ബഹിരാകാശ പരിശീലനത്തിന്റെ ‘ബിഹൈൻഡ് ദി സീൻസ്’ (BTS) വീഡിയോ ഷെയർ ചെയ്ത് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല (Shubhanshu Shukla). നാസയുടെ മാർഷൽ സ്പേസ് ഫ്ലൈറ്റ് സെന്ററിലെ (NASA’s Marshall Space Flight Center) മൾട്ടി ആക്സിസ് ട്രെയിനർ (Multi Axis Trainer – MAT) ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.

ബഹിരാകാശയാത്രികർക്ക് റോൾ, പിച്ച്, യോ ആക്സിസുകളിൽ നേരിടേണ്ടിവരുന്ന അതിവേഗ ചലനങ്ങൾ പുനരാവിഷ്കരിക്കുന്ന പരിശീലനത്തിന്റെ വീഡിയോയാണ് അദ്ദേഹം പുറത്തുവിട്ടത്. ‘മെർക്കുറി ആസ്ട്രനോട്ട് ട്രെയിനർ’ എന്നും അറിയപ്പെടുന്ന മൾട്ടി ആക്സിസ് ട്രെയിനർ, ബഹിരാകാശ ക്യാപ്സ്യൂൾ നിയന്ത്രണം നഷ്ടപ്പെട്ട് സ്പിന്നിങ് സംഭവിക്കാവുന്ന സാഹചര്യം നേരിടാനാണ് ആദ്യം വികസിപ്പിച്ചെടുത്തത്.
1966ൽ ജെമിനി 8 മിഷനിൽ ബഹിരാകാശ പേടകത്തിന്റെ ത്രസ്റ്റർ തകരാറിലായപ്പോൾ, സ്പേസ് ക്രാഫ്റ്റ് നിയന്ത്രണം വിട്ട് അതിവേഗത്തിൽ സ്പിന്നിംഗ് ആരംഭിച്ചിരുന്നു. അന്ന് ഇത്തരം പരിശീലനത്തിലൂടെ നേടിയ പരിചയമാണ് വിഖ്യാത ബഹിരാകാശ യാത്രികൻ നീൽ ആംസ്ട്രോങ്ങിനെ (Neil Armstrong) നിയന്ത്രണം വീണ്ടെടുക്കാൻ സഹായിച്ചത്. ഇത്തരം സംഭവങ്ങൾ മൾട്ടി ആക്സിസ് ട്രെയിനറിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് ശുഭാംശു ചൂണ്ടിക്കാട്ടി. പരിശീലന വീഡിയോ കാണുമ്പോൾ തലകറങ്ങുന്നതുപോലെ തോന്നാമെങ്കിലും, യഥാർത്ഥത്തിൽ മോഷൻ സിക്നസ്സ് ഉണ്ടാകാത്ത തരത്തിലാണ് മാറ്റ് ട്രെയിനിങ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Indian astronaut Shubhanshu Shukla shared a video of his space training on a Multi Axis Trainer at NASA, simulating high-speed spacecraft movements.