യൂറോപ്പ്യൻ മൾട്ടിനാഷണൽ എയ്റോസ്പേസ് കോർപറേഷനായ എയർബസ്സുമായി (Airbus) ചേർന്ന് പൈലറ്റ് പരിശീലന കേന്ദ്രം ആരംഭിച്ച് എയർ ഇന്ത്യ (Air India). ഹരിയാനയിലെ ഗുരുഗ്രാമിലുള്ള എയർ ഇന്ത്യ ഏവിയേഷൻ ട്രെയിനിംഗ് അക്കാഡമിയിലാണ് (Air India Aviation Training Academy) നൂതന പൈലറ്റ് ട്രെയിനിങ് ഹബ്ബ് ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വാണിജ്യ വ്യോമയാനത്തിന്റെ അതിവേഗ വളർച്ചയെ പിന്തുണയ്ക്കാൻ പുതിയ കേന്ദ്രത്തിനാകുമെന്ന് എയർ ഇന്ത്യ പ്രതിനിധി അറിയിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ അയ്യായിരത്തിലധികം പുതിയ പൈലറ്റുമാരെ പരിശീലിപ്പിക്കാൻ അത്യാധുനിക സൗകര്യം സഹായിക്കും.
എയർബസ് കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ക്രിസ്റ്റ്യൻ ഷെറർ, എയർ ഇന്ത്യ എംഡിയും സിഇഒയുമായ കാംബെൽ വിൽസൺ എന്നിവരുടെ സാന്നിധ്യത്തിൽ സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവാണ് ട്രെയിനിങ് ഹബ്ബ് ഉദ്ഘാടനം ചെയ്തത്.
12000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കേന്ദ്രത്തിൽ 10 ഫുൾ ഫ്ലൈറ്റ് സിമുലേറ്ററുകൾ (FFS) ഉണ്ടായിരിക്കും. കൂടാതെ വിപുലമായ ക്ലാസ് മുറികളും ബ്രീഫിംഗ് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. എയർബസ് A320, A350 വിമാനങ്ങൾക്കുള്ള പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനാണ് സൗകര്യം രൂപകൽപന ചെയ്തിരിക്കുന്നത്.
Air India and Airbus launch a high-tech Pilot Training hub in Gurugram, aiming to train over 5,000 pilots in the next decade.