ഐസിസി ഏകദിന ലോകകിരീടം നേടിയ ഇന്ത്യൻ വനിതാ ടീമിനെ കാത്തിരിക്കുന്നത് വമ്പൻ പാരിതോഷികങ്ങൾ. ചാംപ്യൻമാരായ ഹർമൻപ്രീത് കൗറിനും സംഘത്തിനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവ്ജിത് ശൈക്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമ്മാനത്തുക 300 ശതമാനത്തോളം വർധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഐസിസി സമ്മാനത്തുകയായി ഇന്ത്യൻ ടീമിന് ലഭിച്ചത് 39.78 കോടി രൂപയാണ്.

ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയിരിക്കുന്നത്. നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ ലോക ജേതാക്കളായത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ദീപ്തി ശർമയുടേയും ഷെഫാലി വർമയുടേയും ഓൾറൗണ്ട് മികവാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. അർധസെഞ്ച്വറി നേടിയ ഇരുവരും ബൗളിങ്ങിൽ യഥാക്രമം അഞ്ചും രണ്ടും വിക്കറ്റ് വീതവും വീഴ്ത്തി.
the bcci has announced a massive rs 51 crore cash reward for the icc women’s odi world cup-winning indian team led by harmanpreet kaur, after their historic maiden triumph.
