ഏറ്റവും വരുമാനം വാങ്ങുന്ന കമ്പനി മേധാവിമാരുടെ പട്ടിക ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്ന പേരുകൾ ഗൂഗിളിന്റെ സുന്ദർ പിച്ചൈയുടേതു മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ലയുടേതും എല്ലാം ആകും. എന്നാൽ വരുമാനത്തിന്റെ കാര്യത്തിൽ ഇവരെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ടെസ്ല സിഎഫ്ഓയും ഇന്ത്യൻ വംശജനുമായ വൈഭവ് തനേജ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024ൽ മാത്രം 139 മില്യൺ ഡോളറാണ് (ഏകദേശം 1157 കോടി രൂപ) അദ്ദേഹത്തിന്റെ വരുമാനം.

ടെസ്‌ലയിൽ നിന്ന് വൈഭവ് തനേജയ്ക്കു ലഭിക്കുന്ന അടിസ്ഥാന ശമ്പളം 400000 ഡോളറാണ്. ടെസ്‌ല അദ്ദേഹത്തിനു നൽകിയ ഓഹരികളിൽ നിന്നുള്ള വരുമാനമാണ് ബാക്കി. 2024ൽ മൈക്രോസോഫ്റ്റ സിഇഒ സത്യ നദെല്ല 79.1 മില്യൺ ഡോളർ സമ്പാദിച്ചപ്പോൾ ഗൂഗിളിന്റെ സുന്ദർ പിച്ചൈയുടെ വരുമാനം 10.73 മില്യൺ ഡോളറായിരുന്നു.
ഡൽഹി സർവകലാശാലയിൽ നിന്ന് കൊമേഴ്‌സ് ബിരുദം നേടിയ തനേജ പിന്നീട് ചാർട്ടേഡ് അക്കൗണ്ടന്റ് രംഗത്തേക്ക് പ്രവേശിച്ചു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിൽ നിന്നും കരിയർ ആരംഭിച്ച അദ്ദേഹം 17 വർഷം ഇന്ത്യയിലും യുഎസ്സിലുമായി പ്രവർത്തിച്ചു. 2016ലാണ് തനേജ സോളാർസിറ്റി കോർപ്പറേഷനിലേക്ക് മാറിയത്. ഈ കമ്പനി പിന്നീട് ടെസ്‌ല ഏറ്റെടുക്കുകയായിരുന്നു. ടെസ്‌ലയിൽ അസിസ്റ്റന്റ് കോർപ്പറേറ്റ് കൺട്രോളറായി സേവനം ആരംഭിച്ച അദ്ദേഹം ഒടുവിൽ സിഎഫ്ഒ പദവിയിലെത്തി. കമ്പനിയുടെ നൂതന കാറുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്ന വിഭാഗമായ ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായും തനേജ സേവനമനുഷ്ഠിക്കുന്നു.
Vaibhav Taneja, Tesla’s CFO, is the highest-paid Indian-origin executive in 2024, with $139 million in earnings, largely from stock options. His compensation surpasses that of Google CEO Sundar Pichai and Microsoft CEO Satya Nadella, highlighting his significant financial leadership at Tesla and role in its India expansion.