മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യമായ ഗഗൻയാൻ (Gaganyaan) 2027ൽ യാഥാർത്ഥ്യമാകാൻ തയ്യാറെടുക്കുകയാണ്. 2027 ആദ്യ പാദത്തിലാണ് ഗഗൻയാൻ ദൗത്യം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദൗത്യവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷണമായ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ് ടെസ്റ്റ് (Integrated Air Drop Test, IADT-01) എന്നറിയപ്പെടുന്ന പാരച്യൂട്ടിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു. ഐഎസ്ആർഒ, ഇന്ത്യൻ വ്യോമസേന, നാവിക സേന എന്നിവയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലായിരുന്നു പരീക്ഷണം.

ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര ചരിത്രത്തിലെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്ന ദൗത്യത്തിനായി നാല് ബഹിരാകാശ സഞ്ചാരികളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച ശുഭാംശു ശുക്ല (Shubhanshu Shukla), മലയാളിയും വ്യോമസേനാ ഫൈറ്റർ പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ (Prasanth Balakrishnan Nair) എന്നിവർക്കൊപ്പം അജിത് കൃഷ്ണൻ (Ajit Krishnan), അങ്കദ് പ്രതാപ് (Angad Pratap) എന്നിവരാണ് ദൗത്യാംഗങ്ങൾ. ക്രൂ അംഗങ്ങൾ നിലവിൽ കർശന പരിശീലനം പൂർത്തിയാക്കി സുരക്ഷിതവും വിജയകരവുമായ യാത്രയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു.
2021ലാണ് ഗഗൻയാൻ സംഘം പരിശീലനം ആരംഭിച്ചത്. ഇന്ത്യയ്ക്കു പുറമേ റഷ്യയിൽ നിന്നും സംഘാംഗങ്ങൾ ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി. റഷ്യയുടെ റോസ്കോസ്മോസ് ബഹിരാകാശ ഏജൻസിയുടെ കീഴിലുള്ള ഗഗാറിൻ കോസ്മോനോട്ട് ട്രെയിനിങ് സെന്ററിലായിരുന്നു പരിശീലനം. ബഹിരാകാശത്തു പോകുമ്പോഴുള്ള അന്തരീക്ഷം, റേഡിയേഷൻ, ഉദ്ദേശിച്ച സ്ഥലത്ത് ഇറങ്ങാനാകാതെ വന്നാൽ അതിജീവിക്കുന്നതെങ്ങനെ എന്നടക്കമുള്ളവയാണ് ഘട്ടം ഘട്ടമായി പരിശീലനത്തിൽ ഉൾക്കൊള്ളിച്ചത്. ഗുരുത്വാകർഷണ ബലം പൂജ്യമാകുന്ന അവസ്ഥയിൽ ഫ്ലൈറ്റ് സ്യൂട്ട് ധരിക്കാനും വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും അടക്കമുള്ളവയും പരിശീലിപ്പിച്ചു. 2021ൽ മടങ്ങിയെത്തിയ പൈലറ്റുമാർക്ക് ബെംഗളൂരുവിലും തുടർപരിശീലനം ലഭിച്ചു. എൻജിനീയറിങ്, ഗഗൻയാൻ ഫ്ലൈറ്റ് സിസ്റ്റം, ബഹിരാകാശ വാഹനത്തിന്റെ രൂപഘടന, പ്രൊപ്പൽഷൻ, എയ്റോ ഡൈനാമിക്സ്, റോക്കറ്റിന്റെയും സ്പേസ് ക്രാഫ്റ്റിന്റെയും അടിസ്ഥാന പാഠങ്ങൾ ഉൾപ്പെടെയുള്ളവയാണ് ബെംഗളൂരു പരിശീലനത്തിൽ നടന്നത്. യോഗ, എയ്റോ മെഡിക്കൽ ട്രെയിനിങ്, പറക്കൽ പരിശീലനം തുടങ്ങിയവയും ദൗത്യാംഗങ്ങളുടെ ശാരീരിക പരിശീലനത്തിൽ ഉൾപ്പെടുന്നു.
ഇതിനുശേഷം നടന്ന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ആക്സിയം ദൗത്യവും ഐഎസ്എസ് യാത്രയും ഇന്ത്യയുടെ ക്രൂ സെലക്ഷൻ സംവിധാനത്തിന്റെ കാര്യക്ഷമത തെളിയിക്കുന്നതാണ്. ദൗത്യത്തിനായുള്ള ഹ്യുമൻ-റേറ്റഡ് LVM3 വെഹിക്കിൾ (Human-rated LVM3 vehicle), ക്രൂ മോഡ്യൂൾ, സർവീസ് മോഡ്യൂൾ എന്നിവയുടെ പരിശോധനകളും സംയോജിപ്പിക്കൽ പ്രക്രിയകളും ഇപ്പോൾ അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം വിക്ഷേപണ സൗകര്യങ്ങളും രക്ഷാപ്രവർത്തന സംവിധാനങ്ങളും ഒരുക്കത്തിലാണ്.
India’s first human spaceflight mission, Gaganyaan, is set for an early 2027 launch. A Malayali astronaut is among the four-member crew for the historic mission.