യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനായി യാത്രി സുവിധ കേന്ദ്രത്തെ (പാസഞ്ചർ കൺവീനിയൻസ് സെന്റർ) മൂന്ന് മേഖലകളായി വിഭജിച്ച് ഇന്ത്യൻ റെയിൽവേ. ഉത്സവ സീസണിൽ യാത്രകൾ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. തിരക്കേറിയ ഉത്സവ സീസണിന് മുന്നോടിയായി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമിച്ച യാത്രി സുവിധ കേന്ദ്രം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പരിശോധിച്ചു.

7000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് കേന്ദ്രം രൂപകൽപന ചെയ്തിരിക്കുന്നത്. ടെർമിനൽ ഉടനീളം യാത്രക്കാരുടെ ഒഴുക്ക് സുഗമമാക്കുന്നതിനും പ്രീ-ബോർഡിംഗ് സൗകര്യം വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. പുതുതായി വികസിപ്പിച്ച അത്യാധുനിക യാത്രി സുവിധ കേന്ദ്രം ഉത്സവ സീസണിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉള്ളതിനാൽ യാത്രക്കാർക്ക് ആശ്വാസം നൽകുമെന്നും രാജ്യത്തെ മറ്റ് സ്റ്റേഷനുകളിലും ഇതുപോലുള്ള യാത്രി സുവിധ കേന്ദ്രം വികസിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി യാത്രി സുവിധ കേന്ദ്രത്തെ 2860 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ടിക്കറ്റിംഗ് ഏരിയ, 1150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പോസ്റ്റ്-ടിക്കറ്റിംഗ് ഏരിയ, 1218 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്രീ-ടിക്കറ്റിംഗ് ഏരിയ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു. ഉത്സവ സീസണിലെ തിരക്കേറിയ സമയങ്ങളിൽ, സ്റ്റേഷന്റെ പ്രധാന കവാടത്തിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ വേർതിരിക്കൽ.
സൗകര്യവും സുരക്ഷയും വർധിപ്പിക്കുന്നതിനായി നോർത്തേൺ റെയിൽവേ നിരവധി ആധുനിക സൗകര്യങ്ങൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. 22 ആധുനിക ടിക്കറ്റിംഗ് കൗണ്ടറുകളും 25 ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളുമാണുള്ളത്. 200 യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും 18 ഹൈ വോളിയം ലോ സ്പീഡ് (HVLS) ഫാനുകളുമുണ്ട്. 652 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടോയ്ലറ്റ് ബ്ലോക്കും RO അധിഷ്ഠിത കുടിവെള്ള സംവിധാനവുമാണ് മറ്റ് സവിശേഷതകൾ.
ഇതിനുപുറമേ അനൗൺസ്മെന്റുകൾക്കായി 24 സ്പീക്കറുകൾ, 3 എൽഇഡി ട്രെയിൻ ഇൻഫർമേഷൻ ഡിസ്പ്ലേകൾ, 7 നൂതന അഗ്നിശമന യൂണിറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 18 സിസിടിവി ക്യാമറകൾ, 5 ലഗേജ് സ്കാനറുകൾ, 5 ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ സുരക്ഷയൊരുക്കും.
indian railways introduces yatri suvidha kendras (passenger convenience centers) at ndls to ease festival travel, with ticketing and pre-boarding facilities.