ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഓയുടെ പിഎസ്എൽവി-സി61 (PSLV-C61/EOS-09) ദൗത്യം പരാജയപ്പെട്ടു. ഇതോടെ തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ഐഎസ്ആർഓയ്ക്ക് നഷ്ടമായി. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇഒഎസുമായി കുതിച്ചുയർന്ന പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പരാജയ കാരണം. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമാണ് പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന പിഎസ്എൽവി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് ഐഎസ്ആർഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു പിഎസ്എൽവി-സി61ന്റേത്.
1997ലെ പരാജയം അടക്കം 32 വർഷത്തിനിടെ പരാജയപ്പെട്ട മൂന്നാമത്തെ പിഎസ്‌എൽവി ദൗത്യമാണിത്. പറന്നുയർന്ന് ഏകദേശം ആറ് മിനിറ്റിനുള്ളിൽ റോക്കറ്റ് അതിന്റെ ഉദ്ദേശിച്ച പാതയിൽ നിന്ന് മാറുകയായിരുന്നു. രണ്ടാം ഘട്ടം വരെ റോക്കറ്റിന്റെ പ്രകടനം സാധാരണ ഗതിയിലായിരുന്നുവെന്നും വാഹനത്തിന്റെ മൂന്നാം ഘട്ടത്തിൽ ഉപയോഗിക്കുന്ന സോളിഡ് മോട്ടോറിലെ ചേംബർ മർദ്ദത്തിൽ കുറവുണ്ടായതിനാൽ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചില്ല എന്നും ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.
1696 കിലോഗ്രാം ഭാരമുള്ള ഇഒഎസ് 09 റഡാർ ഇമേജിംഗ് ഉപഗ്രഹത്തെ 529 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. 63 വിക്ഷേപണങ്ങൾ പൂർത്തിയാക്കിയ പിഎസ്എൽവിയുടെ ചരിത്രത്തിലെ തന്നെ മൂന്നാമത്തെ മാത്രം സമ്പൂർണ പരാജയമാണിത്.1993ലെ ആദ്യ പിഎസ്എൽവി വിക്ഷേപണം പരാജയമായിരുന്നു. 1997ൽ ഐആർഎസ് 1ഡി വിക്ഷേപണം ഭാഗികമായി പരാജയപ്പെട്ടപ്പോൾ 201ലെ ഐആർഎൻഎസ്എസ് 1 എച്ച് വിക്ഷേപണവും പരാജയമായിരുന്നു.
2025ൽ ഐഎസ്ആർഓയുടെ തുടർച്ചയായ രണ്ടാം ദൗത്യ പരാജയം കൂടിയാണിത്. ജനുവരിയിൽ എൻവിഎസ്-02 നാവിഗേഷൻ ഉപഗ്രഹം ലിക്വിഡ് അപ്പോജി മോട്ടോറിലെ തകരാർ കാരണം അന്തിമ ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
ISRO’s PSLV-C61 mission faced a rare failure, preventing the deployment of the EOS-09 Earth observation satellite due to a malfunction in the third stage. This marks a setback for ISRO’s reliable launch vehicle after eight years of successful missions.