റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ (RCPL) പാക്കേജ്ഡ് വാട്ടർ ബ്രാൻഡായ കാമ്പ ഷുവർ (Campa Sure) ബ്രാൻഡ് അംബാസഡറായി ഇതിഹാസ താരം അമിതാഭ് ബച്ചനെ നിയമിച്ചു. ഒരു വർഷത്തെ കരാറിലാണ് ബച്ചനെ കാമ്പ ഷുവറിന്റെ മുഖമാക്കിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അമിതാഭ് ബച്ചന്റെ ബഹുജന ആകർഷണവും കാമ്പ ഷുവറിന്റെ താങ്ങാനാകുന്ന വിലനയവും ഒരുമിച്ച് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ബിസ്‌ലെരി, കൊക്കക്കോളയുടെ കിൻലി, പെപ്‌സികോയുടെ അക്വാഫിന തുടങ്ങിയ എതിരാളികളേക്കാൾ 20–30 ശതമാനം കുറഞ്ഞ വിലയ്ക്കാണ് റിലയൻസിന്റെ കാമ്പ ഷുവർ വെള്ളം വിപണിയിലെത്തിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്‌എംസിജി വിഭാഗമായ ആർസിപിഎൽ സമീപ മാസങ്ങളിൽ ഒപ്പുവയ്ക്കുന്ന മൂന്നാമത്തെ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റ് കരാറാണിത്. കഴിഞ്ഞ ഏപ്രിലിൽ നടൻ രാം ചരണിനെ ബ്രാൻഡ് അംബാസഡറാക്കിയ കമ്പനി, ഐപിഎൽ ടി20 സീസണിലും സജീവ പങ്കാളിത്തം നേടിയിരുന്നു. രണ്ട് മാസം മുമ്പ് നടനും റേസറുമായ അജിത് കുമാറിന്റെ മോട്ടോർസ്പോർട്ട് ടീമുമായും ആർസിപിഎൽ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ജിഎസ്ടി കുറച്ച വിഭാഗങ്ങളിൽ പാക്കേജ്ഡ് വാട്ടറും ഉൾപ്പെടുന്നു. പ്രകൃതിദത്തവും കൃത്രിമവുമായ മിനറൽ വാട്ടറുകളിലെ നികുതി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചത് ഈ മേഖലയിലെ എല്ലാ പ്രമുഖ ബ്രാൻഡുകൾക്കും വില കുറയ്ക്കാൻ സഹായകമാകും.
Reliance signs legendary actor Amitabh Bachchan as the face of its packaged water brand, Campa Sure. Learn how Big B’s appeal will drive Reliance’s low-cost water strategy.