ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ടങ്ങളുടെ നിർമാണോദ്ഘാടനം ജനുവരി 24ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമാണോദ്ഘാടനം നിർവഹിക്കുക. അടുത്ത ഘട്ടങ്ങളുടെ നിർമാണം 2028ൽ പൂർത്തീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആദ്യ കരാർ പ്രകാരം 2045ൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പുതുക്കിയ കരാർ പ്രകാരം 2028ൽ പദ്ധതി പൂർണത കൈവരിക്കും. 10,000 കോടി രൂപയാണ് പദ്ധതിക്കായി ചിലവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ഡിസംബർ മൂന്നിനാണ് വാണിജ്യാടിസ്ഥാനത്തിലുള്ള തുറമുഖത്തിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനോടകം 670 ഷിപ്പുകളിലായി 14.5 ലക്ഷം കണ്ടെയ്നറുകൾ തുറമുഖത്തെത്തി. ലോകത്തിലെ വമ്പൻ മദർഷിപ്പുകൾക്ക് തുറമുഖത്ത് എത്തിച്ചേരാൻ കഴിഞ്ഞത് അഭിമാന നേട്ടമാണ്. മുമ്പ് നിശ്ചയിച്ച ലക്ഷ്യത്തിന് അപ്പുറത്തേക്ക് പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു. വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്. കണ്ടെയ്നറുകളുടെ കരമാർഗ്ഗമുള്ള നീക്കത്തിനായി അപ്രോച്ച് റോഡും നിർമിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും 24ന് നടക്കും. സാമ്പത്തിക, കാർഷിക, തൊഴിൽ മേഖലകളിൽ വൻ പുരോഗതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്-മന്ത്രി പറഞ്ഞു.
Kerala CM Pinarayi Vijayan will inaugurate the next phase of Vizhinjam International Port on Jan 24. With a ₹10,000 crore investment, the project targets full completion by 2028. Read about the new port road and capacity upgrades.