അക്കാഡമിക് രംഗത്ത് മികവു പുലർത്തുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (Aster DM Healthcare) ചെയർമാൻ ഡോ. ആസാദ് മൂപ്പൻ (Dr. Azad Moopen). ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്സ് പ്രോഗ്രാം (Dr. Moopen’s Legacy Scholarship and Fellowships Programme) എന്ന പേരിലുള്ള സ്കോളർഷിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് (Dr. Moopen’s Medical College), ഡോ. മൂപ്പൻസ് നഴ്സിങ് കോളേജ് (Dr. Moopen’s Nursing College), ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി (Dr. Moopen’s College of Pharmacy) എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ സഹായിക്കുന്നതിനായാണ് ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് എന്ന പദ്ധതി. അടുത്ത അഞ്ചുവർഷത്തിനിടെ 125 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് സ്കീമിലൂടെ പ്രയോജനം ലഭിക്കും. അഞ്ചുപേർക്ക് എംബിബിഎസ്, 10 പേർക്ക് ബിഎസ് സി നഴ്സിംഗ്, 10 പേർക്ക് ബിഫാം എന്നിങ്ങനെ 25 പേർക്കാണ് പ്രതിവർഷം സ്കോളർഷിപ്പോടു കൂടി പ്രവേശനം അനുവദിക്കുക. സാമ്പത്തിക പിന്നോക്കാവസ്ഥ ഉൾപ്പെടെ പരിഗണിച്ചാകും സ്കോർളർഷിപ്പിന് അർഹരായവരെ കണ്ടെത്തുക.

കേരളത്തിൽ ആദ്യമായി സ്വകാര്യ മെഡിക്കൽ കോളേജ് യോഗ്യരായ വിദ്യാർഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീ ഇളവ് വാഗ്ദാനം ചെയ്യുന്നു എന്ന സവിശേഷതയുമായാണ് ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് എത്തുന്നത്. സ്കോളർഷിപ്പിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം ആരംഭിച്ചു. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി www.dmscholarship.in. സന്ദർശിക്കുക.
Dr. Moopen’s Legacy Scholarship by Aster DM Healthcare will provide medical education aid to 125 deserving students, including full tuition waivers.