നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ കൊച്ചി വാട്ടർ മെട്രോ. ഇതിനുപുറമേ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കടക്കം സർവീസ് നടത്താനും ലക്ഷ്യമിടുന്നു. ശൃംഖല വികസിപ്പിക്കുന്നതിനനുസരിച്ച് ബോട്ടുകളുടെ എണ്ണം വർധിപ്പിക്കാനും ഒരുങ്ങുകയാണ് വാട്ടർ മെട്രോ. നിലവിൽ 20 ബോട്ടുകളുടെ ഫ്ലീറ്റുമായാണ് വാട്ടർ മെട്രോ പ്രവർത്തിക്കുന്നത്. കൊച്ചി കപ്പൽശാലയിൽ മൂന്ന് ബോട്ടുകൾ കൂടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് വാട്ടർ മെട്രോ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ബോട്ടുകളുടെ നിർമാണം മികച്ച പുരോഗമിക്കുകയാണെന്ന് കൊച്ചിൻ ഷിപ്പ്യാർഡ് വക്താവും വ്യക്തമാക്കി.

അടുത്ത മാസം 15 ബോട്ടുകൾ കൂടി ചേർക്കാനുള്ള ടെൻഡറുകൾ നടക്കുമെന്ന് വാട്ടർ മെട്രോ പ്രതിനിധി പറഞ്ഞു. ബാക്കിയുള്ള ബോട്ടുകൾക്കായി വാട്ടർ മെട്രോ പൊതു-സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് പദ്ധതിയിടുന്നതായും ഉദ്യോഗസ്ഥൻ വിശദീകരിച്ചു. വരുമാനം വർധിപ്പിക്കുന്നതിനായി ടൂറിസ്റ്റ് റൂട്ടുകൾ പരിചയപ്പെടുത്തും. പ്രാന്തപ്രദേശങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കും. കൊച്ചി വാട്ടർ മെട്രോയുടെ ഈ ലക്ഷ്യത്തിന്റെ കേന്ദ്രബിന്ദുവാണ് ഫ്ലീറ്റ് വർദ്ധന. രണ്ട് മാസത്തിനുള്ളിൽ കടമക്കുടിയിലേക്കും പാലിയംതുരുത്തിലേക്കുമുള്ള സർവീസുകൾ ആരംഭിക്കും-വാട്ടർ മെട്രോ പ്രതിനിധി പറഞ്ഞു.
Kochi Water Metro is set to expand its fleet to connect Nedumbassery Airport and suburban areas like Kadamakkudy. Plans include adding 15 new boats and exploring PPP models to enhance city-wide reach.
