കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) പത്താം വർഷത്തിലേക്ക് കടക്കുകയാണ്. കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഡീപ് ടെക് ഇക്കോസിസ്റ്റമാണ് കെഎസ് യുഎമ്മിന്റെ കൂടി പങ്കാളിത്തത്തോടെ സാധ്യമാക്കാനായ ഏറ്റവും പ്രധാന മാറ്റമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക (Anoop Ambika) പറഞ്ഞു. ഡ്രോണുകളും ഇലക്ട്രോണിക്സും ലൈഫ് സയൻസും ക്വാണ്ടം കംപ്യൂട്ടിങ്ങും എല്ലാം അടങ്ങുന്ന നിരവധി കമ്പനികൾ കേരളത്തിൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. എണ്ണത്തേക്കാളും കെഎസ് യുഎം പ്രാധാന്യം നൽകുന്നത് ഇത്തരം മേഖലകളിലെ സുപ്രധാന നേട്ടങ്ങൾക്കാണ്. സീനിയറായ ടെക്നോളജിസ്റ്റുകളിൽ പോലും കേരളത്തിൽ സംരംഭം ആരംഭിച്ചാൽ വിജയം കൊയ്യാം എന്ന ആത്മവിശ്വാസം വളർന്നിരിക്കുന്നു. ഇതാണ് കേരള സ്റ്റാർട്ടപ്പ് മിഷനെ സംബന്ധിച്ച സുപ്രധാന നേട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി.

7000 സ്റ്റാർട്ടപ്പുകളുടെയും അതിലും എത്രയോ ഇരട്ടി തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കെഎസ് യുഎമ്മിന് ആയെന്നും അതിൽ അഭിമാനവും നന്ദിയുമുണ്ടെന്നും അനൂപ് അംബിക പറഞ്ഞു. അഭിമാനത്തിനൊപ്പം ഈ യാത്രയിൽ നിരവധി പേരോട് നന്ദിയുമുണ്ട്. കണ്ടതും കാണാത്തതുമായ നിരവധി പേർ ഈ വളർച്ചയുടെ ഭാഗമായി. സംരംഭകർക്കും നിക്ഷേപകർക്കുമൊപ്പം വിദ്യാർത്ഥികളും ഗവൺമെന്റ് ഉദ്യോഗസ്ഥരുമെല്ലാം ഈ യാത്രയുടെ ഭാഗമായവരാണ്. 7000 സ്റ്റാർട്ടപ്പുകൾ എന്ന മികച്ച സംഖ്യയിലേക്ക് എത്താനായത് കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് ഉണ്ടാക്കാനായ നേട്ടമാണെന്നും അനൂപ് ചൂണ്ടിക്കാട്ടി.
ഇന്ന് സ്റ്റാർട്ടപ്പുകൾ എന്നു പറഞ്ഞാൽ ആരും നെറ്റി ചുളിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാന മാറ്റമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പണിയൊന്നും ചെയ്യാത്തതുകൊണ്ട് സ്റ്റാർട്ടപ്പുമായി ഇറങ്ങുന്നു എന്ന തെറ്റിദ്ധാരണയിൽനിന്നും ഏറെ ഗൗരവം നിറഞ്ഞ കാര്യമാണ് സ്റ്റാർട്ടപ്പ് എന്നതിലേക്ക് ആളുകളുടെ ചിന്തയെ എത്തിക്കാനായി. ഇത്തരത്തിൽ സ്റ്റാർട്ടപ്പുകളെക്കുറിച്ച് സമൂഹത്തിന്റെ മനോഭാവത്തിൽത്തന്നെ വലിയ മാറ്റമുണ്ടാക്കാൻ കെഎസ് യുഎമ്മിനായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സമാപിച്ച കേരള ഇന്നൊവേഷൻ ഫെസ്റ്റ് (KIF) അടക്കമുള്ള നിരവധി പരിപാടികൾ ഈ പത്തു വർഷങ്ങൾക്കുള്ളിൽ കെഎസ് യുഎം സംഘടിപ്പിച്ചു. ഇതെല്ലാം എല്ലാ തരത്തിലുമുള്ള കഴിവുകൾക്ക് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയിൽ സ്ഥാനമുണ്ടെന്ന അവബോധത്തിലേക്ക് നയിച്ചു-അദ്ദേഹം പറഞ്ഞു.
Kerala Startup Mission (KSUM) celebrates its 10th year, highlighting the growth of Kerala’s deep tech ecosystem and the confidence instilled in tech entrepreneurs.