യുഎസ് ഭരണകൂടവും ഗൂഗിളും തമ്മിലുള്ള ആന്റി ട്രസ്റ്റ് കേസിന്റെ ഫലമായി ഗൂഗിൾ ക്രോം (Google Chrome) ബ്രൗസർ വിൽക്കാൻ ആൽഫബെറ്റ് (Alphabet) നിർബന്ധിതരായാൽ ക്രോം ബ്രൗസർ ഏറ്റെടുക്കാൻ താത്പര്യം അറിയിച്ച് അരവിന്ദ് ശ്രീനിവാസ് (Aravind Srinivas). പെർപ്ലെക്സിറ്റി എഐ (Perplexity AI) സ്ഥാപകനും ഇന്ത്യൻ വംശജനുമാണ് അരവിന്ദ് ശ്രീനിവാസ്. പെർപ്ലെക്സിറ്റി ക്രോം ഏറ്റെടുക്കുന്നതിനായി 34.5 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ക്രോമിന്റെ അടിസ്ഥാന ക്രോമിയം കോഡ് (Chromium code) ഓപ്പൺ സോഴ്സ് ആയി സൂക്ഷിക്കുക, രണ്ട് വർഷത്തിനുള്ളിൽ ബ്രൗസറിൽ $3 ബില്യൺ നിക്ഷേപിക്കുക, ക്രോമിന്റെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ ക്രമീകരണങ്ങൾ നിലനിർത്തുക തുടങ്ങിയ നിർദേശങ്ങളാണ് പെർപ്ലെക്സിറ്റിയുടെ ബിഡ്ഡിൽ വാഗ്ദാനം ചെയ്തിട്ടുള്ളത്. പെർപ്ലെക്സിറ്റിയുടെ സ്വന്തം മൂല്യനിർണ്ണയത്തേക്കാൾ വളരെ ഉയർന്നതാണ് ഈ ഓഫർ എന്നതിനാൽ കമ്പനിയിൽ നിന്നുള്ള നീക്കം അത്ഭുതത്തോടെയാണ് ബിസിനസ് വിദഗ്ധർ നിരീക്ഷിക്കുന്നത്. മൂന്ന് വർഷം മാത്രം പഴക്കമുള്ള എഐ സ്റ്റാർട്ടപ്പ് ആണ് പെർപ്ലെക്സിറ്റി.

ഗൂഗിളിനുമേലുള്ള റെഗുലേറ്ററി സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ബിഡ്. അതേസമയം അപ്പീൽ നൽകാൻ പദ്ധതിയുണ്ടെന്നും ബ്രൗസർ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗൂഗിൾ അറിയിച്ചു.
Perplexity AI CEO Aravind Srinivas, an Indian-origin entrepreneur, offers $34.5B to acquire Google Chrome amidst the US government’s antitrust case.