താലിബാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ മാറ്റം. ഇതിന്റെ ഭാഗമായി അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലേക്കെത്തും. ഒക്ടോബർ 9-10 തീയതികളിൽ മുത്തഖി ഇന്ത്യ സന്ദർശിക്കുന്നതോടെ ഇന്ത്-അഫ്ഗാൻ ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മുത്തഖി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. 2021ൽ അഫ്ഗാനിസ്താന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ഒരു മുതിർന്ന താലിബാൻ ഉദ്യോഗസ്ഥന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

യുഎൻ സുരക്ഷാ സമിതിയുടെ യാത്രാവിലക്ക് നേരിടുന്നതിനാൽ മുത്തഖിയുടെ സന്ദർശനത്തിനായി ഇന്ത്യ ഇളവ് തേടി കൗൺസിലിനെ സമീപിച്ചിരുന്നു. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ താൽക്കാലിക ഇളവ് അനുവദിച്ചതായി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി സ്ഥിരീകരിച്ചതോടെയാണ് സന്ദർശനം സാധ്യമാകുന്നത്.
താലിബാൻ മന്ത്രിയുടെ സന്ദർശനം സഹകരണത്തിന്റെ പുതിയ മേഖലകൾക്ക് സഹായിക്കും. 2025 ജനുവരിയിൽ ദുബായിൽ മുത്തഖിയും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉന്നതതല സന്ദർശനങ്ങൾ ആവശ്യമാണെന്ന് താലിബാൻ രാഷ്ട്രീയ കാര്യാലയ മേധാവിയും ഖത്തറിലെ അഫ്ഗാൻ അംബാസഡറുമായ സുഹൈൽ ഷഹീൻ പ്രതികരിച്ചു. സഹകരണത്തിന്റെ വിവിധ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിന് ഈ സന്ദർശനം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
India set to host Afghanistan’s Foreign Minister Amir Khan Muttaqi (Taliban) on Oct 9-10 after UN travel ban waiver. He will meet EAM S. Jaishankar.