സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള എഐ അധിഷ്ഠിത വെർച്വൽ അസിസ്റ്റന്റ് ‘സ്മാർട്ടി’ പ്രവർത്തനസജ്ജമായി. പൊതുജനങ്ങൾക്ക് വേണ്ടിയുള്ള തദ്ദേശ വകുപ്പിന്റെ എഐ കോൾ സെന്ററാണിത്. എല്ലാ ദിവസവും മുഴുവൻ സമയവും വിവരങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും പൗരന്മാർക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ച വിവരം ലഭ്യമാക്കുകയും, നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച വിവിധ സംശയനിവാരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.
+914712525100 ആണ് കോൾ സെന്റർ നമ്പർ. കെ സ്മാർട്ടിന്റെ ഭാഗമായി നിലവിൽ ലഭ്യമാക്കുന്ന കോൾ സെന്റർ സംവിധാനമാണ് പൂർണമായും വെർച്വൽ ആയും എഐ അധിഷ്ഠിതവുമായി മാറിയിരിക്കുന്നത്. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ സുഗമമായും സുതാര്യമായും ഉറപ്പാക്കാൻ ഈ വെർച്വൽ അസിസ്റ്റന്റ് സഹായകരമാവും. തദ്ദേശ സ്വയംഭരണ വകുപ്പും, ഇൻഫർമേഷൻ കേരള മിഷനും, ഇൻഫോ ലോജിക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത് .
എന്താണ് സ്മാർട്ടി?
AI കോളിംഗ് ബോട്ടും 3D അവതാർ-ടോക്ക്ബോട്ടും ആയ സാങ്കേതിക സംവിധാനമാണ് സ്മാർട്ടി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ, പഞ്ചായത്ത് ലൈസൻസ് നിയമങ്ങൾ, ജനന-മരണ, വിവാഹം പോലുള്ള സിവിൽ റജിസ്ട്രേഷൻ നിയമങ്ങൾ എന്നിവയെ കുറിച്ചുള്ള സംശയ നിവാരണങ്ങൾക്ക് വേണ്ടിയാണ് ഈ സൗകര്യം.
രണ്ട് തരത്തിലുള്ള എഐ പരിഹാരങ്ങളാണ് സ്മാർട്ടി വഴി ലഭ്യമാകുക. ആദ്യത്തേത് 3D അവതാർ ഉള്ള സഹായ ഐക്കൺ വഴി കെ സ്മാർട്ട് വെബ്‌സൈറ്റുമായി സംയോജിപ്പിച്ചിരിക്കുന്ന ടോക്ക്ബോട്ടാണ്. ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപന. ജനങ്ങൾക്ക് അവരുടെ സേവനവുമായി ബന്ധപ്പെട്ട എന്ത് സംശയനിവാരണവും നടത്താൻ ഇതിലൂടെ കഴിയും. ഈ സേവനം 24/7 സഹായം നൽകും. AI കോളിംഗ് സൊല്യൂഷനാണ് മറ്റൊരു സേവനം. കെട്ടിട നിയമങ്ങൾ, സിവിൽ റജിസ്ട്രേഷൻ, പഞ്ചായത്ത്, മുനിസിപ്പൽ ലൈസൻസ്, ഫയലുകളുടെ സ്റ്റാറ്റസ് എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മൊബൈൽ അല്ലെങ്കിൽ ലാൻഡ്‌ലൈൻ വഴി വെർച്വൽ അസിസ്റ്റന്റിനെ വിളിക്കാം.
നിയമങ്ങളേയും നിയന്ത്രണങ്ങളേയും കുറിച്ചുള്ള സംശയ നിവാരണത്തിന് വെർച്വൽ അസിസ്റ്റന്റ് സ്മാർട്ടി സഹായിക്കും. എല്ലാ അന്വേഷണങ്ങൾക്കും പിന്തുണയ്‌ക്കും വേണ്ടി ഈ സേവനം 24/7 ഉറപ്പാക്കും. മറ്റ് ഔദ്യോഗിക, അനൗദ്യോഗിക ചാനലുകളുടെ സഹായമില്ലാതെ തന്നെ അവശ്യ പ്രക്രിയകൾ, പെർമിറ്റുകൾ, സമയപരിധികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്നുള്ളതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
Kerala introduces ‘Smarty’, an AI-based virtual assistant for Local Self-Government services. Available 24/7 at +914712525100,it provides instant help on building rules, licenses, and registrations.
