കേരളത്തിലെ സ്റ്റാർട്ടപ്പിന്റെ സാധ്യതയും അവസരവും തുറന്നിട്ട കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിൽ (Kerala Innovation Festival) ആദ്യദിവസം ഒഴുകിയെത്തിയത് ആയിരക്കണക്കിനു പേരാണ്. അക്ഷരാർത്ഥത്തിൽ ജനസഞ്ചയമായ കെഐഎഫിൽ അടുക്കള മാലിന്യ നിർമ്മാർജ്ജനം മുതൽ അണ്ടർ വാട്ടർ ഡ്രോണും റോബോട്ടിക് ഗ്രാഫ്റ്റിംഗും സാറ്റ്‌ലൈറ്റ് കൃഷിയും എഐ രക്തബാങ്കും ജൈവാവയവങ്ങളുടെ ത്രിഡി പ്രിന്റിംഗും വരെ പ്രദർശനത്തിനെത്തി. ഭാവിയുടെ നിത്യജീവിതത്തിന്റെ നേർക്കാഴ്ചയാണ് കളമശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ഡിജിറ്റൽ ഹബിൽ നടക്കുന്ന കെഐഎഫിൽ ഒരുക്കിയിട്ടുള്ളത്.

നിർമ്മിത ബുദ്ധി (AI), ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), മെഷീൻ ലേണിംഗ് (Machine Learning), റോബോട്ടിക്‌സ് (Robotics) തുടങ്ങിയവയുടെ ദൈനംദിന ജീവിതത്തിലെ ഉപയോഗം വെളിവാക്കുന്ന പ്രദർശനം ഏറെ കൗതുകമായി. സാധാരണക്കാരന് മനസിലാകാത്തതെന്ന് തള്ളിക്കളയാൻ സാധിക്കാത്തവിധമാണ് ഈ സാങ്കേതികവിദ്യകൾ പ്രദർശനത്തിനെത്തിയത്. ബയോണിക് എഐയുടെ (Bionic AI) രണ്ട് റോബോട്ടുകളാണ് പ്രധാന വേദിയിൽ സന്ദർശകരെ സ്വീകരിക്കുന്നത്. കുട്ടികളും മുതിർന്നവരും റോബോട്ടുകളുമൊത്ത് കൗതുകം നിറഞ്ഞ ആശയവിനിമയം നടത്തുന്നു.
ഓപ്പറേഷൻ സിന്ദൂറിലടക്കം (Operation Sindoor) പങ്കാളിത്തം വഹിച്ച ഐറോവ് അണ്ടർ വാട്ടർഡ്രോണുകൾ (EyeROV), കാർഷികാവശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫ്യൂസലേജ് ഡ്രോൺ (fuselage drone), രോഗികൾക്കുള്ള റോബോട്ടിക് സ്യൂട്ട് നിർമ്മിക്കുന്ന ആസ്‌ട്രെക് (Astrek) തുടങ്ങി കേരളത്തിൽ നിന്നുള്ള വിജയഗാഥകൾ രചിച്ച സ്റ്റാർട്ടപ്പുകളുടെ ഏറ്റവും ആധുനിക ഉത്പന്നങ്ങളാണ് കെഐഎഫിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഫ്ലാറ്റുകളിൽ ഉപയോഗിക്കാവുന്ന എയ്‌റോപോണിക്‌സ് സാങ്കേതിക വിദ്യയും (aeroponics technology) ഐഒടിയും ഉപയോഗിച്ചുള്ള കൃഷി രീതി, ഏത് വള്ളത്തിലും എളുപ്പം ഘടിപ്പിക്കാവുന്ന ഇലക്ട്രിക് മോട്ടോർ വികസിപ്പിച്ച സീമോട്ടോ (Seamoto) എന്നിവയെല്ലാം വ്യത്യസ്ത മേഖലകളിൽ സാങ്കേതികവിദ്യയുടെ സമർഥമായ ഉപയോഗത്തിന്റെ ഉദാഹരണങ്ങളായി.
