കല്യാണം പൊടിപൊടിക്കുക എന്നത് ഇന്ത്യക്കാരുടെ ശീലമാണ്. അതിസമ്പന്നരായിട്ടുള്ളവർ അത്യാഢംബരപൂർവം കല്യാണ മാമാങ്കം തന്നെ നടത്തിക്കളയും. മുമ്പ് അംബാനി കുടുംബത്തിലെ ആഢംബര വിവാഹമൊക്കെ അത്തരത്തിലായിരുന്നു. അത്തരത്തിലുള്ള മറ്റൊരു ആഢംബരവിവാഹം ഇന്ത്യയിൽ അതിനുമുൻപ് നടന്നിട്ടുണ്ട്. 2016ൽ രാജ്യം നോട്ടുനിരോധനത്തെ തുടർന്നുള്ള പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സമയത്തായിരുന്നു കർണാടകയിലെ ഖനിരാജാവ് ഗാലി ജനാർദന റെഡ്ഡിയുടെ മകൾ ബ്രാഹ്മണിയുടെ വിവാഹം. പാലസ് ഗ്രൗണ്ടിൽ വിജയനഗര കൊട്ടാരത്തിന്റെ മാതൃകയിൽ സെറ്റിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ നടത്തിയത്. എൽസിഡി സ്ക്രീൻ ഉൾപ്പെടുത്തിയിട്ടുള്ള വിവാഹ ക്ഷണക്കത്തും ഹംപിയുടെ മാതൃകയിലുള്ള വിവാഹ വേദിയുമൊക്കെയായി വിവാഹത്തിനായി മൊത്തം മുടക്കിയതാകട്ടെ 550 കോടി രൂപയും!
ബെംഗളൂരു പാലസ് ഗ്രൗണ്ടിലെ വേദിയിലും റെഡ്ഡിയുടെ ജന്മനാടായ ബെല്ലാരിയിലുമാണ് ദിവസങ്ങൾ നീണ്ട വിവാഹ ആഘോഷങ്ങൾ നടന്നത്. കല്യാണക്കത്തിനു മാത്രം അഞ്ചു കോടി രൂപ വില വന്നിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൊട്ടാര സദൃശമല്ല, കൊട്ടാരം തന്നെയായിരുന്നു ബെംഗളൂരു പാലസ് ഗ്രൗണ്ടിലെ 36 ഏക്കറുള്ള വിവാഹ വേദി. ബോളിവുഡിലെ കലാസംവിധായകരാണ് വിജയനഗര സാമ്രാജ്യത്തിലെ കൊട്ടാരത്തിന്റെ മാതൃകയിലുള്ള കല്യാണവേദി ഒരുക്കിയത്. വിവിഐപി അതിഥികൾക്ക് വന്നിറങ്ങാൻ പതിനഞ്ചു ഹെലിപാഡുകളാണ് ജനാർദന റെഡ്ഡി തയ്യാറാക്കിയത്. പോരാത്തതിന് 2000 ആഢംബര കാറുകളും അതിഥികൾക്കായി റെഡിയാക്കി. വിവാഹത്തിന് ബ്രാഹ്മണി അണിഞ്ഞത് പതിനേഴു കോടിയുടെ സ്വർണം അടങ്ങിയ കാഞ്ചീപുരം സാരിയായിരുന്നത്രേ. ഇതു കൂടാതെ 98 കോടി രൂപയുടെ ആഭരണവും വധു ധരിച്ചിരുന്നു. വിവാഹത്തിന് എത്തിയത് രാഷ്ട്രീയ പ്രമുഖരും സിനിമാ താരങ്ങളുമടക്കം 50000 പേരാണ്.
Brahmani Reddy’s lavish Rs. 550 crore wedding set new benchmarks in extravagance with luxury arrangements, VIP guests, and opulent attire.