ കൃത്രിമ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ വേഗത്തിലാക്കുന്നതിന് എഐ സെർവർ നിർണായക പങ്കുവഹിക്കും. മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ സങ്കീർണ്ണമായ എഐ ജോലികൾ കാര്യക്ഷമമായി നിർവഹിക്കാൻ ഉയർന്ന പ്രോസസ്സിംഗ് പവറുള്ള എഐ സെർവർ പ്രാപ്തമാണ്.

സെർവറിന്റെ രൂപകൽപ്പന എഐ, ഇലക്ട്രോണിക്സ് രംഗത്ത് വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയുടെ വളരുന്ന സ്വാശ്രയത്വത്തെ സൂചിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണം, ധനകാര്യം, ഗവേഷണം, സ്മാർട്ട് സിറ്റി ഇൻഫ്രാസ്ട്രക്ചർ എന്നിവയിലും എഐ സെർവർ സേവനം സ്വാധീനിക്കും. തീവ്രമായ കമ്പ്യൂട്ടേഷണൽ ലോഡുകൾ കൈകാര്യം ചെയ്യുന്നതിലൂടെ, എഐ അധിഷ്ഠിത പരിഹാരങ്ങളുടെ വേഗത്തിലുള്ള വികസനവും വിന്യാസവും എഐ സെർവർ സുഗമമാക്കുന്നു. ഇതിലൂടെ നവീകരണത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഒപ്പം ശക്തമായ എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയേയും സെർവറിന്റെ തദ്ദേശീയ വികസനം അടിവരയിടുന്നു.