ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ വ്യാപാര കരാർ (ECTA) പ്രകാരം 2026 ജനുവരി 1 മുതൽ എല്ലാ ഇന്ത്യൻ കയറ്റുമതികൾക്കും ഓസ്‌ട്രേലിയ തീരുവ രഹിത പ്രവേശനം നൽകുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. 2022 ഡിസംബർ 29ന് പ്രാബല്യത്തിൽ വന്ന കരാറിന്റെ മൂന്നാം വാർഷികത്തെക്കുറിച്ച് എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2026 ജനുവരി 1 മുതൽ, ഓസ്‌ട്രേലിയൻ താരിഫ് ലൈനുകളുടെ നൂറ് ശതമാനവും ഇന്ത്യൻ കയറ്റുമതിക്ക് സീറോ ഡ്യൂട്ടി ആയിരിക്കുമെന്ന് പിയൂഷ് ഗോയൽ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, കരാർ സുസ്ഥിരമായ കയറ്റുമതി വളർച്ച, ആഴത്തിലുള്ള വിപണി പ്രവേശനം, ശക്തമായ വിതരണ ശൃംഖല പ്രതിരോധം എന്നിവ നൽകി. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്കും, എംഎസ്എംഇകൾക്കും, കർഷകർക്കും, തൊഴിലാളികൾക്കും ഒരുപോലെ പ്രയോജനം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാറിന്റെ മൂന്നാം വാർഷിക വേളയിൽ, ഉദ്ദേശ്യങ്ങളെ യാഥാർത്ഥ ഫലങ്ങളാക്കി മാറ്റിയ പങ്കാളിത്തത്തെ സ്മരിക്കുന്നു. 2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഓസ്‌ട്രേലിയയിലേക്കുള്ള കയറ്റുമതി 8% വർധിച്ചു; ഇതിലൂടെ ഇന്ത്യയുടെ വ്യാപാര ബാലൻസ് മെച്ചപ്പെട്ടുവെന്നതാണ് കരാറിന്റെ പര്ധാന നേട്ടം. നിർമ്മാണം, രാസവസ്തുക്കൾ, വസ്ത്ര വ്യവസായം, പ്ലാസ്റ്റിക്, ഫാർമസ്യൂട്ടിക്കൽസ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, രത്ന–ആഭരണ മേഖലകൾ എന്നിവയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. ഇതിനുപുറമേ, കൃഷി കയറ്റുമതിയിൽ വ്യാപകമായ വളർച്ച ഉണ്ടായി; പച്ചക്കറികൾ, സമുദ്രോൽപ്പന്നങ്ങൾ, മസാലകൾ, കോഫി എന്നിവയിൽ വലിയ വർധന രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
2025 ഏപ്രിൽ–നവംബർ കാലയളവിൽ രത്ന–ആഭരണ കയറ്റുമതി 16% ഉയർന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ജൈവ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്പര അംഗീകാര കരാർ (MRA) ഒപ്പുവെച്ചത് വ്യാപാരം ലളിതമാക്കുകയും കയറ്റുമതിക്കാർക്ക് കംപ്ലയൻസ് ചെലവ് കുറയ്ക്കുകയും ചെയ്യുന്ന സുപ്രധാന നേട്ടമായതായും മന്ത്രി അഭിപ്രായപ്പെട്ടു. 2026 ജനുവരി 1 മുതൽ ഇന്ത്യൻ കയറ്റുമതികൾക്ക് ഓസ്‌ട്രേലിയയിലെ 100% താരിഫ് ലൈൻസിലും തീരുവയില്ലാതാകുമെന്നും ഇതോടെ തൊഴിൽ അധിഷ്ഠിത മേഖലകൾക്ക് പുതിയ അവസരങ്ങൾ തുറക്കപ്പെടുമെന്നും മന്ത്രി വിശദീകരിച്ചു.
Australia will grant 100% duty-free access to Indian exports starting January 1, 2026, under the ECTA agreement. Commerce Minister Piyush Goyal highlights significant growth in gems, jewelry, and agriculture sectors.