യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ, വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെ 21 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന പ്രഖ്യാപനവുമായി നോർത്തേൺ റെയിൽവേ സോൺ. തിരുവനന്തപുരം അടക്കമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസുകൾ. തിരുവനന്തപുരത്തിനു പുറമേ ഗോരഖ്പൂർ, ആനന്ദ് വിഹാർ, ബറേലി, മൊറാദാബാദ്, അംബാല, ജമ്മു താവി, മുംബൈ, ന്യൂഡൽഹി, വഡോദര, സൂറത്, ഉദ്ധ്ന തുടങ്ങിയ പ്രധാന നഗരങ്ങളേയും പ്രത്യേക ട്രെയിനുകൾ ബന്ധിപ്പിക്കും. ഉത്തർപ്രദേശ്, ഡൽഹി, ബീഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, ജമ്മു കശ്മീർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ റൂട്ടുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.

ന്യൂഡൽഹിയിൽ നിന്നും ജമ്മു താവിയിലെ രക്തസാക്ഷി ക്യാപ്റ്റൻ തുഷാർ മഹാജൻ ടെർമിനലിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് പ്രത്യേക സർവീസുകളിൽ ഉൾപ്പെടുന്നു . ന്യൂഡൽഹി–മുംബൈ സെൻട്രൽ, ന്യൂഡൽഹി–ഹൗറ, ഡൽഹി സരായ് രോഹില്ല–സബർമതി, പട്ന–ആനന്ദ് വിഹാർ ടെർമിനൽ, ദർഭംഗ–ആനന്ദ് വിഹാർ ടെർമിനൽ, മുംബൈ സെൻട്രൽ–ഷക്കൂർ ബസ്തി എന്നീ റൂട്ടുകളിൽ മറ്റ് പ്രീമിയം, സൂപ്പർഫാസ്റ്റ്, റിസർവ്ഡ് ട്രെയിനുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നിലവിലുള്ള ദീർഘദൂര സർവീസുകൾക്കൊപ്പം സമയം ഏകോപിപ്പിച്ചുകൊണ്ട്, നിർദിഷ്ട ദിവസങ്ങളിൽ മിക്ക ട്രെയിനുകളും പൂർണമായും റിസർവ്ഡ് സ്പെഷ്യലുകളായി സർവീസ് നടത്തും.
നോർത്തേൺ റെയിൽവേ സ്പെഷ്യൽ ട്രെയിനുകളുടെ പട്ടിക:
ഗോരഖ്പൂർ – ആനന്ദ് വിഹാർ ടെർമിനൽ: 05591/05592 സ്പെഷ്യൽ
വന്ദേ ഭാരത് സ്പെഷ്യൽ (ന്യൂഡൽഹി – ജമ്മു താവി): 02439/02440
ന്യൂഡൽഹി – മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് സ്പെഷ്യലുകൾ: 04001/04002 റിസർവ് ചെയ്തത്
ഹസ്രത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ: 04080 റിസർവ്ഡ് സൂപ്പർഫാസ്റ്റ് (വൺ-വേ)
ന്യൂഡൽഹി – ഹൗറ റിസർവ്ഡ് സ്പെഷ്യലുകൾ: 04459/04460
ഡൽഹി സരായ് രോഹില്ല – സബർമതി റിസർവ്ഡ് സ്പെഷ്യലുകൾ: 04061/04062
പട്ന – ആനന്ദ് വിഹാർ ടെർമിനൽ സ്പെഷ്യലുകൾ: 02309/02310, 02395/02396
ദർഭംഗ – ആനന്ദ് വിഹാർ ടെർമിനൽ സ്പെഷ്യലുകൾ: 05563/05564
മുംബൈ സെൻട്രൽ – ഷക്കൂർ ബസ്തി സൂപ്പർഫാസ്റ്റ് സ്പെഷ്യലുകൾ: 09003/09004
വടക്കൻ റെയിൽവേ സേവനങ്ങൾ വിപുലീകരിക്കുമ്പോൾ, 2025 ഡിസംബർ മുതൽ 2026 മാർച്ച് വരെ മൂടൽമഞ്ഞ് കാരണം ഈസ്റ്റ് സെൻട്രൽ റെയിൽവേ (ഇസിആർ) ശൈത്യകാല തയ്യാറെടുപ്പ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി, പ്രയാഗ്രാജ്-മുസാഫർപൂർ എക്സ്പ്രസ്, ഡെറാഡൂൺ-ഹൗറ ഉപാസന എക്സ്പ്രസ്, മാൾഡ ടൗൺ-ന്യൂഡൽഹി എക്സ്പ്രസ്, കാമാഖ്യ-ആനന്ദ് വിഹാർ എക്സ്പ്രസ് എന്നിവയുൾപ്പെടെ 24 ദീർഘദൂര ട്രെയിനുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. മൂടൽമഞ്ഞിന്റെ സമയത്ത് പ്രവർത്തന സുരക്ഷ ഉറപ്പാക്കുന്നതിനായി ബീഹാർ, ജാർഖണ്ഡ്, അസം, പശ്ചിമ ബംഗാൾ, ദേശീയ തലസ്ഥാന മേഖല എന്നിവയുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളെയാണ് താൽക്കാലികമായി നിർത്തിവെച്ചത്. യാത്രക്കാർ പുതുക്കിയ ട്രെയിൻ ഷെഡ്യൂളുകൾ പരിശോധിച്ച് അതനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാൻ റെയിൽവേ നിർദേശിക്കുന്നു.
അതേസമയം, ക്രിസ്തുമസ്-ന്യൂയർ തിരക്ക് കൂടിയതോടെ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ വേണമെന്ന ആവശ്യം ഉയർത്തുകയാണ് യാത്രക്കാർ. ബെംഗളൂരു -കൊച്ചി റൂട്ടിൽ വലിയ ആശ്വാസമായിരുന്ന കൊച്ചി-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ ബുക്കിങ്ങ് ഫുൾ ആയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വന്ദേഭാരതിന് 8 അധിക കോച്ചുകൾ കൂടി അനുവദിച്ചാൽ അൽപമെങ്കിലും ആശ്വാസമാകുമെന്നാണ് യാത്രക്കാരുടെ സംഘടനയുടെ പ്രതിനിധികൾ പറയുന്നത്.
ഇതോടൊപ്പംതന്നെ കൂടുതൽ ട്രെയിനുകളോ കെഎസ്ആർടിസി സ്പെഷ്യൽ ബസുകളോ അനുവദിച്ചില്ലെങ്കിൽ അവധിക്കാലത്ത് നാട്ടിലെത്തുന്നത് ദുരിതപൂർണമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ബസുകൾ കൊള്ള നിരക്കാണ് ഈടാക്കുന്നതെന്നും സർക്കാർ ഇടപെട്ടില്ലെങ്കിൽ സാധാരണക്കാരെ സംബന്ധിച്ച് യാത്ര വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
Northern Railway is running 21 special trains, including Vande Bharat services, to manage passenger rush, linking major cities like New Delhi, Mumbai, and Thiruvananthapuram.
