ബിസിസിഐ വാർഷിക കരാറിൽ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയുടേയും രോഹിത് ശർമയുടേയും ശമ്പളം കുറയാൻ സാധ്യത. ഡിസംബർ 22ന് നടക്കുന്ന ബിസിസിഐ എപെക്സ് കൗൺസിലിന്റെ വാർഷിക പൊതുയോഗം (AGM) ഇക്കാര്യങ്ങൾ അടക്കം ചർച്ച ചെയ്യാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച ഇരുതാരങ്ങളും ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ സീസണിൽ (2024–25 കരാറിൽ) ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം ഇരുവരും A+ വിഭാഗത്തിലായിരുന്നു. ഇന്ത്യയുടെ T20 ലോകകപ്പ് വിജയത്തോടെ ഇരുവരും ഫോർമാറ്റിൽ നിന്ന് പിന്മാറിയിയെങ്കിലും ടെസ്റ്റ് സാന്നിധ്യം അടിസ്ഥാനപ്പെടുത്തി റോ-കോയെ കഴിഞ്ഞ വർഷവും A+ വിഭാഗത്തിൽ ഉൾപ്പെടുകയായിരുന്നു. ഇനി വരുന്ന കരാറിൽ ഇരുവരും A+ വിഭാഗത്തിൽ തുടരുമോ, അതോ ഗ്രേഡ് ഏ യിലേക്ക് മാറ്റപ്പെടുമോ എന്നതാണ് പ്രധാന ചർച്ച.
നിലവിൽ A+ വിഭാഗത്തിന് ₹7 കോടി, A വിഭാഗത്തിന് ₹5 കോടി, B വിഭാഗത്തിന് ₹3 കോടി, C വിഭാഗത്തിന് ₹1 കോടി എന്നിങ്ഹനെയാണ് ബിസിസിഐയുടെ വാർഷിക ശമ്പളം. അതുകൊണ്ടുതന്നെ A+ വിഭാഗത്തിൽ നിന്ന് താഴേക്ക് മാറിയാൽ ഇരുവരുടേയും വാർഷിക ശമ്പളത്തിൽ രണ്ടു കോടി രൂപയുടെ കുറവ് വരും. ഇതിനിടെ, ഇന്ത്യൻ ടെസ്റ്റ്–ഏകദിന ടീമുകളുടെ നായകനായ ശുഭ്മാൻ ഗിൽ എ വിഭാഗത്തിൽ നിന്ന് A+ വിഭാഗത്തിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
യോഗത്തിൽ ബിസിസിഐ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട പുതുക്കലുകളും ചർച്ചയാകും. സെപ്റ്റംബർ മാസത്തിൽ നടന്ന ഭാരവാഹി മാറ്റങ്ങൾക്ക് ശേഷമുള്ള ആദ്യ എജിഎം ആണ് ഇതെന്നതും ശ്രദ്ധേയമാണ്.
Virat Kohli and Rohit Sharma, now focusing on ODIs, face a potential salary drop from the ₹7 Cr A+ BCCI contract grade to Grade A (₹5 Cr). The decision will be reviewed at the BCCI Apex Council AGM on December 22, impacting the 2025–26 cycle
