ഇന്ത്യയിൽനിന്നുള്ള പ്രാദേശിക വിഭവ ശേഖരണം ശക്തിപ്പെടുത്താൻ എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിലേക്ക് ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ചരക്കുകൾ എത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ ഇന്ത്യയിൽ നിന്ന് 26 ശതമാനം ഉത്പന്നങ്ങളാണ് ലുലു ഗ്രൂപ്പ് ശേഖരിക്കുന്നതെന്നും ഇത് രണ്ട് വർഷത്തിനകം 35 ശതമാനമാക്കി ഉയർത്തുമെന്നും ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ യൂസഫലി പറഞ്ഞു.

ഇന്ത്യയിൽ നിന്ന് കൂടുതൽ വിഭവങ്ങൾ വാങ്ങി ലോക വിപണിയിൽ എത്തിക്കുകയാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക ഇ-കൊമേഴ്സ് കമ്പനികളുമായി പങ്കാളിത്തത്തിലേർപ്പെടും. ഇതിലൂടെ പെട്ടെന്നുണ്ടാകുന്ന വിലക്കയറ്റം തടയാം. ഓരോ വർഷവും 11000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് വാങ്ങുന്നത്. ഇത് ഇനിയും കൂടും. പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയാണ് ലുലു ഇന്ത്യയിൽ നിന്ന് ശേഖരിച്ച് ലോക വിപണിയിൽ എത്തിക്കുന്നത്. ഇന്ത്യയിൽ മുപ്പതിലധികം ഭക്ഷ്യ സംസ്കരണ, ഉത്പന്ന ശേഖരണ കേന്ദ്രങ്ങൾ ലുലു ഗ്രൂപ്പിനുണ്ട്. രാജ്യത്തെ വിവിധ ഗ്രാമങ്ങളിൽ നിന്ന് പഴവും പച്ചക്കറികളുമെല്ലാം ഇതുവഴിയാണ് ശേഖരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ജിസിസിക്കും ഇന്ത്യയ്ക്കും പുറമേ, മലേഷ്യ, ഊജിപ്ത്, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി 260ൽ അധികം റീട്ടേയിൽ സ്റ്റോറുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. യുഎസ്, യുകെ, ഇറ്റലി, സ്പെയിൻ, കാനഡ, തുർക്കി എന്നിവിടങ്ങളിൽ നിന്നും ഉത്പന്നങ്ങൾ ശേഖരിക്കാനായി ഗ്രൂപ്പിന് ഈ രാജ്യങ്ങളിലും ഉത്പന്ന ശേഖരണ കേന്ദ്രങ്ങളുണ്ട്.
Lulu Group Chairman M.A. Yusuff Ali announces plans to increase sourcing of Indian products from 26% to 35% within two years.To stabilize prices and boost exports, the retail giant will partner with local e-commerce players and utilize its 30+ food processing centers across India.