കൃത്രിമ ജൈവാവയവങ്ങൾ നിർമ്മിക്കുന്നതിനുള്ള ബയോ ഇങ്ക് (Bio-ink) നിർമ്മിക്കുന്ന സ്‌കൈർ സയൻസ് (Scire Science) ഈ മേഖലയിൽ ഇന്ത്യയിലെ തന്നെ ആദ്യ കമ്പനിയും ലോകത്തിലെ അഞ്ചാമത്തേതുമാണ്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (SCTIMST) ഗവേഷണ സാങ്കേതികവിദ്യ അടിസ്ഥനമാക്കിയാണ് ഉത്പന്നം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പല്ലിൽ കമ്പിയിടാതെ തന്നെ നിരയെത്തിക്കുന്ന സെലെസ്റ്റ് അലൈൻ (Celeste Align), ഹെൽത്ത് കെയർ ആപ്പായ മൈകെയർ (MyCare) തുടങ്ങിയവ ഹെൽത്ത് ടെക്കിലെ പ്രധാന കാഴ്ചകളായി.
വളർത്തു മൃഗങ്ങളുടെ ആരോഗ്യസ്ഥിതി അവലോകനം ചെയ്യുന്ന ഉത്പന്നങ്ങളും പ്രദർശനത്തിലുണ്ട്. നായ്ക്കളുടെയും പൂച്ചകളുടെയും ലൊക്കേഷൻ അറിയുന്ന ലോക്കറ്റ്, ബെൽറ്റ്, പശുക്കളുടെ സമ്പൂർണ ആരോഗ്യപരിപാലനത്തിനുള്ള ഉപകരണം തുടങ്ങിയവ ആധുനിക സാങ്കേതികവിദ്യ ദൈനംദിന ജീവിത്തിൽ എത്രകണ്ട് സ്വാധീനം ചെലുത്തും എന്നത് കാണിച്ചു തരുന്നു.
വനിതാസംരംഭകരുടെ വിപണി സാധ്യതയുള്ള ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള എംവിപി സ്റ്റുഡിയോ (MVP Studio), അമ്പത് കിലോ അടുക്കള മാലിന്യം വെറും പതിനാറ് മണിക്കൂറിനുള്ളിൽ ജൈവമാലിന്യമാകുന്ന മെഷീൻ, എഐ തയ്യൽക്കട, ബയോ മാലിന്യങ്ങൾ കൊണ്ടുള്ള പ്ലേറ്റ്, പാത്രങ്ങൾ, പ്ലാസ്റ്റിക് ഇഷ്ടിക കൊണ്ടുള്ള സുസ്ഥിര നിർമ്മാണ രീതി എന്നിവയും ആകർഷകമാണ്.
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (KSID) വിദ്യാർത്ഥികളുടെ നൂതന ഉത്പന്നങ്ങളും കാഴ്ചക്കാരെ ആകർഷിക്കുന്നു. ഒരേ സമയം ബാഗായും മഴക്കോട്ടായും ഉപയോഗിക്കാവുന്ന ഡിസൈൻ നൂതനത്വത്തിന്റെ മാതൃകയാണ്. ഫാബ് ലാബിന്റെ ഉത്പന്നങ്ങളും ഡിസൈൻ രംഗത്തെ സാങ്കേതികവിദ്യയുടെ മികവ് വെളിവാക്കുന്നു. ഐഒടി, സെൻസർ സാങ്കേതികവിദ്യ എന്നിവയുപോയോഗിച്ച് സ്കൂൾ കുട്ടികൾ ഒരുക്കിയ പ്രദർശനവും കൗതുകമുളവാക്കി.
പതിനായിരത്തിലധികം പേർ കെഐഎഫിന്റെ ആദ്യ ദിനം തന്നെ ഒഴുകിയെത്തി. ആധുനിക സാങ്കേതികവിദ്യയിലെ വിവിധ പരിശീലന കളരികളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളുടെ തിരക്കായിരുന്നു. കെഐഎഫ് ഇന്ന് സമാപിക്കും.
KIF 2025 at KSUM Digital Hub showcases cutting-edge tech from AI and robotics to sustainable solutions, drawing thousands and highlighting Kerala’s innovation.