തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കേന്ദ്ര സർക്കാറിന്റെ വക 46000 രൂപ ലഭിക്കും എന്നു പറഞ്ഞ് ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയിൽപ്പെട്ടിരുന്നോ? എങ്കിൽ ചാടിക്കയറി ക്ലിക്ക് ചെയ്യുന്നതിനു മുൻപ് അതിനു പിന്നിലെ സത്യാവസ്ഥ അറിഞ്ഞോളൂ.

കേന്ദ്ര ധനമന്ത്രാലയം ഇന്ത്യൻ പൗരൻമാരെ സഹായിക്കാൻ 46,715 രൂപ നൽകുന്നതായും പണം ലഭിക്കാനായി ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാമെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നത്. പൗരൻമാർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ധനവകുപ്പ് ഇത്തരമൊരു സഹായം നൽകുന്നതെന്നും സന്ദേശത്തിൽ പറയുന്നു. എന്നാൽ ഇങ്ങനെയൊരു സംഗതിയേ ഇല്ലെന്നും സന്ദേശം വ്യാജമാണെന്നും കേന്ദ്ര ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) മുന്നറിയിപ്പു നൽകുന്നു.
ധനമന്ത്രാലയം ഇങ്ങനെ യാതൊരു പദ്ധതിയും നടപ്പിലാക്കുന്നില്ലെന്നും പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്നും യാതൊരു കാരണവശാലും ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പിഐബി സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഇത്തരം സന്ദേശങ്ങളെപ്പറ്റി ജാഗ്രത പുലർത്തണമെന്നും പിഐബി മുന്നറിയിപ്പ് നൽകി.
A viral message claims the Indian government is providing ₹46,000 in financial aid. PIB Fact Check confirms this is a fake message and a scam.