ഡെലിവെറി പങ്കാളികൾക്ക് പ്രതിമാസം ഏകദേശം 26,000 രൂപ സമ്പാദിക്കാമെന്ന സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിന്റെ അവകാശവാദത്തിന് എതിരെ ഗിഗ് വർക്കേഴ്സ് അസോസിയേഷൻ. വരുമാനം മണിക്കൂറിൽ ₹ 81 മാത്രമാണെന്നും പ്രതിമാസം പരമാവധി 21,000 രൂപയോളമേ വരുമാനമായി ലഭിക്കാറുള്ളെന്നും തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് അസോസിയേഷൻ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും 10 മിനിറ്റ് ഡെലിവറി മോഡലിനെതിരെ തൊഴിലാളികൾ പ്രതിഷേധം തുടരവേയാണ് ദീപീന്ദർ ഗോയലിന്റെ പ്രസ്താവനയും ഇതിന് സംഘടനയുടെ മറുപടിയും.

ഡെലിവെറി ജീവനക്കാർ മണിക്കൂറിൽ 102 രൂപ സമ്പാദിക്കുന്നതായാണ് നേരത്തെ ദീപീന്ദർ ഗോയൽ പറഞ്ഞത്. ഇത്തരത്തിൽ ദിവസം പത്ത് മണിക്കൂർ വെച്ച് ജോലി ചെയ്താൽ 26 ദിവസം കൊണ്ട് ഏകദേശം 26,500 രൂപ സമ്പാദിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനു മറുപടിയുമായാണ് ഇപ്പോൾ തൊഴിലാളി സംഘടന രംഗത്തെത്തിയിരിക്കുന്നത്. ഇന്ധനച്ചെലവും അറ്റകുറ്റപ്പണിയും (~20%) കണക്കാക്കിയാൽ, 260 മണിക്കൂർ ജോലി ചെയ്താലും മാസം ഏകദേശം 21,000 രൂപ മാത്രമേ ലഭിക്കാറുള്ളൂുവെന്ന് തൊഴിലാളികൾ പറയുന്നു. ഇത് മണിക്കൂറിൽ വെറും 81 രൂപ മാത്രമാണ്. ഇന്ധന–അറ്റകുറ്റപ്പണി ചിലവുകൾക്കുശേഷം വരുമാനം കുറയുന്നുവെന്ന് ദീപീന്ദർ ഗോയൽ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, സാമൂഹിക സുരക്ഷ, ശമ്പളത്തോടുകൂടിയ അവധി, അപകടപരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങൾ ഇല്ലെന്നതാണ് യൂണിയന്റെ പ്രധാന വിമർശനം. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്വിഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ക്വിക്ക് കൊമേഴ്സ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഡെലിവറി–ഗിഗ് തൊഴിലാളികൾ ക്രിസ്മസ് ദിനത്തിലും ഡിസംബർ 31നും രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു.
തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾ ദിനംപ്രതി മോശമാകുന്നതായും വേതനം, സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ നിഷേധിക്കപ്പെടുന്നതായും ചൂണ്ടിക്കാണിച്ചാണ് ഡെലിവെറി തൊഴിലാളികൾ പണിമുടക്ക് നടത്തിയത്. പീക്ക് സീസണുകളിലും ഉത്സവ ദിവസങ്ങളിലും ലാസ്റ്റ്-മൈൽ ഡെലിവറിയുടെ പ്രധാനഭാഗം ഏറ്റെടുത്തിട്ടുപോലും ഡെലിവെറി തൊഴിലാളികൾ ബുദ്ധിമുട്ടുകയാണെന്ന് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (IFAT) വ്യക്തമാക്കി. നീണ്ട ജോലി സമയം, കുറഞ്ഞ വരുമാനം, അപകടകരമായ ഡെലിവെറി ടാർഗെറ്റുകൾ തുടങ്ങിയവയാണ് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നങ്ങൾ. യാതൊരു മുന്നറിയിപ്പുമില്ലാത്ത ഐഡി ബ്ലോക്കിംഗ്, ജോലി സുരക്ഷയുടെ അഭാവം, അടിസ്ഥാന ക്ഷേമ പരിരക്ഷകൾ ഇല്ലാത്തത് എന്നിവയ്ക്ക് വിധേയരാക്കുന്നതായി തൊഴിലാളികൾ പരാതിപ്പെടുന്നു
‘10 മിനിറ്റ് ഡെലിവെറി’ പോലുള്ള മോഡലുകൾ പിൻവലിക്കണമെന്നും, വ്യക്തവും നീതിയുള്ള വേതന ഘടന നടപ്പാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. യാതൊരു നടപടിക്രമവുമില്ലാതെ ഐഡികൾ ബ്ലോക്ക് ചെയ്യുന്നതും പിഴ ചുമത്തുന്നതും അവസാനിപ്പിക്കണം. സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ശക്തമാക്കുക, ആൽഗോരിതം അടിസ്ഥാനമാക്കിയുള്ള വിവേചനം ഒഴിവാക്കി സ്ഥിരമായ ജോലി വിന്യാസം ഉറപ്പാക്കൽ, മാനുഷികമായ പെരുമാറ്റത്തിനൊപ്പം നിർബന്ധിത വിശ്രമവേളകളും ന്യായമായ ജോലി സമയവും തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചു
Gig Workers Associations challenge Zomato CEO Deepinder Goyal’s claim that delivery partners earn ₹26,000 monthly, highlighting high fuel costs and lack of social security.
