പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള ബലൂചിസ്ഥാൻ മേഖലയിൽ ചൈന സൈനിക സാന്നിധ്യം സ്ഥാപിക്കാനുള്ള സാധ്യത ഉയരുന്നതായി ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ യാർ ബലൂച് മുന്നറിയിപ്പ് നൽകി. പാകിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിന് അയച്ച കത്തിലാണ് അദ്ദേഹം ആശങ്ക പങ്കുവെച്ചിരിക്കുന്നത്.

പാകിസ്ഥാനും ചൈനയും തമ്മിൽ ശക്തമാകുന്ന സഖ്യം ബലൂചിസ്ഥാൻ ജനതയ്ക്കും ഇന്ത്യയ്ക്കും വലിയ ഭീഷണിയാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. ചൈന–പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, അടുത്ത മാസങ്ങളിൽ തന്നെ ബലൂചിസ്ഥാനിൽ ചൈനീസ് സൈന്യത്തെ വിന്യസിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യക്കും ഗുരുതരമായ ഭീഷണിയാകും. 2025 മെയ് മാസത്തിൽ ബലൂച് ദേശീയ നേതാക്കൾ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായും, 2026ന്റെ ആദ്യവാരത്തിൽ “ബലൂചിസ്ഥാൻ ഗ്ലോബൽ ഡിപ്ലോമാറ്റിക് വീക്ക്” സംഘടിപ്പിച്ച് ലോകരാജ്യങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനാണ് ലക്ഷ്യമെന്നും മിർ യാർ ബലൂച് അറിയിച്ചു.
2025 ഏപ്രിലിലെ പഹൽഗാം കൂട്ടക്കൊലയ്ക്ക് തിരിച്ചടിയായി പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലെയും ഭീകര പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ ഭീകരവാദത്തിനെതിരായ ആക്രമണത്തേയും ബലൂച് നേതാവ് പ്രശംസിച്ചു. ബലൂചിസ്ഥാനിൽ പാകിസ്താൻ സർക്കാരിന്റെ ദീർഘകാല അടിച്ചമർത്തലും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായും, ഇന്ത്യയുമായി സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താനുള്ള ഉറച്ച പിന്തുണ ബലൂച് ജനത നൽകുന്നതായും കത്തിൽ പറയുന്നു.
Baloch leader Mir Yar Baloch writes to S. Jaishankar seeking India’s support against Pakistan. He warns of imminent Chinese military deployment in Balochistan and praises India’s Operation Sindoor.