സംസ്ഥാനത്ത് സംരംഭകത്വ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ നിർണായക പങ്കാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) വഹിക്കുന്നതെന്ന് കെഎസ്‌യുഎം ഇൻഫ്രാസ്ട്രക്ചർ വിഭാഗം മേധാവി സുമി സുകുമാരൻ വ്യക്തമാക്കി. ചാനൽഅയാം ഷീ പവറിനോട് അനുബന്ധിച്ചു നടത്തിയ പോഡ്കാസ്റ്റിൽ അവർ സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സംരംഭകത്വ ഇക്കോസിസ്റ്റം വികസിപ്പിക്കാൻ ചുമതലപ്പെടുത്തിയ ഏജൻസിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. സംസ്ഥാനത്തുടനീളം സ്റ്റാർട്ടപ്പ് സംസ്‌കാരം വളർത്തുകയും അതിനെ സ്കെയിൽ ചെയ്യുകയും ചെയ്യുന്നതാണ് മിഷന്റെ പ്രധാന ദൗത്യം. വിദ്യാർത്ഥികളായാലും പ്രൊഫഷണലുകളായാലും, സംരംഭകനാകാൻ ആഗ്രഹമുള്ള ഏത് വ്യക്തിക്കും സ്റ്റാർട്ടപ്പ് മിഷനെ സമീപിക്കാമെന്ന് സുമി സുകുമാരൻ പറഞ്ഞു. ഇന്നൊവേറ്റീവ്, സ്കെയിലബിൾ, ടെക്നോളജി അധിഷ്ഠിതമായ ആശയങ്ങളുമായി മുന്നോട്ട് വരുന്ന സംരംഭകരെയാണ് പ്രധാനമായും സ്റ്റാർട്ടപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നത്. ഒരു ആശയം മാത്രമുള്ളവർക്ക് പോലും സ്റ്റാർട്ടപ്പ് മിഷനെ സമീപിക്കാം. കർശനമായ പ്രാരംഭ ക്രൈറ്റീരിയകൾ ഇല്ല. ‘എന്ത് നിർമ്മിക്കണം, എങ്ങനെ നിർമ്മിക്കണം’ എന്ന ആശയക്കുഴപ്പമുള്ളവർക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ കെഎസ്‌യുഎം പ്രതിജ്ഞാബദ്ധമാണെന്നും അവർ വ്യക്തമാക്കി.
സർക്കാർ സംഘടനയാണെങ്കിലും കോർപ്പറേറ്റ് തലത്തിൽ പ്രവർത്തിക്കുന്ന വൈബ്രന്റ് ടീമാണ് സ്റ്റാർട്ടപ്പ് മിഷനിലുള്ളതെന്നും എല്ലാവർക്കും തുറന്ന സമീപനമാണെന്നും സുമി സുകുമാരൻ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കാസർഗോഡ്, പാലക്കാട് എന്നിവിടങ്ങളിലായി സ്റ്റാർട്ടപ്പ് മിഷൻ നേരിട്ട് മോണിറ്റർ ചെയ്യുന്ന കേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എങ്ങനെയാണെന്നും മിഷനുമായി എങ്ങനെ ചേർന്ന് പ്രവർത്തിക്കാമെന്നും നേരിട്ട് മനസ്സിലാക്കാം. ഇതുകൂടാതെ, വിവിധ നെറ്റ്‌വർക്കിങ് ഇവന്റുകൾ, പാർട്ണർഡ് പ്രോഗ്രാമുകൾ, എൻജിനീയറിങ്-ആർട്സ് കോളേജുകളിലെ ഇൻക്യുബേഷൻ സെന്ററുകൾ എന്നിവയിലൂടെയും സ്റ്റാർട്ടപ്പ് മിഷനുമായി ബന്ധപ്പെടാൻ സാധിക്കും.
ആശയങ്ങൾക്ക് ഫണ്ടിംഗ്, കമ്പനി റജിസ്ട്രേഷൻ, ഇൻക്യുബേഷൻ, മാർക്കറ്റ് ആക്സസ് തുടങ്ങിയ നിരവധി പദ്ധതികളാണ് മിഷൻ നടപ്പാക്കുന്നത്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ എൽഎൽപിയോ ആയി റജിസ്റ്റർ ചെയ്ത്, സ്റ്റാർട്ടപ്പ് ഇന്ത്യയിൽ നിന്ന് DPIIT റിക്കഗ്നിഷൻ നേടിയാൽ സ്റ്റാർട്ടപ്പ് മിഷനിൽ റജിസ്റ്റർ ചെയ്യാമെന്നും ഇതിലൂടെ കേരളത്തിൽ അംഗീകൃത സ്റ്റാർട്ടപ്പായി കണക്കാക്കപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ 7,000ലധികം സ്റ്റാർട്ടപ്പുകളുണ്ട്. എംഎസ്എംഇ തലത്തിലുള്ള സംരംഭങ്ങളും ടെക്നോളജി അധിഷ്ഠിത സ്റ്റാർട്ടപ്പുകളും ഇതിലുൾപ്പെടുന്നു. ഫുഡ് ടെക്‌നോളജി, കൺസ്ട്രക്ഷൻ ടെക്‌നോളജി, അഗ്രിടെക് ഉൾപ്പെടെ എല്ലാ സെക്ടറുകളിലുമുള്ള സംരംഭങ്ങളെ മിഷൻ പിന്തുണയ്ക്കുന്നുണ്ടെന്നും സുമി സുകുമാരൻ പറഞ്ഞു.
സ്റ്റാർട്ടപ്പ് മിഷൻ സ്ഥാപിച്ച സൂപ്പർ ഫാബ് ലാബിലാണ് അഭിമുഖം നടന്നത്. എംഐടി ബോസ്റ്റൺ ഫാബ് ഫൗണ്ടേഷനുമായി സഹകരിച്ച് സ്ഥാപിച്ച ലോകത്തിലെ തന്നെ വലിയ ഫാബ് ലാബുകളിൽ ഒന്നാണിത്. ഡിജിറ്റൽ ഫാബ്രിക്കേഷൻ മേഖലയിൽ പരിശീലനം നൽകുന്ന ഈ ലാബിൽ, പ്രൊഡക്ട് ഡെവലപ്മെന്റിനായി ആവശ്യമായ അത്യാധുനിക മെഷിനറികൾ സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ പ്രാഥമിക എംവിഎപി (MVP) ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ ഇത് ഏറെ സഹായകമാണെന്ന് അവർ വ്യക്തമാക്കി. സ്റ്റാർട്ടപ്പ് മിഷനുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാമെന്നും, എല്ലാ കേന്ദ്രങ്ങളിലും ‘ഹോട്ട് സാറ്റർഡേ’ എന്ന പേരിൽ ഇന്നൊവേഷൻ ടൂറുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും സുമി സുകുമാരൻ വ്യക്തമാക്കി. ഈ ടൂറുകളിലൂടെ മിഷന്റെ വിവിധ പദ്ധതികൾ, സൗകര്യങ്ങൾ, ഫണ്ടിംഗ്–ഇൻക്യുബേഷൻ–മാർക്കറ്റ് ആക്സസ് സ്കീമുകൾ എന്നിവയെക്കുറിച്ച് വിശദമായി മനസ്സിലാക്കാം. കൂടാതെ, സ്റ്റാർട്ടപ്പ് മിഷന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ സജീവമാണെന്നും, എല്ലാ പ്രോഗ്രാമുകളുടെയും അപ്ഡേറ്റുകൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
Discover how the Kerala Startup Mission (KSUM) supports entrepreneurs with funding, incubation, and market access.