വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പുതിയ അപ്രന്റിസ് അവസരങ്ങൾ പ്രഖ്യാപിച്ച് അദാനി സ്കിൽസ് ആൻഡ് എഡ്യൂക്കേഷൻ. ഡിപ്ലോമയോ എൻജിനിയറിംഗോ പൂർത്തിയാക്കിയ ഫ്രഷേഴ്സിനായി ഒരുക്കുന്ന പരിശീലന പദ്ധതി നാഷണൽ അപ്രന്റിസ്ഷിപ്പ് സ്കീം (NAPS) പ്രകാരമാണ് നടപ്പാക്കുന്നത്. ഒ ആൻഡ് എം സർവീസ് പങ്കാളികളോടൊപ്പമുള്ള പന്ത്രണ്ടു മാസത്തെ പരിശീലനം തുറമുഖ പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ നേരിട്ടുള്ള അനുഭവം നൽകുമെന്ന് അധികൃതർ അറിയിച്ചു. പരിശീലന കാലയളവിൽ ബിഇ-ബിടെക്ക് പൂർത്തിയാക്കിയവർക്ക് പ്രതിമാസം 18,000 രൂപയും ഡിപ്ലോമ-ബിഎസ്സി പൂർത്തിയാക്കിയവർക്ക് 16,000 രൂപയും സ്റ്റൈപ്പെൻഡായി ലഭിക്കും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഐടി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

25 വയസ്സിൽ താഴെയുള്ള ഫ്രഷേഴ്സിനാണ് അപേക്ഷിക്കാൻ അവസരം. വിദ്യാഭ്യാസം ആദ്യ ശ്രമത്തിൽ വിജയിച്ചിരിക്കണം, കൂടാതെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കിയവരാകണം എന്നിങ്ങനെ നിബന്ധനകളുണ്ട്. വിഴിഞ്ഞം തുറമുത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണനയുണ്ട്. അപേക്ഷകർ ഏതെങ്കിലും സർക്കാർ അപ്രന്റിസ് പദ്ധതിയിൽ ഉൾപ്പെട്ടവരാകരുതെന്നും ഇപിഎഫ് ഇല്ലാത്തവരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഡിസംബർ 12 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പരിശീലനത്തിന് ലഭ്യമായ സീറ്റുകൾ പരിമിതമായതിനാൽ ഉടൻ റജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇന്ത്യയിലെ ഏറ്റവും പുതിയ തുറമുഖത്തിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഈ അവസരം വലിയ നേട്ടമാകുമെന്ന് അഡാനി സ്കിൽസ് ആൻഡ് എഡ്യൂക്കേഷൻ വ്യക്തമാക്കി. അപേക്ഷിക്കാനുള്ള ലിങ്ക്: https://docs.google.com/forms/d/e/1FAIpQLScyrpD42F21qsGPAt6gUkGmKS7GxsZfsjUdx-Coy8zPG55-8A/viewform. കൂടുതൽ വിവരങ്ങൾക്ക് +91 9633531991 എന്ന നമ്പറിൽ ബന്ധപ്പെടുക.
