തുടർച്ചയായ മൂന്നാം വർഷവും ഒരുകോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). 2025 ജനുവരി മുതൽ ഡിസംബർ വരെ 1.15 കോടി യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇത് 2024നെ അപേക്ഷിച്ച് 4.85 ശതമാനം വർധനയാണ്. 2024ൽ കൊച്ചി വിമാനത്താവളം 1.09 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്.

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിനൊപ്പം അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനയുണ്ടായതായി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. 2025ലെ ഏറ്റവും തിരക്കേറിയ മാസം മെയ് മാസയിരുന്നു. ആ മാസം മാത്രം 11.07 ലക്ഷം യാത്രക്കാരാണ് കൊച്ചി വഴി യാത്ര ചെയ്തത്. ജനുവരിയിൽ 10.44 ലക്ഷം യാത്രക്കാരും ഡിസംബറിൽ 10.06 ലക്ഷം യാത്രക്കാരും കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തു.
എന്നാൽ വിമാന സർവീസുകളുടെ കാര്യത്തിൽ 2024നെ അപേക്ഷിച്ച് 2024ൽ എണ്ണക്കുറവുണ്ടായി. 2025ൽ 74,689 വിമാനങ്ങൾ സർവീസ് നടത്തിയപ്പോൾ 2024ൽ 75,074 വിമാനങ്ങളായിരുന്നു സർവീസ് നടത്തിയത്. ചില വിമാനക്കമ്പനികൾ സർവീസ് കുറച്ചതാണ് ഇതിന് കാരണം. വിമാനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും യാത്രക്കാരുടെ എണ്ണം വർധിച്ചത് സിയാലിനെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന ഘടകമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിൻ്റെ സമഗ്രമായ പരിവർത്തന പദ്ധതികളാണ് യാത്രക്കാരുടെ എണ്ണത്തിലെ സ്ഥിരമായ വളർച്ചയ്ക്ക് കാരണമെന്ന് സിയാൽ മനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
Kochi International Airport (CIAL) recorded 1.15 crore passengers in 2025, marking a 4.85% growth and crossing the 1 crore milestone for the third year in a row.
