വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ് (YouTube) കഴിഞ്ഞ ദിവസം കണ്ടന്റ് ക്രിയേറ്റർമാരെ (Content Creators) ബാധിക്കുന്ന വൻ പോളിസി മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്പാം വീഡിയോകൾ, നിലവാരം കുറഞ്ഞതും എഐ ജനറേറ്റഡുമായ ഉള്ളടക്കം തുടങ്ങിയവ പ്ലാറ്റ്ഫോമിലെ ഗുണനിലവാരത്തെയും മോണിടൈസേഷനെയും (Monetisatio) ബാധിച്ചതോടെയാണ് യൂട്യൂബ് പോളിസി മാറ്റത്തിന് ഒരുങ്ങുന്നത്. യൂട്യൂബ് വെച്ച് പണമുണ്ടാക്കുന്നവർ ഇനി മുതൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചല്ലെങ്കിൽ ഡോളർ വരുന്നതൊക്കെ നിൽക്കും എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

മോശം കണ്ടന്റുകൾ തടയുന്നതിനായാണ് കമ്പനി യൂട്യൂബ് പാർട്ണർ പ്രോഗ്രാമിനു (YouTube Partner Program,YPP) കീഴിലുള്ള മോണിടൈസേഷൻ നിയമങ്ങൾ കർശനമാക്കുന്നത്. ഒറിജിനൽ അല്ലാത്ത കണ്ടന്റുകൾ സംബന്ധിച്ച് യൂട്യൂബ് പുതിയ ഗൈഡ്ലൈനുകൾ കൊണ്ടുവന്നിട്ടുണ്ട്. പോളിസി പ്രകാരമുള്ള നിയമങ്ങൾ ജൂലൈ മാസം 15 മുതലാണ് നിലവിൽ ലരിക.
മോണിടൈസേഷൻ, അഥവാ യൂട്യൂബിൽ നിന്നും ക്രിയേറ്റേർസിന് പണം നൽകുന്ന വീഡിയോകളുടെ നയങ്ങളാണ് യൂട്യൂബ് പരിഷ്കരിച്ചിരിക്കുന്നത്. റിയാക്ഷൻ വീഡിയോ (Reaction Videos) പോലെ ആവർത്തിച്ചുള്ള ഉള്ളടക്കങ്ങൾ, ഒറിജിനൽ അല്ലാത്ത ഉള്ളടക്കങ്ങൾ (എഐ പോലുള്ളവ വെച്ച് ഉണ്ടാക്കുന്നവ) തുടങ്ങിയവ മോണിറ്റൈസേഷന് പരിഗണിക്കില്ലെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു. എന്നുവെച്ചാൽ, ആരോ ഉണ്ടാക്കുന്ന വീഡിയോകൾ അതുപോലെ എടുത്ത് റിയാക്ഷൻ എന്നു പറഞ്ഞു വായിട്ടലക്കുന്നവർക്കും മറ്റും യൂട്യൂബിൽ നിന്നും പണം വരുന്നത് നിൽക്കും. എന്നാൽ ട്രാൻസ്ഫോർമേറ്റീവ് രീതിയിൽ റിയാക്ഷൻ വീഡിയോസ് ഇടുന്നവരെ (ക്രിയാത്മകമായി, സ്വന്തം കയ്യിൽ നിന്നും എന്തെങ്കിലുമൊക്കെ വെച്ച് വീഡിയോ ഇടുന്നവരെ) നയമാറ്റം ബാധിക്കില്ല എന്നും യൂട്യൂബ് ഉറപ്പുനൽകുന്നു.
എഐ അഥവാ നിർമിത ബുദ്ധി ഉപയോഗിച്ച് യാതൊരു ക്രിയേറ്റിവിറ്റിയും ഇല്ലാത്ത കണ്ടന്റുകൾ പെരുകുന്നതും യൂട്യൂബിനെ നയമാറ്റത്തിനു പ്രേരിപ്പിച്ചു. എഐ സ്ലോപ് (AI Slop) എന്നറിയപ്പെടുന്ന ഇത്തരം വീഡിയോകൾ എഐ നറേഷനും സ്റ്റോക്ക് ഫൂട്ടേജും യാതൊരു അടിസ്ഥാനവുമില്ലാത്ത ദൃശ്യങ്ങളുമായി അരങ്ങുവാണിരുന്നു. അത്തരത്തിലുള്ള ചില വീഡിയോസ് ക്രിയാത്മകമാണെങ്കിലും ഭൂരിഭാഗവും ക്വാളിറ്റി ഇല്ലാത്തതും ക്രിയാത്മകത തൊട്ടുതീണ്ടിയില്ലാത്തതുമാണെന്ന് യൂട്യൂബ് വിലയിരുത്തുന്നു. ഇത്തരം കണ്ടന്റുകൾക്ക് അതുകൊണ്ടുതന്നെ പണം വരുന്നതും നിൽക്കും.
ചുരുക്കിപ്പറഞ്ഞാൽ പണം മാത്രം മുന്നിൽക്കണ്ട് എങ്ങനെയെങ്കിലും, എന്തെങ്കിലും വീഡിയോ ഇടുന്നവരെ (മാത്രം) ബാധിക്കുന്നതാണ് യൂട്യൂബിന്റെ നയമാറ്റം. മികച്ച കണ്ടന്റും ക്രിയേറ്റിവിറ്റിയും ഉള്ളവർക്ക് പേടിക്കാനില്ല, അവർക്കുള്ള ഡോളർ വന്നുകൊണ്ടേ ഇരിക്കും.