2026ൽ ഇന്ത്യൻ എയർലൈൻ കമ്പനികൾ രാജ്യത്തെ മൊത്തം വിമാന ഫ്ലീറ്റിലേക്ക് 50 മുതൽ 55 വരെ പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്. വിവിധ എയർലൈൻസുകളുടെ പ്രതീക്ഷിക്കുന്ന ഡെലിവെറികൾ അടിസ്ഥാനമാക്കി ബിസിനസ് സ്റ്റാൻഡേർഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2025ൽ വിമാനഫ്ലീറ്റിൽ 79 വിമാനങ്ങൾ ചേർത്തിരുന്നെങ്കിലും, 44 വിമാനങ്ങൾ തിരിച്ചുനൽകിയതോടെ നെറ്റ് ഇൻഡക്ഷൻ വെറും 35 മാത്രമായിരുന്നു. 2024നേക്കാളും ഏറെ കുറഞ്ഞ അവസ്ഥയിലായിരുന്നു പുതിയ വിമാനങ്ങളുടെ എണ്ണമെന്നും, എന്നാൽ ഈ വർഷം ഇതിൽ മാറ്റമുണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Planespotter.com ഡാറ്റ മുൻനിർത്തിയാണ് ബിസിനസ് സ്റ്റാൻഡേർഡിന്റെ വിശകലനം. 2025ൽ രാജ്യത്തെ മൊത്തം വിമാനങ്ങളുടെ എണ്ണം 826 ആയി. ഇതിൽ 723 വിമാനങ്ങൾ മാത്രമാണ് പ്രവർത്തനക്ഷമമായിരുന്നത്. ബാക്കി 103 വിമാനങ്ങൾ സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ്, അപ്പ്‌ഗ്രഡേഷൻ, നവീകരണം തുടങ്ങിയ കാരണങ്ങളാൽ പ്രവർത്തനം നിലച്ചു. എയർ ഇന്ത്യയുടെ ചില വിമാനങ്ങൾ പുതുക്കലിന്റെ ഭാഗമായി സർവീസ് നടത്തിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഇന്ത്യയിലെ വ്യോമയാന അടിസ്ഥാനസൗകര്യ വികസനം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാം മോഹൻ നായിഡു വ്യക്തമാക്കി. ഓരോ 45 മുതൽ 50 ദിവസങ്ങൾക്കിടയിലും പുതിയ വിമാനത്താവളങ്ങൾ പ്രവർത്തനമാരംഭിക്കുകയോ നിലവിലുള്ളവ വിപുലീകരിക്കുകയോ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ജനുവരി 4ന് വിശാഖപട്ടത്തിന് അടുത്തുള്ള ഭോഗാപുരം വിമാനത്താവളത്തിൽ നടത്തിയ വാലിഡേഷൻ ഫ്ലൈറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആവശ്യകതയെ മുൻകൂട്ടി കണക്കിലെടുത്തുള്ള അടിസ്ഥാനസൗകര്യ വികസന തന്ത്രത്തിന്റെ ഭാഗമാണ് രാജ്യത്തിന്റെ വ്യോമയാന മേഖലയിൽ നടക്കുന്ന വൻ മാറ്റങ്ങൾ. ഡൽഹി എൻസിആറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ഇതിന് പിന്നാലെ ഭോഗാപുരം വിമാനത്താവളവും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ ഭാവിയിലെ യാത്രക്കാരുടെ വർധന കണക്കിലെടുത്ത് പുതിയ വിമാനത്താവള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Indian airlines are set to add 55 new aircraft to their fleet in 2026. Civil Aviation Minister K. Ram Mohan Naidu discusses rapid infrastructure growth and the possibility of a second airport in Bengaluru. Read more about the future of Indian aviation.